ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ നാളുകള്‍: ഒരു ഡീക്കന്‍ കൂടി

ആന്റണി വര്‍ഗീസ്‌

ജീസസ് യൂത്ത് മുന്നേറ്റത്തിന് ഇത് അനുഗ്രഹത്തിന്റെ നാളുകൾ. മുന്നേറ്റം കത്തോലിക്കാ സഭയ്ക്ക് നിരവധി വൈദീകരെയും സന്യസ്തരേയും സംഭാവന നൽകുകയും ഈ നാളുകളിൽ നൽകികൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ നാളുകളിൽ ജീസസ് യൂത്ത് മുന്നേറ്റം കർത്താവിന്റെ വലിയ കൃപയാൽ മഹത്വീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

തിരുവനന്തപുരം ജീസസ് യൂത്ത് സോണലിനെ സംബന്ധിച്ചിടത്തോളം, അതിൽ പ്രത്യേകിച്ച് സൗത്ത് സബ് സോണിനെ സംബന്ധിച്ചിടത്തോളം ആത്മ സന്തോഷത്തിന്റെയും കൃതജ്ഞതയുടെയും നാളുകളാണ് ഇത്. ഒപ്പം ഇരിക്കുകയും നടക്കുകയും കളി ചിരികളിൽ ഏർപ്പെടുകയും ഒരുമിച്ചിരുന്ന് ഉണ്ണുകയും ഉറങ്ങുകയും ചെയ്ത കൂട്ടത്തിൽ ഒരാളായ ബ്രദർ സ്റ്റെലിൻ ഡീക്കനായി അഭിഷേകം ചെയ്യപ്പെട്ട് കർത്താവിന്റെ പൗരോഹിത്യത്തിലേക്കുള്ള ചവിട്ടു പടികൾ കയറി തുടങ്ങിയിരിക്കുന്നു.

ചെറുപ്പം മുതലേ ഈശോയോടും സഭാ പ്രവർത്തനങ്ങളോടും ചേർന്നിരുന്ന വ്യക്തിയാണ് ഡീക്കനായി അഭിഷേകം ചെയ്യപ്പെട്ട ബ്രദർ സ്റ്റെലിൻ. എത്ര പ്രതിസന്ധികളുണ്ടായിരുന്നിട്ടും നോവിന്റെ അനുഭവങ്ങളുണ്ടായിരുന്നിട്ടും കർത്താവിൽ നിന്നോ അവിടത്തെ സ്നേഹത്തിൽ നിന്നോ മാറി ചിന്തിക്കാനോ  അകന്നുപോകുവാനോ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. കാരണം അത്രയ്ക്കും ഈശോയുമായി ഒരു ആത്മീയ ബന്ധം എപ്പോഴും കാത്തുസൂക്ഷിച്ച വ്യക്തിത്വമാണ് ഡീക്കന്റെത്. എല്ലാവരെയും ആകർഷിക്കുന്ന ഒരു വ്യക്തി പ്രഭാവത്തിന് ഉടമയാണ് ഡീക്കൻ സ്റ്റെലിൻ.

അദ്ദേഹത്തിലൂടെ എത്രയെത്ര പേരാണ് ഈശോയെ അനുഭവിച്ചിട്ടുള്ളതും ഈശോയിലേക്ക് കടന്നുവന്നിട്ടുള്ളതും. അത് ഒരു ചെറിയ ഗണമല്ല, വലിയ ഗണം തന്നെയാണ്. ഇത് ഒരുപാട് അനുഭവിച്ചിട്ടുള്ളവരാണ് ജീസസ് യൂത്ത് തിരുവനന്തപുരം സോണും സൗത്ത് സബ് സോണും. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഒരു ആത്മീയ ഉണർവ്വാണ് ഞങ്ങൾക്ക് നൽകിയിട്ടുള്ളത്. പ്രാർത്ഥനയിൽ വിട്ടുവീഴ്ചയില്ലാത്ത മനുഷ്യൻ, ഈശോയുടെ സ്നേഹത്തിൽ മതിമറന്ന് ജീവിക്കുന്ന മനുഷ്യൻ, ശാന്തനും സൗമ്യശീലനുമായ മനുഷ്യൻ, പ്രാർത്ഥനയിലും ദൈവസ്നേഹ ചൈതന്യത്തിൽ ജീവിക്കുന്നതിലും അത് പകർന്നു കൊടുക്കുന്നതിലും സദാ തൽപരനായ മനുഷ്യൻ. അങ്ങനെ അങ്ങനെ അദ്ദേഹത്തെക്കുറിച്ച് എത്രയെത്ര വിശേഷണങ്ങൾ.

