അഫ്ഗാനിസ്ഥാനിൽ ഏത് ഗവണ്മെന്റ് അധികാരത്തിലേറിയാലും വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കണം: പാപ്പാ

അഫ്ഗാനിസ്ഥാനിൽ ഏത് ഗവണ്മെന്റ് അധികാരത്തിലേറിയാലും കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കണമെന്ന് ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് 12 വയസ്സിനു ശേഷം പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിനെ താലിബാൻ എതിർക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പാപ്പായുടെ പ്രസ്താവന.

“ഈ കഷ്ടതയുടെ സമയത്ത് അഭയാർത്ഥികളായ അഫ്ഗാൻ ജനതയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. പുതിയൊരു ജീവിതത്തിനായി നിരവധി രാഷ്ട്രങ്ങൾ അവരെ സ്വാഗതം ചെയ്യുന്നതിനായി ഞാൻ പ്രാർത്ഥിക്കുന്നു. രാജ്യാന്തര കുടിയേറ്റം നടത്തിയ എല്ലാ ആളുകളെയും അവരുടെ സംരക്ഷണത്തിനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു” – പാപ്പാ പറഞ്ഞു. മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന എല്ലാ അഫ്ഗാനികൾക്കും സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ ഇടയാകട്ടെയെന്നും പാപ്പാ ആശംസിച്ചു.

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പിൻവാങ്ങിയതിനെ തുടർന്ന് മൂന്നാം തവണയാണ് രാജ്യത്തെ ഈ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി പാപ്പാ സംസാരിക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളാണ് അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള അവകാശം, ജോലിയിലേക്ക് മടങ്ങാനുള്ള അനുമതി, രാജ്യം ഭരിക്കുന്നതിൽ ഒരു പങ്ക് എന്നിവയായിരുന്നു അവരുടെ ആവശ്യങ്ങൾ. ശനിയാഴ്‌ച വീണ്ടും പ്രതിഷേധിക്കാൻ ശ്രമിച്ച സ്ത്രീകളെ പ്രത്യേകസേന ആകാശത്തേയ്ക്ക് വെടിവച്ചു കൊണ്ട് വിരട്ടിയോടിച്ചതായി അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.