ആര്‍ച്ചുബിഷപ്പ് പീയെര്‍ബാത്തിസ്ത പിത്സബാല്ല ജറുസലേമിലെ പുതിയ ലത്തീന്‍ പാത്രിയാര്‍ക്കീസ്

ആര്‍ച്ചുബിഷപ്പ് പീയെര്‍ബാത്തിസ്ത പിത്സബാല്ല ജറുസലേമിലെ പുതിയ ലത്തീന്‍ പാത്രിയാര്‍ക്കീസ്. ഫ്രാന്‍സിസ് പാപ്പാ ശനിയാഴ്ചയാണ് ഈ നിയമനം നടത്തിയത്.

ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കല്‍ ആസ്ഥാനത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ഫ്രാന്‍സിസ്‌ക്കന്‍ ഫ്രയേഴ്‌സ് മൈനര്‍ ഓര്‍ഡര്‍ അംഗമായ ആര്‍ച്ചുബിഷപ്പ് പിത്സബാല്ല ഇറ്റലിയിലെ ബേര്‍ഗമൊ പ്രവിശ്യയിലെ കൊളോഞ്ഞൊ സ്വദേശിയാണ്.

1965 ഏപ്രില്‍ 21-ന് ജനിച്ച അദ്ദേഹം ഫ്രാന്‍സിസ്‌ക്കന്‍ സമൂഹത്തില്‍ ചേരുകയും 1990 സെപ്റ്റംബര്‍ 15-ന് പൗരോഹിത്യം സ്വീകരിക്കുകയും ജറുസലേമില്‍ ബൈബിളില്‍ ഉപരിപഠനം നടത്തുകയും ചെയ്തു. 2004-ല്‍ വിശുദ്ധ നാട്ടിലെ പുണ്യസ്ഥലങ്ങളുടെ കാവല്‍ ചുമതലയേറ്റ ആര്‍ച്ചുബിഷപ്പ് പീയെര്‍ബാത്തിസ്ത പിത്സബാല്ല 2016 ഏപ്രില്‍ 16 വരെ ആ സേവനം തുടര്‍ന്നു.

2016 ജൂണ്‍ 24-ന് അദ്ദേഹം ആര്‍ച്ചുബിഷപ്പിന്റെ പദവിയോടെ ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കസ്ഥാനത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും അക്കൊല്ലം തന്നെ സെപ്റ്റംബര്‍ 10-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.