നിങ്ങളോടു സംസാരിക്കുന്ന ആ പുരോഹിതൻ… 

ജയ്സൺ കുന്നേൽ

നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ ശക്തി തിരിച്ചറിഞ്ഞ ഒരു പുരോഹിതന്റെ ഹൃദയസ്പർശിയായ അനുഭവസാക്ഷ്യം.

ആറു വയസ്സുള്ള ഒരു പ്രോട്ടസ്റ്റന്റ്റ് ആൺകുട്ടി തന്റെ കത്തോലിക്കരായ കൂട്ടുകാർ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതു‌ കേട്ട് നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന മനഃപാഠമാക്കി.  അവനതു ഇഷ്ടമായിരുന്നതിനാൽ എന്നും ചൊല്ലി പ്രാർത്ഥിച്ചിരുന്നു.

ഒരു ദിവസം അവൻ മമ്മിയോടു പറഞ്ഞു: “മമ്മി, ഒന്നു കേട്ടേ… എത്ര സുന്ദരമായ പ്രാർത്ഥനയാണിത്.”

“ഇതു നീ മേലാൽ ചൊല്ലിപ്പോകരുത്.” അമ്മ ശകാരിച്ചു.

“വിഗ്രഹങ്ങളെ ആരാധിക്കുന്ന കത്തോലിക്കരുടെ അന്ധവിശ്വാസം വളർത്തുന്ന പ്രാർത്ഥനയാണിത്. മറിയം നമ്മെപ്പോലുള്ള ഒരു സ്ത്രീ മാത്രമാണ്. നീ ആ ബൈബിൾ എടുത്തു വായിക്കൂ. നമുക്കാവശ്യമായതെല്ലാം അതിലുണ്ട്.” അന്നുമുതൽ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലുന്നത് അവൻ നിർത്തി. ബൈബിൾ വായിക്കുന്നതു മാത്രമായി അവന്റെ ഏക ഭക്തകൃത്യം.

ഒരിക്കൽ സുവിശേഷം വായിക്കുന്നതിനിടയിൽ, മാലാഖ കന്യകയായ മറിയത്തെ അഭിസംബോധന ചെയ്യുന്നതു അവൻ വായിക്കാനിടയായി. വളരെ ഉത്സാഹത്തോടും സന്തോഷത്തോടും കൂടി അവൻ അമ്മയുടെ അടുക്കലേയ്ക്ക്‌  ഓടി.

“മമ്മി, നന്മ നിറഞ്ഞ മറിയമേ.. ഞാൻ ബൈബളിൽ കണ്ടെത്തി” ഒറ്റ ശ്വാസത്തിൽ അവൻ അമ്മയോടു പറഞ്ഞു.  ‘ദൈവകൃപ നിറഞ്ഞവളേ, സ്വസ്‌തി! കര്‍ത്താവ്‌ നിന്നോടു കൂടെ!’ (ലൂക്കാ 1:28) ‘നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം’ (ലൂക്കാ 1:42). “ഇതു ബൈബളിൽ ഉള്ളപ്പോൾ എങ്ങനെയാ മമ്മി നന്മ നിറഞ്ഞ മറിയം വിഗ്രഹാരാധകരുടെ പ്രാർത്ഥനയാകുന്നത്?” അമ്മയ്ക്കു ഉത്തരം നൽകാൻ കഴിഞ്ഞില്ല.

മറ്റൊരവസരത്തിൽ എലിസബത്ത് കന്യകാമറിയത്തെ അഭിസംബോധന ചെയ്യുന്നതും മറിയത്തിന്റെ മനോഹരമായ സ്ത്രോതഗീതത്തിൽ, ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും എന്ന മറിയത്തിന്റെ സ്വയം വെളിപ്പെടുത്തലും അവൻ കണ്ടെത്തി. അമ്മയോട് അനുവാദം ചോദിക്കാതെ തന്നെ, ഒരിക്കൽ നിർത്തിയ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന അവൻ വീണ്ടും പുനരാരംഭിച്ചു. രക്ഷകന്റെ അമ്മയായ മറിയത്തെ വിളിച്ചുകൊണ്ടുള്ള പ്രാർത്ഥന ജപിക്കുന്നതിൽ അവൻ അത്യധികം ആനന്ദം കണ്ടെത്തി. കാലങ്ങൾ കടന്നുപോയി. ആറുവയസ്സുകാരൻ പതിനാലെത്തിയ ഒരു കൗമാരക്കാരനായി.

