ഒൻപതാം നൂറ്റാണ്ടിലെ ലത്തീൻ ഗാനം പാടി ജനഹൃദയങ്ങൾ കീഴടക്കി വരാപ്പുഴയിലെ വൈദികർ

സി. സൗമ്യ DSHJ

വരാപ്പുഴ രൂപതയിലെ പതിനാറോളം വൈദികര്‍ ചേര്‍ന്ന് ലത്തീന്‍ ഭാഷയില്‍ ആലപിച്ച പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനാ ഗീതം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ഈ ലോക് ഡൗണ്‍ കാലത്ത് എല്ലാവിധ സാമൂഹിക അകലവും പാലിച്ചാണ് ഇവര്‍ ഈ ഗാനം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കരണം നടത്തിയ ഫാ. ജോൺ കാപ്പിസ്റ്റൺ ലോപ്പസ് ലൈഫ് ഡേ – യുമായി ഈ പാട്ടിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

കത്തോലിക്കാ സഭയുടെ വളരെ പ്രധാനപ്പെട്ട തിരുനാള്‍ ദിനമായ പെന്തക്കുസ്ത ദിനത്തില്‍ ആണ് ദൈവം നല്‍കിയ അനുഗ്രഹപ്രദമായ ഈ പ്രാര്‍ഥനാ ഗീതം പുറത്തിറക്കിയത്. 9 -ാം നൂറ്റാണ്ടിലെ ഈ ഗാനത്തിന് ഗ്രിഗോറിയന്‍ മ്യൂസിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. വിയനി ക്രിയത്രൂസ് സ്പിരിത്തൂസ് അഥവാ എല്ലാം സൃഷ്ടിക്കുന്ന ആത്മാവേ വരൂ എന്നു തുടങ്ങുന്ന ഈ ലത്തീന്‍ ഭാഷയിലുള്ള പ്രാര്‍ത്ഥനാ ഗീതം മൂന്നാഴ്ചകൊണ്ടാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ നാം നേരിടുന്ന പ്രശ്നങ്ങളില്‍ നിന്നും ഈ ഭൂമുഖത്തിനു ഒരു മോചനം നല്‍കണമെന്നുള്ള പ്രാര്‍ത്ഥനയോടെയാണ് ഈ ഗാനം നിര്‍വഹിച്ചിരിക്കുന്നത്.

ഫാ. ജോളി ചക്കാലയ്ക്കല്‍ ആണ് ഈ ഗാനം പരിശീലിപ്പിക്കുവാന്‍ സഹായിച്ചത്. ഇതിനുവേണ്ടി പതിനാറ് അച്ചന്മാര്‍ വളരെ കഠിനമായി പരിശീലനം നടത്തുകയും ചെയ്തു. കാരണം, ലത്തീന്‍ ഗാനമായതിനാല്‍ അവയുടെ സംഗീതം വളരെ ബുദ്ധിമുട്ടേറിയതാണ്. അവയെല്ലാം മറികടന്ന് ഈ ഗാനം പെന്തക്കുസ്താ തിരുനാളില്‍ തന്നെ വിജയകരമായി പുറത്തിറങ്ങി. കഴിഞ്ഞ മാസം വരാപ്പുഴ അതിരൂപതയില്‍ പുതുതായി ആരംഭിച്ച മ്യുസിക്‌ ബാന്‍ഡിന്റെ ആദ്യ സംരഭമാണിത്.

ഈ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഫാ. ജോൺ കാപ്പിസ്റ്റൺ ലോപ്പസ് ആണ്. സി.എ.സി – യുടെ മുന്‍ ഡയറക്ടര്‍ ആണ് കാപ്പിസ്റ്റൺ അച്ചന്‍. മാത്രമല്ല, നിരവധി ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകള്‍ മുന്‍പും നടത്തിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രവും നൂറ്റന്‍പതോളം വര്‍ഷം പഴക്കവുമുള്ള മഞ്ഞുമ്മല്‍ അമലോത്ഭവ ദേവാലയമാണ് ഈ ഗാനം ചിത്രീകരിക്കുവാനായി തെരഞ്ഞെടുത്തത്. കാരണം, ഈ ഗാനം തന്നെ പൗരാണികതയുടെ വലിയ ഒരു ആവിഷ്ക്കാരമാണല്ലോ.

വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ജോസഫ്‌ കളത്തിപ്പറമ്പില്‍ പിതാവാണ് ഈ ഗാനത്തിന്റെ ലോഞ്ചിങ് നടത്തിയത്. ഗാനം പുറത്തിറങ്ങി രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പതിനായിരത്തിലധികം ആളുകള്‍ ഇത് കണ്ടുകഴിഞ്ഞു. ഈ ലോക് ഡൗണ്‍ കാലത്ത് വളരെ പുതുമയേറിയതും വ്യത്യസ്തവുമായ ഈ ഗാനം ഇതിനോടകം തന്നെ അനേകം ജനമനസുകളെ കീഴടക്കിക്കഴിഞ്ഞു.

സി. സൗമ്യ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.