വി. അല്‍ഫോന്‍സാമ്മ – സമര്‍പ്പിതതേജോഗോളം

വിശുദ്ധിയുടെ പരിമളം പരത്തി, ആര്‍ഷഭാരതത്തിന്റെ അഭിമാനമായിത്തീര്‍ന്ന അല്‍ഫോന്‍സാമ്മയുടെ അര്‍പ്പണജീവിതം ലോകത്തിന്റെ മുമ്പില്‍ ഒരു തേജോഗോളമായി ഉയര്‍ന്നു നില്‍ക്കുന്നു. ഭൗതികനേട്ടങ്ങള്‍ വെറും ജലരേഖയെന്ന് തിരിച്ചറിയാന്‍ വൈകുന്ന ആധുനികലോകത്തില്‍, ദൈവപിതാവിലേക്കുള്ള യാത്രയില്‍ നമ്മെ സഹായിക്കുന്ന സമര്‍പ്പിതജ്യോതിസ്സാണ് വി. അല്‍ഫോന്‍സാമ്മ.

ദൈവീകസ്‌നേഹം ആവോളം അനുഭവിച്ചറിഞ്ഞ് അതു തന്റെ സഹോദരങ്ങള്‍ക്ക് വേണ്ടുവോളം പകര്‍ന്ന് സ്വയം ഒരു ബലിയായി, സ്‌നേഹബലിയായി തന്നെത്തന്നെ അര്‍പ്പിച്ച ഈ ധീരകന്യക സ്‌നേഹത്തിന്റെ വീരഗാഥ മുഴക്കി വിശുദ്ധിയുടെ കിരീടം ചൂടി. സഹനങ്ങളെ ഒഴിവാക്കാന്‍ വെമ്പല്‍കൊള്ളുന്നവര്‍ക്കിടയില്‍ സഹനം സ്‌നേഹമാണെന്ന് തന്റെ ജീവിതം കൊണ്ട് വിശുദ്ധ തെളിയിച്ചു. സുഖം തേടിയുള്ള യാത്രയില്‍ കാലിടറി വീണ് തകര്‍ച്ചയിലേക്ക് നിപതിക്കുന്ന മനുഷ്യന്റെ മുമ്പില്‍ സാന്ത്വനത്തിന്റെ സങ്കീര്‍ത്തനമാണ് വിശുദ്ധയുടെ ജീവിതം. ചരിത്രവഴികളില്‍ പാദങ്ങളുറപ്പിച്ചു ചവിട്ടിയ അല്‍ഫോന്‍സാമ്മ വിശുദ്ധിയുടെ വിളഭൂമിയില്‍ വിളഞ്ഞ നൂറുമേനിയാണ്. ഹൃദയം നിറയെ സ്‌നേഹവും അധരം നിറയെ പുഞ്ചിരിയും വി. അല്‍ഫോന്‍സാമ്മയെ മറ്റുള്ളവരില്‍നിന്നും വ്യതിരിക്തയാക്കി.

വിശുദ്ധയുടെ ജീവിതം പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും നട്ടം തിരിയുന്ന ആധുനിക ലോകത്തെ വിസ്മയിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇന്നത്തെ ലോകത്തിന്റെ സാമാന്യ വിലയിരുത്തലുകളും നിര്‍ണ്ണയങ്ങളും ഈ വ്യക്തിത്വത്തിനു മുന്‍പില്‍ കടപുഴകി വീഴുന്നു. ഭൗതികതയും ആത്മീയതയും തമ്മിലുള്ള അതിര്‍വരമ്പ് വിശുദ്ധിയിലൂടെ ദൈവം വ്യക്തമാക്കിത്തന്നു. നിലാവെളിച്ചത്തില്‍ പ്രഭ തൂകി നമ്മുടെ മുമ്പില്‍ പ്രകാശിച്ചു നില്‍ക്കുന്ന വി. അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മുടെ ജീവിതവീഥികളില്‍ പ്രകാശം ചൊരിയുന്നു.

സി. സെലിന്‍ തെരേസ് എഫ്. സി. സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.