പതിനേഴാം നൂറ്റാണ്ടിലെ രഹസ്യ ദൈവാലയം സംരക്ഷിച്ച് ആംസ്റ്റർഡാം കത്തോലിക്കർ

ക്രൈസ്തവ പീഡനങ്ങളുടെ നടുവിൽ കത്തോലിക്കർ രഹസ്യമായി ദൈവാരാധന നടത്തിയ നെതര്‍ലണ്ട്സിലെ ആംസ്റ്റർഡാമിലെ രഹസ്യ ദൈവാലയം സംരക്ഷിക്കുവാൻ തീരുമാനമായി. മ്യൂസിയമാക്കി മാറ്റിയ ഈ ദൈവാലയം, വാർഷിക സബ്‌സിഡി നിർത്തലാക്കിയതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനെതിരെ പതിനാറായിരത്തിലധികം ആളുകൾ നൽകിയ പരാതിയെ തുടർന്നാണ് ഈ രഹസ്യ ദൈവാലയം സംരക്ഷിക്കാൻ തീരുമാനമായത്.

ഔർ ലോർഡ് ഇൻ അറ്റിക് മ്യൂസിയം 1663-ൽ നിർമ്മിച്ച ഒന്നാണ്. ഈ ദൈവാലയത്തിന്റെ നിർമ്മാണത്തോടെ അന്നത്തെ കത്തോലിക്കർക്ക് രഹസ്യമായി തങ്ങളുടെ വിശ്വാസം സംരക്ഷിക്കുവാൻ കഴിഞ്ഞു. ആ കാലയളവിൽ ക്രൈസ്തവർക്ക് പരസ്യമായി വിശുദ്ധ കുർബാന അർപ്പിക്കുവാൻ അനുവാദമുണ്ടായിരുന്നില്ല. 1853-ൽ മതസ്വാതന്ത്ര്യം കത്തോലിക്കർക്ക് അനുവദിച്ചതിനു ശേഷമാണ് ഈ രഹസ്യ ദൈവാലയത്തെക്കു റിച്ച് അറിയുന്നത്. 1888-ൽ ഇത് മ്യൂസിയമാക്കി മാറ്റി. സന്ദർശകർ ഒരു ഭൂഗർഭതുരങ്കത്തിലൂടെയാണ് പള്ളിയിൽ പ്രവേശിക്കുന്നത്.

പ്രതിവർഷം ഒരുലക്ഷത്തിലധികം സഞ്ചാരികളെ ആകർഷിക്കുന്ന പള്ളി, ഒരു മ്യൂസിയമായി തുടരുമെന്ന് നഗരത്തിലെ ആർട്സ് ആന്റ് കൾച്ചർ കൗൺസിലർ ഉറപ്പു നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.