ഒരു ക്രിസ്തീയ ഹൃദയത്തോടെ ആമസോണിന്‍റെ യാഥാർത്ഥ്യത്തെ സമീപിക്കുക: ഫ്രാൻസിസ് പാപ്പാ

ഒരു ക്രിസ്തീയ ഹൃദയത്തോടെ ആമസോണിന്‍റെ യാഥാർത്ഥ്യത്തെ സമീപിക്കുകയും ക്രിസ്തുശിഷ്യന്‍റെ കണ്ണുകളിലൂടെ കാണുകയും മനസ്സിലാക്കുകയും വിശദീകരിക്കയുമാണ് ചെയ്യേണ്ടതെന്നും ഫ്രാൻസിസ് പാപ്പാ. സിനഡിന്‍റെ ഒരുക്കങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടു ആരംഭിച്ച തന്‍റെ ഉദ്ഘാടന പ്രഭാഷണത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

പരിശുദ്ധാത്മാവ് നമ്മിൽ നിക്ഷേപിക്കുന്ന സ്നേഹം നമ്മെ യേശുക്രിസ്തുവിനെ പ്രഖ്യാപിക്കാൻ നിർബന്ധിക്കുന്നു. അതിനാൽ അജപാലന ഹൃദയത്തോടും ശിഷ്യരുടേയും മിഷനറിമാരുടേയും കണ്ണുകളോടെയും ആമസോണിനെ പരിഗണിച്ച് അവിടത്തെ ജനങ്ങളുടെ ചരിത്രവും, സംസ്കാരവും, അറിവും, ബഹുമാനിച്ച് പ്രവര്‍ത്തിക്കണമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ആദർശപരമായ ഒരു കോളനിവൽക്കരണം ജനതകളുടെ വ്യക്തിസ്വഭാവത്തെ ഹനിക്കുമെന്നോർമ്മിപ്പിച്ച പാപ്പാ വ്യവസായീക തൽപ്പരതയാൽ ആമസോൺ ജനതകളെ പെരുമാറ്റച്ചട്ടങ്ങൾ പഠിപ്പിക്കുകയും അവരെ മെരുക്കുകയുമല്ല ചെയ്യേണ്ടതെന്നും ഇക്കാര്യം പലയിടങ്ങളിലും മറന്നു പോയ സഭ അകാര്യമോർത്ത് ഇന്നും പശ്ചാത്തപിക്കുന്നുണ്ടെന്നും അറിയിച്ചു.

ആശയസംഹിതകൾ അപകടകരമായ ആയുധമാണ്. ഒരു ജനതയെ വ്യാഖ്യാനിക്കാൻ ആശയസംഹിതകൾ പലപ്പോഴും ഉപയോഗിക്കുന്ന പ്രവണത കാണുന്നു. എന്നാൽ അവ പലപ്പോഴും അസംബന്ധ സിദ്ധാന്തങ്ങളായി മാറുകയാണ് ചെയ്യുന്നത്. നമ്മൾ ഇവിടെ വന്നിരിക്കുന്നത് ന്യൂനവികസന പരിപാടികൾ ആസൂത്രണം ചെയ്യാനല്ല, മറിച്ച് അവിടത്തെ ജനതകളെ മനസ്സിലാക്കാനും അവരെ സേവിക്കാനും, അത് ഒരു സിനഡൽ രീതിയിൽ പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്തിലും നിയന്ത്രണത്തിലും ചെയ്യാനുമാണ്. ഫ്രാൻസിസ് പാപ്പാ സൂചിപ്പിച്ചു.

എല്ലാ നാല് പ്രഭാഷണങ്ങൾക്ക് ശേഷവും നാല് മിനിറ്റ് നിശബ്ദത പാലിക്കണമെന്നും ഒരു സിനഡിലായിരിക്കുക എന്നാൽ ഒരു സഭാ പരിണാമക്രമത്തിൽ പ്രവേശിക്കയാണെന്നത് വളരെ അവശ്യഘടകമാണെന്നും അതിന് പരസ്പര ബഹുമാനവും, സാഹോദര്യ, സ്നേഹാന്തരീക്ഷവും ആവശ്യമാണെന്നും അറിയിച്ച പാപ്പാ അതിനാൽ പുറം ലോകത്തോടു വിവരങ്ങൾ കൈമാറുമ്പോൾ വിവേകവും സുശീലതയും പാലിക്കണമെന്നും ഓർമ്മിപ്പിച്ചു.