നന്മകളെ തിരിച്ചറിയാന്‍ ഒരു നോമ്പുകാലം 

    നോമ്പുകാലം അതിന്റെ പാതിവഴിയിലേയ്ക്ക് കടക്കുകയാണ്. പ്രാര്‍ത്ഥനയും പരിഹാരപ്രവര്‍ത്തികളുമായി ഈശോയുടെ ഉത്ഥാനത്തിനായി ഒരുങ്ങുന്ന സമയം. ഈ നോമ്പുകാലം ഒരു നന്മയുടെ കണ്ടെത്തലായി മാറ്റിയാലോ?

    ഇന്ന് എവിടെ നോക്കിയാലും അപരന്റെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുവാനും അവ പരത്തുവാനുമുള്ള വ്യഗ്രതയാണ് കാണപ്പെടുന്നത്. മറ്റുള്ളവര്‍ക്കു നേരെ നീളപ്പെടുന്ന അനേകം ചൂണ്ടുവിരലുകള്‍ക്കിടയിലാണ് നാം ജീവിക്കുന്നത്. ഇവിടെയാണ് ഈ നോമ്പുകാലം മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത്. മറ്റുള്ളവരിലെ നന്മ കണ്ടെത്തുവാന്‍ മടിക്കുന്നവരുടെ ലോകത്തില്‍, നന്മയിലൂടെ എല്ലാവരെയും സ്‌നേഹിച്ച് കടന്നുപോയ ഈശോയുടെ മാതൃക നമുക്കും അനുകരിക്കാം. അതിനായി ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങള്‍ ഇതാ:

    1. പാപിയെയും ചുങ്കക്കാരനെയും സ്‌നേഹിച്ച ഈശോയെ ധ്യാനിക്കാം 

    ദൈവത്തിനു മുന്നില്‍ പാപിയെന്നോ നല്ലവനെന്നോ ദരിദ്രനെന്നോ ഉള്ള വേര്‍തിരിവുകളില്ല. അവന്‍ പാപികളെ വിളിക്കുവാനായാണ് വന്നത്. ആ ഈശോ തന്നെയാകണം ഈ നോമ്പുകാലത്ത് നമ്മുടെ മാതൃകയും ധ്യാനവിഷയവും. ചെറിയവനെന്നും വലിയവനെന്നുമുള്ള നമ്മുടെ ധാരണകളെ തിരുത്താം. വിശാലമനസ്സോടെ എല്ലാവരെയും സ്‌നേഹിക്കാന്‍ ശ്രമിക്കാം. ആവശ്യക്കാരിലേയ്ക്ക് ഓടിയെത്താം. സഹായങ്ങള്‍ ചെയ്യാം. അങ്ങനെ നോമ്പുകാലം മാറ്റത്തിന്റെ വിത്തുകള്‍ പാകാം.

    2. മറ്റുള്ളവരിലെ നന്മ കണ്ടെത്താം 

    നോമ്പുകാലത്ത് നമുക്ക് നമ്മുടെ ചുറ്റുമുള്ളവരിലെ നന്മകള്‍ കണ്ടെത്താം. അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാം. മറ്റുള്ളവരുടെയുള്ളിലെ നന്മകള്‍ കണ്ടെത്തുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ നാം അവരിലേയ്ക്ക് സന്തോഷവും സ്‌നേഹവും പകരുകയും അവരുടെ വ്യക്തിത്വത്തെ ആദരിക്കുകയും കൂടി ചെയ്യുകയാണ് എന്നത് മറക്കേണ്ടാ. നാം നല്ലത് പറയുമ്പോള്‍ നല്ലത് കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ മനസ്സും പോസിറ്റീവ് ആകും. ഒപ്പം മറ്റുള്ളവരുടെ മുന്നില്‍ നാം മതിപ്പുള്ളവരാകുകയും ചെയ്യും.

    3. പരദൂഷണം ഒഴിവാക്കാം

    നോമ്പുകാലത്ത് ഒഴിവാക്കേണ്ട ഒരു പ്രധാന തിന്മയാണ് പരദൂഷണം. പരദൂഷണം ഒരാളെ കൊല്ലുന്നതിന് തുല്യമാണെന്ന് ഫ്രാന്‍സിസ് പാപ്പായും ഉദ്‌ബോധിപ്പിക്കുന്നുണ്ട്. മറ്റുള്ളവരുടെ കുറ്റങ്ങള്‍ പറയുന്നതിനും ചൂണ്ടിക്കാണിക്കുന്നതിനും മുന്‍പ് സ്വയം ഒന്ന് വിലയിരുത്തുക. നാം എത്രത്തോളം നല്ലവരാണ് നമ്മില്‍ എത്രത്തോളം നന്മയുണ്ട് എന്ന് ചിന്തിക്കുന്നതും നല്ലതാണ്. അത് നമ്മെ കുറ്റം പറയുന്നതില്‍ നിന്നും പിന്തിരിപ്പിക്കും.

    4. ജീവിതത്തിലും നന്മ കണ്ടെത്താം

    മറ്റുള്ളവരില്‍ നന്മ കണ്ടെത്തുന്നതിനോടൊപ്പം തന്നെ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ജീവിതത്തെയും നന്മ നിറഞ്ഞ വീക്ഷണത്തോടെ കാണുക എന്നത്. നമ്മുടെ ജീവിതത്തില്‍ ദുരിതങ്ങള്‍ ഉണ്ടാകാം. വേദനകള്‍ ഉണ്ടാകാം. സങ്കടങ്ങള്‍ ഉണ്ടാകാം. അവയ്‌ക്കൊക്കെ ശേഷം ഒരു തുറന്ന കല്ലറ നല്‍കുന്ന പ്രത്യാശയിലേയ്ക്ക് യാത്ര ചെയ്യുവാന്‍ നമുക്ക് കഴിയണം. നോമ്പുകാലം അതിനുള്ള സമയമാണ്. കുരിശിലെ പീഡകള്‍ സഹിച്ച് ഉത്ഥാനത്തിലൂടെ മഹത്വത്തിലേയ്ക്ക് കരേറിയ ഈശോ നമ്മെ ഓര്‍മ്മിപ്പിക്കുന്നതും അതു തന്നെയാണ്. പ്രതീക്ഷയോടെ ജീവിതത്തെ നോക്കിക്കാണുവാനും ഈ നോമ്പുകാലം നമ്മെ പ്രേരിപ്പിക്കുന്നു.

    5. കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം

    മറ്റുള്ളവരിലെ നന്മ കണ്ടെത്തുവാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം. അതിരാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ നന്മ നിറയ്ക്കാന്‍, നന്മ കണ്ടെത്തുവാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം. ഒപ്പം ശാന്തമായ ഒരു മനസ്സ് നല്‍കുവാനും ആഗ്രഹിക്കാം. കലുഷിതമായ മനസ്സില്‍ നന്മ ഉണ്ടെങ്കില്‍ തന്നെയും അത് പ്രകടിപ്പിക്കാന്‍ കഴിയണം എന്നില്ല. അതിനാല്‍ മനസ്സിനെ ശാന്തമാക്കാം. നന്മ കണ്ടെത്താം.