കുഞ്ഞുങ്ങളെ വിനയമുള്ളവരായി വളർത്താം ഈ മാർഗ്ഗങ്ങളിലൂടെ

വിനയവും അനുസരണയുമുള്ള കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ യശസ്സ് ഉയർത്തുന്നു. ഈ കുഞ്ഞുങ്ങൾ ആളുകളുടെയിടയിൽ ശ്രദ്ധാകേന്ദ്രമായി മാറുന്നു. കുഞ്ഞുങ്ങൾ എപ്പോഴും മറ്റുള്ളവരുടെ മുന്നിൽ വിനയവും വിധേയത്വവും പുലർത്തുന്നവരായിരിക്കണം എന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ, പലപ്പോഴും കുട്ടികൾ അതിനു നേരെ വിപരീതമായിട്ടായിരിക്കും പ്രവർത്തിക്കുക. ഇത് മാതാപിതാക്കളിൽ ചെറുതല്ലാത്ത വിഷമം ഉണ്ടാക്കാറുണ്ട്.

കുഞ്ഞുങ്ങളെ വിനയം ഉള്ളവരാക്കി വളർത്തുവാൻ ഏതാനും മാർഗ്ഗനിർദ്ദേശങ്ങൾ ഇതാ…

1. ദാസരായിരിക്കാന്‍ അവരെ പഠിപ്പിക്കുക

തന്റെ ശിഷ്യന്മാരിലൂടെയാണ് ക്രിസ്തു ലോകത്തെ പല കാര്യങ്ങളും പഠിപ്പിച്ചത്. ‘ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തെവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം’ എന്നാണ് ക്രിസ്തു പറയുന്നത്. നമ്മെയും നോക്കി ക്രിസ്തു ആവര്‍ത്തിച്ചു പറയുന്ന വാക്യമാണിത്. സേവകന്‍ ഒരിക്കലും അസഹിഷ്ണുതയുള്ളവനാകരുത്; അവന്‍ ദയാലുവും എല്ലാവരെയും സ്‌നേഹത്തോടെ പരിഗണിക്കുന്നവനുമാകണം.

ഇത്തരത്തില്‍ ദൈവത്തിനും മറ്റുള്ളവര്‍ക്കും സേവകരായിരിക്കാനുള്ള പാഠം കുട്ടികള്‍ക്ക് പകർന്നു നല്‍കുക. കുടുംബാംഗങ്ങളോടും അയല്‍ക്കാരോടും വിനയത്തോടെ പെരുമാറാന്‍ പഠിപ്പിക്കുക. അതിന് മാതാപിതാക്കൾ മാതൃക നൽകണം. കുഞ്ഞുങ്ങളുടെ ഭയം മാറ്റി, ആത്മവിശ്വാസം വളര്‍ത്തി, വളരാന്‍ അനുവദിക്കുക. വിനയത്തോടെ പെരുമാറുന്ന കുട്ടികളെ ആരും മാറ്റിനിര്‍ത്തില്ല എന്ന കാര്യം ഓര്‍മ്മിക്കുക.

2. ചെയ്ത തെറ്റുകള്‍ സമ്മതിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക

തെറ്റ് ചെയ്യുന്നതും പിഴവുകള്‍ സംഭവിക്കുന്നതും മനുഷ്യസഹജമാണെന്ന പാഠം കുഞ്ഞുങ്ങൾക്ക് നല്‍കുക. തെറ്റ് ചെയ്താല്‍ അത് സമ്മതിക്കാനും ഏറ്റെടുക്കാനും മിക്ക കുട്ടികളും തയ്യാറാകുകയില്ല. അതൊരു അഭിമാനക്കുറവ് പോലെയാണ് അവര്‍ക്ക്. എന്നാല്‍ ചെയ്ത തെറ്റ് അംഗീകരിക്കുന്നത് അഭിമാനമുള്ളവരുടെ പ്രവര്‍ത്തിയാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക.

