മരുന്നിനൊപ്പം തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം ചൊല്ലി കോവിഡിനെ അതിജീവിച്ച ഡോക്ടർ

ബിബിൻ മഠത്തിൽ

അമേരിക്കയിലെ ഒരു ആശുപത്രിയിൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ ജോലി ചെയ്യുന്ന ഡോ. ജൂലി ജോൺ, കോവിഡ് പോസിറ്റീവ് ആയിരുന്നു. ഒരു നിമിഷം തന്റെ ജീവിതം നിന്നുപോകുമെന്നു കരുതിയ അവസരത്തിൽ, തന്റെ രണ്ടു മക്കൾക്കുവേണ്ടി അവർ ഫെയർവെൽ വീഡിയോ പോലും റിക്കോർഡ് ചെയ്തു. എങ്കിലും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് അവർ തിരിച്ചുവന്നു. അവന്റെ ശക്തമായ കരത്താൽ തന്നെ മരണത്തില്‍ നിന്നു രക്ഷിച്ച ദൈവത്തിനു നന്ദി പറയുന്ന ഡോ. ജൂലിയെ ഈ വീഡിയോയിൽ കാണാം. ദൈവിക പരിപാലനയെക്കുറിച്ച് ഇന്റൻസീവ് കെയറിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയെ കുറിച്ച് ഫാ. ബിബിൻ മഠത്തിൽ എഴുതുന്നു.

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ഡോ. ജൂലിക്കും കോവിഡ് ബാധിക്കുന്നത്. ഒരു ഡോക്ടർ മാത്രമല്ല, ആറും എട്ടും വയസ്സുള്ള രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ് ജൂലി. 38 വയസുകാരിയായ ജൂലി രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. ചുമയും ശ്വാസതടസവും. ഈ സമയം ജൂലി വീട്ടിലായിരുന്നു മക്കളും കൂടെയുണ്ടായിരുന്നു.. ആദ്യം ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരെ വിളിക്കാമെന്നു കരുതിയെങ്കിലും കുട്ടികളുടെ മുന്നിലൂടെ ആശുപത്രിയിലേയ്ക്കു പോകുന്നത് അവരെ ഭയപ്പെടുത്തുമെന്ന കാരണത്താൽ അത് തൽക്കാലത്തേയ്ക്ക് വേണ്ടെന്നുവച്ചു.

തിരികെ മുറിയിലെത്തിയ ജൂലി ചിന്തിച്ചു: ഇനി ഞാൻ ഡോക്ടറല്ല. ഒരു രോഗിയും അമ്മയുമാണ്. ആ നിമിഷം മുതൽ ഒരു ഭയം അവരെ കീഴടക്കാൻ തുടങ്ങി. എന്നാൽ, ആ ഭയത്തിനു കീഴടങ്ങുവാന്‍ അവർ തയ്യാറായില്ല. തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം ചൊല്ലി അവള്‍ പ്രാർത്ഥിച്ചു. എനിക്ക് കുറച്ചുകൂടെ സമയം തരണം എന്ന് അവർ ആ സങ്കീർത്തനം ചൊല്ലി ആത്മാർത്ഥമായി യാചിച്ചു. ഈ രോഗത്തിന്റെ ഗുരുതരാവസ്ഥ അറിയാമായിരുന്നതിനാൽ തന്നെ കുട്ടികൾക്കായി ഒരു അവസാന സന്ദേശവും അവള്‍ തയാറാക്കി വച്ചിരുന്നു. തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്കു മാറി. ഡോ. ജൂലി ഇപ്പോഴും പൂർണ്ണമായും സുഖപ്പെട്ടിട്ടില്ല. ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ തിരികെ കുട്ടികളുടെ അടുത്തേയ്ക്കു മടങ്ങിയെത്താനാകും എന്ന പ്രതീക്ഷയിലാണ് അവർ.

ഡോ. ജൂലിയെയും കോവിഡ് ബാധിച്ച മറ്റു ലക്ഷക്കണക്കിനു രോഗികളെയും ഈ ആഴ്ചയിൽ ദൈവകരുണയ്ക്ക് സമർപ്പിച്ച് പ്രത്യേകം പ്രാർത്ഥിക്കാം. എല്ലാവർക്കും വലിയ ആഴ്ചയുടെ പ്രാർത്ഥനാമംഗളങ്ങൾ ആശംസിക്കുന്നു.

പത്തനംതിട്ടയിൽ ഒരു സാധാരണക്കാരി സ്ത്രീ തനിക്ക് രോഗസൗഖ്യം വന്നശേഷം ആരോഗ്യപ്രവർത്തകർക്കും തന്നെ സഹായിച്ചവർക്കും നന്ദി പറഞ്ഞശേഷം ദൈവത്തിനു നന്ദി പറഞ്ഞതിന്റെ പൊളിറ്റിക്കൽ കറക്റ്റ്നസ് നോക്കിയവരും ഈ വീഡിയോ കാണുന്നതു നല്ലതാണ്. വ്യക്തിജീവിതത്തിൽ നിന്ന് ദൈവത്തെ ആർക്കും ബലപ്രയോഗത്തിലൂടെ എടുത്തുമാറ്റാൻ കഴിയില്ല. ദൈവത്തെ മനസിലാക്കിയവർക്ക് അവിടുത്തേയ്ക്ക് നന്ദി അർപ്പിക്കാതിരിക്കാനും കഴിയില്ല.

ഫാ. ബിബിൻ മഠത്തിൽ