മരണത്തില്‍ വിറങ്ങലിച്ച് ഇറ്റലി; വൈദികരുടെ മരണം മുപ്പതായി

കൊറോണ വൈറസ് അതിഭീകരമായ രീതിയില്‍ ഇറ്റലിയില്‍ വ്യാപിക്കുമ്പോള്‍ നോര്‍ത്ത് ഇറ്റലിയുടെ സ്ഥിതി അത്യന്തം രൂക്ഷമാകുന്നു. നോര്‍ത്ത് ഇറ്റലിയില്‍ തന്നെ ഇരുപത്തിയെട്ടോളം വൈദികര്‍ കൊറോണ ബാധയാല്‍ മരണമടഞ്ഞു. രണ്ടുപേര്‍ മറ്റ് അസുഖങ്ങളാലും ആണ് മരണപ്പെട്ടത്.

മരിച്ച വൈദികരില്‍ മൂന്നുപേര്‍ ഒഴികെ എല്ലാവരും 70 വയസിന് മുകളില്‍ ഉള്ളവരാണ്. കൊറോണ വൈറസ് ബാധയേറ്റ് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരോഹിതൻ, പാർമ രൂപതയിലെ ഫാദര്‍ ആൻഡ്രിയ അവാൻസിനിക്ക് ആണ്.  54 വയസ്സായിരുന്നു അദ്ദേഹത്തിന്. മരിച്ച 11 പുരോഹിതന്മാർ ബെർഗാമോ രൂപതയിൽ നിന്നുള്ളവരാണ്. കുറഞ്ഞത് 15 പുരോഹിതന്മാരെയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് രൂപതാ അധികൃതര്‍ അറിയിച്ചു. വിവാഹവും ശവസംസ്കാരവും ഉൾപ്പെടെ എല്ലാ പൊതു മതപരമായ ചടങ്ങുകളും ഇറ്റാലിയൻ സർക്കാർ നിരോധിച്ചതിനാൽ മരണപ്പെട്ട വൈദികർക്ക് ലളിതമായ ശവസംസ്കാരമാണ് നടത്തുന്നത്.

രൂപതയിൽ ദുരിതമനുഭവിക്കുന്ന അനേകരുടെ വിവരങ്ങൾ മനസിലാക്കുവാൻ ഫ്രാൻസിസ് മാർപാപ്പ മാർച്ച് 18 ന് ബെർഗാമോ ബിഷപ്പിനെ ഫോണിൽ വിളിച്ച് സംസാരിക്കുകയുണ്ടായി. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് 35,700 പേരിൽ ഇറ്റലിയിൽ കൊറോണ വൈറസ് സ്ഥിരീകരിക്കുകയുണ്ടായി. ഇറ്റലിയിൽ മൂവായിരത്തോളം പേരാണ് വൈറസ് ബാധയാൽ മരണമടഞ്ഞത്.