വിശക്കുന്നവർക്കായി കരുതലിന്റെ കരം വിരിച്ച് ‘മദേഴ്സ് മീൽ’

വിശക്കുന്നവർക്ക് കൈത്താങ്ങാവുക വലിയ ഒരു പുണ്യം തന്നെയാണ്. മനുഷ്യന്റെ  മനസ് മനസിലാക്കുവാന്‍ മനുഷ്യത്വം ഉള്ളവർക്ക് മാത്രമേ കഴിയൂ. അങ്ങനെ ഒരു മഹത്തായ കർമ്മത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് നമ്മുടെ രാജ്യത്ത്. ‘മദേഴ്സ് മീൽ’ എന്ന ഈ മൂവ്മെന്റിന്റെ ഉദ്‌ഘാടനം ഓഗസ്റ്റ് പതിനഞ്ചാം തീയതി മുൻ സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫും പാർലമെന്റ് അംഗവും മുൻ കാബിനറ്റ് മന്ത്രിയുമായ ശ്രീ കെ ജെ അൽഫോൻസും ചേർന്ന് നടത്തി. ആരും പട്ടിണി മൂലം മരിക്കരുത് എന്നതാണ് മദേഴ്സ് മീലിന്റെ ലക്ഷ്യം.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകനായ ക്ലരേഷ്യൻ വൈദികന്‍ ഡോ. ജോർജ്ജ് കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സാമൂഹിക പ്രവർത്തകർ ആരംഭിച്ച പ്രസ്ഥാനമാണ് മദേഴ്സ് മീൽ. കഴിഞ്ഞ മുപ്പതു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോപ്പ് ആന്റി ആഡിക്ഷൻ ആക്ഷൻ ഗ്രൂപ്പ് സൊസൈറ്റിയുടെ കീഴിൽ അദ്ദേഹം നടപ്പിലാക്കുന്ന നൂതന ആശയമാണ് ഇത്.

‘ഫാമിലി ടു ഫാമിലി സപ്പോർട്ട്’ എന്ന പുതിയ ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഈ പുതിയ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം ഒരേസമയം 28 സംസ്ഥാനങ്ങളിലെ 55 സ്ഥലങ്ങളിലും രാജ്യത്തെ എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടന്നു. ഇതിലൂടെ ഏതാണ്ട് ആയിരത്തിലധികം കുടുംബങ്ങൾക്ക് ഉദ്‌ഘാടന ദിവസം തന്നെ സഹായം എത്തിക്കുവാൻ ‘മദേഴ്സ് മീൽ’ മൂവ്മെന്റിന് കഴിഞ്ഞു. OXFAM മും വേൾഡ് ഫുഡ് പ്രോഗ്രാമും നൽകുന്ന വിവരങ്ങൾ അനുസരിച്ച് ആഗോളതലത്തിൽ കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധിയും പട്ടിണിയും മൂലം പ്രതിദിനം 12,000 ആളുകൾ മരിക്കാനിടയുണ്ട്. ഇത് ഒരുപക്ഷെ കോവിഡ് രോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ഈ സാഹചര്യത്തിൽ ഒരു ദശലക്ഷം ആളുകൾക്ക് ഒരു നിശ്ചിത കാലയളവിൽ പിന്തുണ നൽകുക എന്നതാണ് മദേഴ്സ് മീൽ ലക്ഷ്യം വയ്ക്കുന്നത് എന്ന് പ്രൊജക്റ്റ് വിഷൻ ഡയറക്ടർ ഫാ. ജോർജ്ജ് കണ്ണന്താനം വെളിപ്പെടുത്തുന്നു.

വൈകല്യമുള്ളവരുടെ കുടുംബങ്ങൾ, വിധവകൾ, രോഗങ്ങളാൽ വലയുന്നവർ, ഗോത്രവർഗക്കാർ, കൊറോണ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധികൾ കാരണം ദാരിദ്ര്യത്തിലേക്കും വിശപ്പിലേക്കും കൂടുതൽ തള്ളിവിടുന്ന വിഭാഗങ്ങൾ അങ്ങനെ സമൂഹത്തിലെ മിക്ക ദുർബല വിഭാഗങ്ങളെയും മദേഴ്‌സ് മീൽ പ്രോഗ്രാമിന്റെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തുകൊണ്ടാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. ആന്ധ്രയിലെ ഗുണ്ടൂരിലെ മുക്തി റെയിൽ‌വേ സ്റ്റേഷനിൽ ഭിക്ഷക്കാർക്ക് കിറ്റുകൾ നൽകിയപ്പോൾ തമിഴ്‌നാട്ടിലെ കാഴ്ചയില്ലാത്ത 25 പേർക്ക് നാഷണൽ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പിന്തുണ നൽകി. ഡെറാഡൂൺ ആസ്ഥാനമായുള്ള വേസ്റ്റ് വാരിയേഴ്സ് സംഘടന മാലിന്യ തൊഴിലാളികൾക്ക് സഹായം നൽകി. മുംബൈയിലെ സിഡിഐ ലൈംഗികത്തൊഴിലാളികളെയും എച്ച്ഐവി ബാധിതരായ കുടുംബങ്ങളെയും പിന്തുണച്ചു. പല ക്രിസ്ത്യൻ സംഘടനകളുടെയും അൽമായരുടെയും സഹായത്തോടെയാണ് അതിജീവനത്തിനായുള്ള ഈ കിറ്റുകൾ ആവശ്യക്കാരിലേയ്ക്ക് എത്തുന്നത്.

കേരളത്തിൽ അഞ്ച് സ്ഥലങ്ങളിൽ മദേഴ്സ് മീൽ പ്രസ്ഥാനം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. വിൻസെന്റ് ഡി പോൾ സൊസൈറ്റി വഴി വയനാട്ടിലും ജീസസ് യൂത്ത് വഴി കോട്ടയത്തും ആണ് ഇത് വിതരണം ചെയ്തത്. അടുത്തിടെ അന്തരിച്ച ഫാ. ജോർജ്ജിന്റെ അമ്മ ബ്രിജിറ്റിന്റെ പ്രചോദനത്തിൽ നിന്ന് മകളും ദുരിതത്തിലായ കുടുംബങ്ങൾക്കായി കിറ്റുകൾ വിതരണം ചെയ്തു.

ഇത് കൂടാതെ കോവിഡ് കാലത്ത് പട്ടിണിയിലാഴ്ന്ന കുടുംബങ്ങൾക്ക് സഹായമായി കോവിഡ് കെയർ ബാംഗ്ലൂരും കൊണ്ടുവന്നു. ഈ പദ്ദതിയുടെ കീഴിൽ ഏകദേശം രണ്ടു ലക്ഷത്തോളം ആളുകൾക്കു സഹായം നൽകാൻ ഇവർക്ക് കഴിഞ്ഞു.

For Details contact :
Fr George Kannanthanam – 9845811515 / 7063396563
Sibu George – 9448071973

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.