ഗ്വാട്ടിമാലയിലെ പാവങ്ങൾക്ക് ആശ്വാസമായി വൈദികനും സന്നദ്ധ സംഘടനയും

വിശുദ്ധ ബലിയർപ്പണത്തിലും കൂദാശാ പരികർമ്മങ്ങളിലും മാത്രം ഒതുങ്ങേണ്ടതല്ല ഒരു പുരോഹിതന്റെ ജീവിതം എന്ന് തെളിയിക്കുന്ന പ്രവർത്തനങ്ങളിലാണ് ബെൽജിയൻ മിഷനറി കൂടിയായ ഫാ. ജീൻ മേരി ബോക്സസ് ഏർപ്പെട്ടിരിക്കുന്നത്. ഗ്വാട്ടിമാലയിലെ പാവപ്പെട്ടവർക്കിടയിലാണ് ‘വേൾഡ് നെയിബർ’ എന്ന സംഘടനയോട് ചേർന്നുള്ള അദ്ദേഹത്തിന്റെ ശുശ്രൂഷ.  പാവപ്പെട്ടവരെ പുരോഗതിയിലേക്ക് നയിക്കുക, അവരെ എല്ലാക്കാര്യത്തിലും സ്വയം പര്യാപ്തരാക്കുക എന്നിവയാണ്  ‘ലാ പാസ്റ്ററൽ’ എന്ന പേരിൽ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ലക്ഷ്യം.

 1965ൽ വൈദികനായി അഭിഷിക്തനായ ഇദ്ദേഹം ഒരു വർഷത്തിനുശേഷമാണ് ഗ്വാട്ടിമാലയിൽ എത്തിയത്. ആഭ്യന്തര കലാപം നടന്നിരുന്ന അവിടെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയ ഫാ. ബോക്സസിന് ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും കലാപത്തിന് നേതൃത്വം നൽകിയിരുന്ന ഗറില്ലകളുടെ ഭാഗത്തുനിന്നും ഭീഷണികൾ നേരിട്ടിരുന്നു. ആളുകളെ അടുത്തറിയാൻ കുർബാനയ്ക്കുശേഷം ഫുട്ബോൾ മത്സരങ്ങൾ പോലുള്ളവ സംഘടിപ്പിച്ചു. അതിലൂടെയൊക്കെ ആളുകൾ അദ്ദേഹത്തിൽ ആകൃഷ്ടനായി. എളുപ്പത്തിൽ തീപിടുത്തം ഉണ്ടാവുന്ന രീതിയിലുള്ള വീടുകളായിരുന്നതിനാൽ അവിടെ തീപിടുത്തം പതിവായിരുന്നു. ഇക്കാരണത്താൽ ഫാ. ബോക്സസ് പലപ്പോഴും അഗ്നിശമനസേനാംഗത്തിന്റെ ജോലിയും ചെയ്തിരുന്നു. കൂടാതെ പരിക്കേറ്റവര്‍ക്ക് ചികിത്സ കൊടുക്കുന്നതും ബാക്കിയുള്ളവരെ സാധാരണ ജീവിതത്തിലേക്ക്  മടക്കികൊണ്ടുവരുന്നതുമെല്ലാം അക്കൂട്ടത്തിൽ പെട്ടിരുന്നു.

പിന്നീടാണ് സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി മാത്രം കൃഷി ചെയ്തിരുന്ന കർഷകരെ ലാഭക്കൃഷി പ്രോത്സാഹിപ്പിക്കുന്ന ‘വേൾഡ് നെയിബറി’ നെക്കുറിച്ച് ഫാ. ബോക്സസ് അറിഞ്ഞത്. കൃഷിയിലും കർഷകരിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല, വേൾഡ് നെയിബറിന്റെ പ്രവർത്തനങ്ങൾ. സ്ത്രീകൾക്കായി ചെറിയ സേവിംഗ്സ് സ്കീമുകളും കൂടാതെ ശാരീരിക ശുചിത്വം, പരിസ്ഥിതി ശുചിത്വം പോലുള്ള കാര്യങ്ങളിൽ ബോധവത്കരണവും ഇവർ നൽകി വരുന്നുണ്ട്. പോഷകാഹാരം, ഭക്ഷണക്രമം എന്നീ കാര്യങ്ങളിൽ അറിവുനൽകുക, കൂടുതൽ വിളവും ലാഭവും പോഷകഗുണങ്ങളുമുള്ള കൃഷി പ്രോത്സാഹിപ്പിക്കുക, അതിനുള്ള സഹായങ്ങൾ നൽകുക, ശാരീരിക, പാരിസ്ഥിതിക ശുചിത്വം പ്രോത്സാഹിപ്പിക്കുക എന്നീ മൂന്ന് കാര്യങ്ങളാണ് വേൾഡ് നെയിബറിനോട് ചേർന്ന് ഫാ. ബോക്സസ് ചെയ്തുവരുന്നത്. ആഗോള തലത്തിൽ പോലും പ്രശസ്തിയാർജിച്ച ഇദ്ദേഹത്തിന്റെ സേവനം ഇന്ന് അനേകർക്ക് ആശ്വാസമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.