ഒരു സമയത്ത് തിരുവനന്തപുരം ജീസസ് യൂത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ആളാണ് ഡീക്കൻ. പ്രത്യേകിച്ച് സൗത്ത് സബ് സോണിന്റെ വളർച്ചയിൽ. അങ്ങനെയൊരു സബ് സോൺ ഉണ്ടാകാൻ തന്നെ മുൻപന്തിയിൽ നിന്ന ആളാണ് അദ്ദേഹം. ഒരു ജീസസ് യൂത്തിന്റെ ഭാഗമായ അദ്ദേഹം അദ്ദേഹത്തിൽ ജ്വലിച്ചുനിന്ന ദൈവസ്നേഹത്തിന്റെ അഗ്നി കെടുത്തിക്കളയാതെ അതു മറ്റിടങ്ങളിലും മറ്റുള്ളവരിലും പ്രകാശിക്കണമെന്ന ചിന്തയോടെ, ആഗ്രഹത്തോടെ തന്റെ ഫെറോനയിലെയും മറ്റ് ഇടങ്ങളിലേയും ഇടവകകളിലും അവിടത്തെ യുവജനങ്ങളിലും പ്രകാശിക്കണമെന്ന പ്രവാചക ദൗത്യത്തോടെയുള്ള ആഗ്രഹവും പ്രാർത്ഥനയും വഴി തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ഒറ്റയ്ക്കായിരുന്നു തുടക്കമെങ്കിലും പിന്നീട് അദ്ദേഹത്തിൽ നിറഞ്ഞുനിന്ന ഈശോയുടെ അഗ്നി സ്വീകരിച്ച ഏതാനും പേരും അദ്ദേഹത്തോടൊപ്പം ഈശോയുടെ ഈ പദ്ധതിയിൽ പങ്കാളികളായി. സുവിശേഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള അദ്ദേഹത്തിന്റെ ഈ മാതൃക ഇന്നും സൗത്ത് സബ് സോണിലെ യുവജനങ്ങൾ പിന്തുടരുന്നു എന്നത് അദ്ദേഹത്തിനും അഭിമാനിക്കാം. ചിട്ടയായ ജീസസ് യൂത്തിന്റെ ജീവിതശൈലിയാണ് അനേകരെ ഈശോ യിലേക്കും ജീസസ് യൂത്ത് മുന്നേറ്റത്തിലേക്കും ആകർഷിച്ചത്. വ്യക്തിപരമായി ഞാനും നിരവധി തവണ അദ്ദേഹത്തിലൂടെ ഈശോയെ അനുഭവിച്ചിട്ടുണ്ട്. അത് എനിക്ക് എന്നും നല്ല ഓർമ്മകളാണ്.