ഒരിക്കൽ അവന്റെ കുടുംബം കന്യകാമറിയത്തെക്കുറിച്ചു സംസാരിക്കുന്നത് അവൻ കേട്ടു. “മറിയം നമ്മെപ്പോലെ ഒരു സാധാരണ സ്ത്രീ മാത്രമാണ്” അമ്മ വീണ്ടും അതു പറഞ്ഞപ്പോൾ അവനത് സഹിക്കാനായില്ല. അവൻ അവരുടെ സംസാരത്തിൽ ഇടപെട്ടു: “ആദത്തിന്റെ മറ്റു മക്കളെപ്പോൽ പാപത്തിന്റെ കറയേറ്റവളല്ല മറിയം. മാലാഖ അവളെ കൃപ നിറഞ്ഞവളേ എന്നും സ്ത്രീകളിൽ അനുഗ്രഹീതേ എന്നുമാണ്  വിളിച്ചത്. മറിയം യേശുവിന്റെ അമ്മയാണ്; അതുവഴി ദൈവമാതാവുമാണ്. ഇതിനെക്കാളും വലിയ മഹത്വം ഒരു സൃഷ്ടിക്കും അഭിലഷിക്കാനാവില്ല. സകല തലമുറകളും അവളെ ഭാഗ്യവതി എന്നുവിളിക്കും എന്ന് സുവിശേഷത്തിൽ പറയുന്നു. പക്ഷേ, നിങ്ങൾ അവളെ  നിന്ദിക്കാൻ ശ്രമിക്കുന്നു. സുവിശേഷത്തിന്റെ ചൈതന്യമല്ല നിങ്ങളുടേത്.”

മകന്റെ വാക്കുകൾ അമ്മയ്ക്കു വലിയ ദു:ഖം സമ്മാനിച്ചു: “എന്റെ ദൈവമേ, എന്റെ മകൻ കത്തോലിക്കാ സഭയിൽ, പോപ്പിന്റെ മതത്തിൽ ചേരാൻ പോകുവാണേ!” അവൾ നെടുവീർപ്പെട്ടു. അധികം വൈകാതെ തന്നെ കത്തോലിക്കാ സഭയുടെ ആധികാരികതയിൽ വിശ്വസിച്ച് അവൻ കത്തോലിക്കാ സഭയിൽ അംഗമായി. വളരെ തീക്ഷ്ണമതിയായ ഒരു വിശ്വാസ സാക്ഷിയായി.

കുറേ വർഷങ്ങൾക്കുശേഷം തന്റെ സഹോദരിയുടെ കല്യാണം കഴിഞ്ഞു എന്ന്  നമ്മുടെ കഥാനായകനു മനസ്സിലായി. അവന് സ്വന്തം സഹോദരിയെ കാണണമെന്നും അവളെ ചേർത്തുനിർത്തി ആശംസ നേരണമെന്നുമുണ്ടായിരുന്നു. പക്ഷേ, അവൾ അവനെ അവഗണിച്ചുകൊണ്ട് പുച്ഛത്തോടെ പറഞ്ഞു: “എന്റെ മക്കളെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിനക്കൊരറിവും ഇല്ല. അവരിൽ ആർക്കെങ്കിലും കത്തോലിക്കനാകാൻ ആഗ്രഹമുണ്ടായാൽ, മാർപാപ്പയുടെ മതം ആശ്ലേഷിക്കുന്നതിനെക്കാൾ അവരുടെ ഹൃദയത്തിൽ കഠാര കുത്തിയിറക്കി കൊല്ലുന്നതായിരിക്കും എനിക്കു താൽപര്യം.”

