കോവിഡ് രോഗികൾക്കായി പ്രവർത്തിക്കുന്ന ഒരു ഇടവക വൈദികൻ

ഒരു പുതിയ ഇടവകയിലേയ്ക്ക് സ്ഥലം മാറി വരുന്ന വൈദികനെ സംബന്ധിച്ചിടത്തോളം പുതിയ ഇടവക എന്നത് അപരിചിതരായ ആളുകളുടെ കൂട്ടമാണ്. ആ അപരിചിതത്വം മാറുന്നത് വന്നതിനു ശേഷം ഉള്ള കൂട്ടായ്‍മകളിലൂടെയും പരിചയപ്പെടലുകളിലൂടെയും ആണ്. എന്നാൽ കോവിഡ് കാലത്ത് പുതിയ ഇടവകയിൽ എത്തിയ ഒരു വൈദികന്റെ ജീവിതമാണ് ഇവിടെ പരിചയപ്പെടുന്നത്. കോവിഡ് കാലം എന്ന് മാത്രമല്ല ഒരു പക്ഷെ കോവിഡ് മരണങ്ങളും ഏറെയുള്ള ആ ഇടവകയിൽ എത്തിയ വൈദികൻ ആദ്യം എടുത്ത പ്രതിജ്ഞ കോവിഡ് രോഗികൾക്കിടയിൽ ശുശ്രൂഷ ചെയ്യുക എന്നതാണ്. ക്വീൻസിലെ ഔർ ലേഡി ഓഫ് സോറോസ് ഇടവകയിൽ പുതിയയതായി സേവനം ചെയ്യുവാൻ എത്തിയ മാനുവൽ ഡി ജീസസ് റോഡ്രിഗസ് ആണ് ആ ധീര വൈദികൻ.

പുതിയ ഇടവക. പരിചിതമല്ലാത്ത ആളുകൾ. അതിലുപരി കൊറോണ മഹാമാരിയുടെ ഭീകര താണ്ഡവവും. ഈ ഒരു സാഹചര്യത്തിൽ വെറുതെ ഇരിക്കുവാൻ ആ വൈദികൻ തയ്യാറായിരുന്നില്ല. വെറുതെ കളയുവാൻ അദ്ദേഹത്തിന് സമയം ഇല്ലായിരുന്നു എന്ന് തന്നെ പറയാം. പ്രിയപ്പെട്ടവരുടെ വേർപാടിൽ, അതിലുപരി കൊറോണയുടെ സംഹാര താണ്ഡവത്തിൽ പകച്ചു നിന്ന തന്റെ ഇടവക ജനങ്ങള്‍ക്കായി അദ്ദേഹം പ്രവർത്തന സജ്ജമായി. അവരുടെ ആവശ്യങ്ങളിൽ ഓടിയെത്തി.

“കോവിഡ് മരണങ്ങൾക്കും രോഗബാധയ്ക്കും ഇടയിൽ വലഞ്ഞ ഈ ഇടവക സമൂഹത്തെ ഒരു കുടുംബം എന്ന നിലയിൽ സഹായിക്കുവാൻ തുടങ്ങി. പ്രതിസന്ധികൾ ഏറെയാണെങ്കിലും ഈ ദുരിതത്തിന് ഒരു അറുതി വരുത്തുവാൻ, മാനസികമായി അവരെ സഹായിക്കുവാൻ കഴിയും എന്ന പ്രതീക്ഷയിൽ ഞങ്ങൾ പ്രവർത്തനങ്ങൾ തുടരുകയാണ് ” -ഫാ. മാനുവൽ വെളിപ്പെടുത്തുന്നു.

ഇവിടെ വരുന്നതിനു മുൻപ് അദ്ദേഹം ആറു വർഷം ശുശ്രൂഷ ചെയ്തത് ജമൈക്കയിലെ ബ്ലെസ്ഡ് വിർജിൻ മേരി ദൈവാലയത്തിൽ ആയിരുന്നു. കൊറോണ വൈറസ് ഭീതിയാൽ നിറഞ്ഞ മറ്റൊരിടമായിരുന്നു അതും. ഈ പുതിയ നിയമനവും അദ്ദേഹത്തിന് മുന്നിൽ വയ്ക്കുന്ന വെല്ലുവിളികൾ ഏറെയാണ്. എങ്കിലും ദൈവത്തിൽ പ്രത്യാശയർപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുകയാണ് അദ്ദേഹം. ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് കോവിഡ് -19  കണക്കു പ്രകാരം 3,026 പേർ ക്വീൻസിൽ വൈറസ് ബാധയാൽ മരിച്ചു.

ഇത്രയധികം പ്രതിസന്ധികൾക്ക് നടുവിലാണ് കഴിയുന്നതെങ്കിലും ഇവർ ആഴമായ വിശ്വാസം മുറുകെ പിടിക്കുന്നവരാണ് എന്ന് ഫാ. മാനുവൽ പറയുന്നു. കൊറോണ ഭീതിയിൽ ദൈവാലയങ്ങളിലേയ്ക്ക് എത്തുന്ന ആളുകളുടെ എണ്ണം കുറയുമ്പോഴും കഴിഞ്ഞ വാരാന്ത്യത്തിൽ ഇദ്ദേഹത്തിന്റെ ദൈവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ പങ്കെടുത്തത് 1200 പേരാണ് എന്നത് അത്ഭുതം വര്‍ദ്ധിപ്പിക്കുന്നു. വിശ്വാസത്തിൽ ആഴപ്പെട്ട ഈ സമൂഹത്തോടൊപ്പം ദൈവത്തിൽ പ്രത്യാശ വച്ച് മുന്നോട്ട് പോവുകയാണ് ഈ വൈദികനും.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.