നല്ലൊരു ജീവിതാന്തസിലേക്ക് പോകാമായിരുന്നു സമയത്താണ് അദ്ദേഹം ക്രിസ്തുവിന്റെ പുരോഹിതനാകാൻ തീരുമാനിച്ചത്. ആ തീരുമാനത്തിൽ ഉറച്ചു നിൽക്കാനും വൈദിക പരിശീലനത്തിന് പോകാനുമായി അദ്ദേഹം അനുഭവിക്കേണ്ടിവന്ന വേദനകളും നഷ്ടങ്ങളും പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും വളരെ വലുതാണ്. എങ്കിലും അതെല്ലാം ഈശോയിൽ സമർപ്പിച്ച് എടുത്ത തീരുമാനത്തിൽ ദൃഢ ചിത്തനായി നിന്നതിനെ ദൈവം മാനിച്ചു. ദൈവവിളികളെ പരിഹസിക്കുന്നവർ പറയുന്നതുപോലെ എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിലെടുത്ത തീരുമാനമല്ല ഇത്. തിരിച്ചറിവിന്റെ നാളിൽ, പക്വതയുടെ നാളിൽ പ്രായത്തെ തോൽപ്പിച്ച് പ്രാർത്ഥനയോടെ, ഒരുക്കത്തോടെ എടുത്ത തീരുമാനമാണ്. അത് ദൈവത്തിനും സ്വീകാര്യമായി.

കൊറോണയുടെ പശ്ചാത്തലത്തിൽ ആഡംബരങ്ങളൊന്നുമില്ലാതെ തന്റെ ജന്മദേശമായ തമിഴ്നാട് കന്യാകുമാരി ജില്ലയിലെ വള്ളവിള DSS സിസ്റ്റേഴ്സിന്റെ കോൺവെന്റിൽ വച്ചു നടന്ന ലളിതമായ ശുശ്രൂഷയിൽ ആർഭാടങ്ങളില്ലാത്ത ആളാരവങ്ങളില്ലാത്ത സമൂഹത്തിന്റെയും സഭയുടെയും മുൻപിൽ വച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ക്രിസ്തുദാസ് പിതാവിൽനിന്നും ഡീക്കനായി അഭിഷേകം ചെയ്യപ്പെട്ട് ശുശ്രൂഷ അധികാരത്തിലേക്ക് പ്രവേശിച്ചു. ഇനിയുള്ള നാളുകളും മാസങ്ങളും പൂർണ്ണ സമർപ്പണത്തിന്റെയും ഒരുക്കത്തിന്റെയും നാളുകളാണ്. തന്റെ ലക്ഷ്യത്തിലേക്കെത്താൻ സ്വപ്നത്തിലേക്കെത്താൻ അദ്ദേഹം നടന്നു നീങ്ങുകയാണ്. ഈശോയുടെ തിരുശരീരവും തിരുരക്തവും കൈകളിലേന്തിയ ബലിയർപ്പികനായിത്തീരുവാൻ.

അദ്ദേഹത്തെ ഓർത്ത് തിരുവനന്തപുരം ജീസസ് യൂത്തും സൗത്ത് സബ്സോണും ദൈവത്തിനു മുൻപിൽ നന്ദി അർപ്പിക്കുന്നു അഭിമാനിക്കുന്നു. അദ്ദേഹത്തിനു വേണ്ടിയുള്ള ഞങ്ങളുടെ പ്രാർത്ഥനയുടെ നാളുകളാണ് ഇനിയുള്ളതും.

പൗരോഹിത്യത്തിലേക്ക് ഉള്ള യാത്രയിൽ നേരിടേണ്ടിവരുന്ന നോവും നൊമ്പരങ്ങളും ഏതുതരം പ്രതിബന്ധങ്ങളായാലും ക്രിസ്തുവിൽ ശരണം വെച്ചു നീങ്ങാനും, പ്രാർത്ഥനയിൽ മുഴുകി ശുശ്രൂഷ ജീവിതത്തെ നവീകരിക്കാനും നല്ലൊരു വിശുദ്ധനായ വൈദികനായി തീരുവാനും ദൈവം തന്റെ ആത്മാവ് വഴി സമൃദ്ധമായി ഡീക്കനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ആന്റണി വര്‍ഗീസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.