ചെയ്ത തെറ്റ് ഏറ്റുപറയുന്ന കുട്ടികളെ ശാസിക്കാനോ വഴക്കു പറയാനോ മാതാപിതാക്കള്‍ മുതിരരുത്. അതവരെ സത്യം പറയുന്നതില്‍ നിന്ന് പിന്തിരിപ്പിക്കും. തങ്ങള്‍ക്ക് സംഭവിച്ച തെറ്റ് കുട്ടികളില്‍ നിന്ന് മറച്ചുപിടിക്കുന്ന മാതാപിതാക്കളുമുണ്ട്. അതും തെറ്റായ പ്രവണതയാണ്. ‘ഞാന്‍ തെറ്റ് ചെയ്തു. എന്നോട് ക്ഷമിക്കൂ…’ എന്ന് പരസ്പരം പറയുന്ന മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്ലൊരു മാതൃകയായിരിക്കും.

3. മറ്റുള്ളവരെ പരിഗണിക്കാനുള്ള പാടവം വളര്‍ത്തുക

മറ്റുള്ളവരെ പരിഗണിക്കുക എന്നത് വിനയമുള്ളവരുടെ ലക്ഷണമാണ്. വീടുകളില്‍ തന്നെ മറ്റുള്ളവരോടുള്ള പരിഗണനാമനോഭാവം കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്. കുട്ടികള്‍ക്ക് സ്വാഭാവികമായി ഈ കഴിവുണ്ടാവുകയില്ല. സഹകരണ മനോഭാവം കുട്ടികളില്‍ വളത്തിയെടുക്കേണ്ടത് രക്ഷിതാക്കളാണ്. സ്‌കൂളിലും അയല്‍പക്കങ്ങളിലും സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഏതെങ്കിലും രീതിയില്‍ ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കാന്‍ കുഞ്ഞുങ്ങളെ അനുവദിക്കുക.

4. നേട്ടങ്ങളെ അഭിനന്ദിക്കുക

കുട്ടികളുടെ നേട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്. അവയെ അവഗണിക്കുകയുമരുത്. ഏല്‍പ്പിച്ച ജോലി നന്നായി പൂര്‍ത്തിയാക്കിയാല്‍ നന്നായി എന്നൊരു വാക്ക് അവര്‍ക്ക് നല്‍കുക. അവരെ അവഗണിച്ചുള്ള പെരുമാറ്റം അവരെ നിരാശപ്പെടുത്തും. അക്കാദമിക് – സ്‌പോര്‍ട്‌സ് രംഗങ്ങളില്‍ മികവ് തെളിയിക്കുന്ന കുട്ടികളുടെ മനോഭാവത്തെ പരിശോധിക്കുക. അഭിനന്ദിക്കുന്നതില്‍ തെറ്റില്ല. പക്ഷേ കുട്ടികള്‍ അഹങ്കാരികളാകാതെ നോക്കുക. കഴിവുകള്‍ നല്‍കിയ ദൈവത്തിന് നന്ദി അര്‍പ്പിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക.

5. അചഞ്ചലമായ ആത്മീയത പകര്‍ന്ന് നല്‍കുക

കാര്യങ്ങള്‍ പഠിക്കാനും അനുകരിക്കാനും ആഗ്രഹിക്കുന്നവരാണ് കുട്ടികള്‍. എപ്പോഴും പോസിറ്റീവായി ചിന്തിക്കാനും പെരുമാറാനും കുട്ടികളെ പഠിപ്പിക്കുക. പോസിറ്റീവായി കുട്ടികളോട് ഇടപഴകുമ്പോള്‍ അവര്‍ നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ഉത്സാഹമുള്ളവരായി മാറും. അവരുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്ന രീതിയില്‍ പെരുമാറുക.

നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം മറക്കരുത്. കാപട്യത്തോടെ അവരോട് പെരുമാറരുത്. അവര്‍ അത് കണ്ടെത്തിയാല്‍ നിങ്ങളെ അവഗണിക്കാന്‍ കാരണമാകും. അതിനാല്‍ കുട്ടികള്‍ക്ക് മികച്ച മാതൃകയായി നിലകൊള്ളുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.