പൗലോസിന്റെ മാനസാന്തരത്തിനു മുമ്പുള്ള കാലഘട്ടത്തേയ്ക്കാണ് സ്വന്തം സഹോദരിയുടെ കോപവും നിരാശയും അവനെ കൊണ്ടുപോയത്. ദമാസ്ക്കസിലേയ്ക്കു പോയ പൗലോസ് കുതിരപ്പുറത്തു നിന്നു നിലംപതിച്ചതുപോലെ കഥാനായകന്റെ സഹോദരിയുടെ ജീവിതത്തിലും ഒരു വീഴ്ചയുണ്ടായി. അവളുടെ മക്കളിൽ ഒരാൾക്ക് ഗുരുതരമായ രോഗം പിടിപെട്ടു. ഡോക്ടർമാർ തിരിച്ചുവരവിന്റെ പ്രതീക്ഷ കൈവിട്ടു. സഹോദരിയുടെ മകന്റെ രോഗാവസ്ഥയിൽ വിദ്വേഷമോ നീരസമോ മനസ്സിൽ വയ്ക്കാതെ അവൻ സഹോദരിയെ അന്വേഷിച്ച് ആശുപത്രിയിലെത്തി. വാത്സല്യത്തോടെ അവളോടു പറഞ്ഞു: “പ്രിയ സോദരി, നിന്റെ കുഞ്ഞിന് സൗഖ്യം വേണം. അതാണ് നിന്റെ ഇപ്പോഴത്തെ ആവശ്യം. എങ്കിൽ നിന്നോട് ഞാനൊരു കാര്യം ചോദിച്ചോട്ടെ. നമുക്കൊരുമിച്ച് നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ഒരു പ്രാവശ്യം ചൊല്ലിയാലോ. നിന്റെ കുഞ്ഞ് സുഖപ്പെടുകയാണങ്കിൽ കത്തോലിക്കാ വിശ്വാസപ്രമാണങ്ങൾ പഠിക്കുമെന്നും അതിനുശേഷം കത്തോലിക്കാ വിശ്വാസം ശരിയാണന്ന നിഗമനത്തിൽ നീ എത്തിയാൽ, എന്തു ത്യാഗം സഹിച്ചും കത്തോലിക്കാ സഭയിൽ ചേരാമെന്നും ദൈവത്തോടു വാഗ്ദാനം ചെയ്യുക.”

സഹോദരന്റെ ഡിമാൻ്റിനോട് ആദ്യം വൈമനസ്യം കാണിച്ചുവെങ്കിലും മകന്റെ രോഗം ആ ഡിമാന്ടിനു കീഴടങ്ങാൻ അവളെ പ്രേരിപ്പിച്ചു. അവൾ സഹോദരനൊപ്പം നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയ്ക്കായി ആദ്യമായി ചുണ്ടുകൾ ചലിപ്പിച്ചു. അത്ഭുതം തന്നെ സംഭവിച്ചു. അടുത്ത ദിവസം സഹോദരിയുടെ മകൻ സുഖപ്പെട്ടു. സഹോദരി വാഗ്ദാനം നിറവേറ്റി. കത്തോലിക്കാ വിശ്വാസസംഹിതകൾ പഠിക്കാനാരംഭിച്ചു. സത്യം ബോധ്യമായപ്പോൾ കത്തോലിക്കാ സഭയിൽ സകുടുബം ചേർന്നു. അങ്ങനെ അവൾ വിശ്വാസതീക്ഷ്ണതയിൽ പൗലോസ് ശ്ലീഹായുടെ സഹോദരിയായി. തനിക്ക് അപ്പസ്തോലനായ, സ്വന്തം സഹോദരനെ സ്നേഹം കൊണ്ട് അവൾ കീഴടക്കാൻ തുടങ്ങി. ഫാ. ഫ്രാൻസീസ് ടക്ക് വെൽ തന്റെ ഒരു വചനസന്ദേശത്തിൽ പറഞ്ഞ കഥയാണിത്.

ഇനിയാണു യാർത്ഥ ട്വിസ്റ്റ്. പ്രിയ സഹോദരീ-സഹോദരന്മാരേ, കത്തോലിക്കനായ ആ ആൺകുട്ടി, സഹോദരിയെ കത്തോലിക്കാ വിശ്വാസത്തിലേയ്ക്കു  മാനസാന്തരപ്പെടുത്തിയ ആ ചെറുപ്പക്കാരൻ, തന്റെ ജീവിതം മുഴുവൻ ദൈവത്തിനു സമർപ്പിക്കാൻ തീരുമാനിച്ചു. ആ പുരോഹിതനാണ് നിങ്ങളോട് ഇപ്പോൾ സംസാരിക്കുന്നത്. പരിശുദ്ധ അമ്മയോട് ഞാൻ എത്ര മാത്രം കടപ്പെട്ടിരിക്കുന്നു!  പ്രിയ സഹോദരങ്ങളെ, പരിശുദ്ധ മറിയത്തെ പൂർണ്ണമായി സ്നേഹിക്കുവിൻ. ആ അമ്മയെ ബഹുമാനിക്കാതെ, ആ അമ്മയുടെ ജപമാല പ്രാർത്ഥന ജപിക്കാതെ ഒരു ദിവസവും നിങ്ങളുടെ ജീവിതത്തിൽ കടന്നുപോകരുത്.

വിവർത്തനം: ഫാ. ജയ്സൺ കുന്നേൽ MCBS