ദുരന്തത്തിന് ഒരു മാസം: 29ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഡോ. സൂസപാക്യം

തിരുവനന്തപുരം: ദുരന്തം വിതച്ച് ഓഖി ചുഴലിക്കാറ്റ് വീശിടയടിച്ച് ഒരു മാസം തികയുന്ന 29ന് മരണമടഞ്ഞവരെയും കാണാതായവരെയും അനുസ്മരിച്ച് ദിവ്യബലിയും അനുസ്മരണ സമ്മേളനവും നടത്തുമെന്ന് തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അതിരൂപതയുടെ ഒന്നാം ഘട്ട പുനരധിവാസ പദ്ധതിയുടെ ഏകദേശ രൂപം നല്‍കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിരൂപതയിലെ പള്ളികളില്‍ വായിക്കുന്നതിനായി തയാറാക്കിയിരിക്കുന്ന ഇടയലേഖനത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഇന്നു പള്ളികളില്‍ സ്വീകരിക്കുന്ന കാണിക്കയും സംഭാവനകളും പൂര്‍ണമായും പുനരധിവാസത്തിനു പ്രയോജനപ്പെടുത്തും. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ദുരിതാശ്വാസ പാക്കേജിനോടൊപ്പം സഭാതലത്തില്‍ അതിരൂപത ഇടവക തലത്തില്‍നിന്നു സാധ്യമായ വിഭവങ്ങളെല്ലാം സമാഹരിച്ച് പടിപടിയായ പുനരധിവാസ പദ്ധതിക്കു രൂപം കൊടുത്തു കൊണ്ടിരിക്കുകയാണ്. സമാഹരിക്കുന്ന സംഭാവനകളൊന്നും തന്നെ ഒരു പൈസ പോലും ചോര്‍ന്നു പോകാതെ അങ്ങേയറ്റം സുതാര്യമായി ഈ പദ്ധതി മുന്നോട്ടു കൊണ്ടു പോകാനാകണമെന്നും ഇടയലേഖനത്തില്‍ പറയുന്നു.

സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ ആരെയും അനുവദിക്കരുത്. സ്‌നേഹത്തോടെ പരസ്പരം സഹകരിച്ചു മുന്നോട്ടു പോയാല്‍ ഇന്നത്തെ പ്രതിസന്ധിയെ തരണം ചെയ്യുക മാത്രമല്ല, വികസനത്തിന്റെ പാതയിലൂടെ മുന്നോട്ടു പോകാനും സാധിക്കും. രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദിയും ഇടയലേഖനത്തിലൂടെ അദ്ദേഹം അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.