കണ്ണൂരില്‍ നിന്ന് ഒരു കൈ സഹായം 

മരിയ ജോസ്

“കണ്ണൂരില്‍ നിന്ന് വരുകയാണ് ഞങ്ങള്‍. താമസിക്കാൻ ഇത്തിരി സ്ഥലവും ഭക്ഷണവും മാത്രം തന്നാൽ മതി ഞങ്ങൾ ഇവിടെയുള്ളവരെ സഹായിച്ചോളാം” ആലുവ വിൻസൻഷ്യൻ (CM) സഭയിലെ ജോർജ്ജ് അയല്ലൂര്‍ അച്ചൻ അവരെ ഒന്ന് സൂക്ഷിച്ചു നോക്കി. ഒരു അപ്പനും രണ്ടു ആണ്മക്കളും. വേദനിക്കുന്നവർക്കു ചേര്‍ത്തു നിർത്താൻ, അവരെ സഹായിക്കുവാൻ തന്റെ മക്കളെയും കൂട്ടി എത്തിയതാണ് ആ മനുഷ്യൻ.

പറഞ്ഞു വരുന്നത് കണ്ണൂരിലെ ഒരു സാധു മനുഷ്യനായ അനിൽ കുമാറിനെക്കുറിച്ചാണ്. കിലോമീറ്ററുകൾ താണ്ടി എറണാകുളത്തെ ദുരിതമേഖലയിൽ എത്തി ദിവസങ്ങളോളം ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ട അനിൽ കുമാറിനെ പരിചയപ്പെടുത്തുകയാണ് ലൈഫ് ഡേ.

തന്നാലാവും വിധം ഒരു സഹായം 

കേരളം പ്രളയത്തിൽ മുങ്ങി രക്ഷയ്ക്കായി നിലവിളിക്കുന്ന സമയം. അവരെ രക്ഷിക്കാനായി മറ്റൊന്നും ചിന്തിക്കാതെ ഇറങ്ങി തിരിച്ച മത്സ്യത്തൊഴിലാളികളുടെ ചിത്രം അനിൽ കുമാറിന്റെ മനസ്സിൽ ഒരു ചോദ്യ ചിഹ്നമായി മാറി. അവർക്കു പണമോ മറ്റു കാര്യങ്ങളോ കൊടുക്കാൻ കഴിയില്ലെങ്കിലും തങ്ങളാൽ ആവും വിധത്തിൽ രക്ഷാപ്രവർത്തനത്തിൽ നിർണ്ണയ പങ്ക് വഹിച്ച സാധാരണക്കാർ. അവർക്കു സാധിക്കുമെങ്കിൽ, തനിക്കും തന്നാൽ ആവും വിധം ദുരിതത്തിലായ ആളുകളെ സഹായിക്കുവാൻ കഴിയില്ലേ? ആ ചോദ്യത്തിൽ നിന്നുമാണ് കണ്ണൂരിൽ നിന്നും എറണാകുളത്തേയ്ക്കുള്ള അനിലിന്റെ യാത്ര ആരംഭിക്കുന്നത്.

കണ്ണൂരിലെ കാപ്പാട് സ്വദേശിയായ അനിൽ കുമാർ ഒരു ഹോട്ടൽ നടത്തുകയാണ്. വലിയ ഉയർന്ന ലാഭം ഒന്നും ഇല്ല. അത്യാവശ്യം കഴിഞ്ഞു കൂടാം. അത്ര തന്നെ. അങ്ങനെ ഉള്ള അവസ്ഥയിൽ ദുരിത ബാധിതരെ പണം കൊടുത്ത് സഹായിക്കാൻ കഴിയില്ലെങ്കിലും അവർക്കായി മറ്റു കാര്യങ്ങൾ ചെയ്തു കൊടുക്കാൻ കഴിയും എന്ന ഒരു ഉൾവിളി അദ്ദേഹത്തിന് ഉണ്ടായി. ദുരിതം കൂടുതൽ നാശം എറണാകുളം മേഖലയിലേയ്ക്ക് അദ്ദേഹം യാത്രയായി. കൂടെ സഹായത്തിനായി വേറെ ആരും ഇല്ല. തനിക്ക് ഒറ്റക്ക് പറ്റുന്ന പണി അല്ലതാനും. അപ്പോഴാണ് ഓണാവധി ആഘോഷിച്ചു വീട്ടിലിരിക്കുന്ന ഒൻപതാം ക്ലാസുകാരൻ ചായാനന്ദന്റെയും ഏഴാം ക്ലാസുകാരൻ സോപാനന്ദന്റെയും കാര്യം മനസ്സില്‍ വന്നത്. അവരെയും ഒപ്പം കൂട്ടി.

താമസിക്കാൻ ഒരിടം തരുമോ? ഞങ്ങൾ ബാക്കിയൊക്കെ ചെയ്തോളാം

എന്ത്, എവിടെ, എങ്ങനെ ചെയ്യണം എന്ന് അറിയാതെയാണ് അനിൽ കുമാറും മക്കളും എറണാകുളത്ത് എത്തുന്നത്. അവർക്കു മുന്നിൽ വഴികാട്ടാന്‍ ഒരു വൈദികനെ ദൈവം അയച്ചു . ഫാ. ജോർജ്ജ് അയല്ലൂർ. അവർ അച്ചന്റെ അടുത്തു എത്തി. താമസിക്കാൻ ഇത്തിരി സ്ഥലവും ഭക്ഷണവും മാത്രം തന്നാൽ മതി ഞങ്ങൾ ഇവിടെയുള്ളവരെ സഹായിച്ചോളാം എന്ന് കുമാര്‍ പറഞ്ഞു. അവരെ ആലുവയിലെ ക്യാമ്പിലെത്തിച്ചു. ആദ്യ ദിവസം അവർ ക്യാമ്പിൽ കിടന്നു. അടുത്ത ദിവസം അവർക്കായി ഒരു മുറി നൽകി. പിന്നീട് എന്തൊക്കെ ചെയ്യണം എന്ന അന്വേഷണമായി. അവർ അച്ചനോട് പറഞ്ഞു ” ഏറ്റവും ബുദ്ധിമുട്ടുള്ള പണികൾ പറയു, ഞങ്ങൾ അത് ചെയ്തോളാം.” ഇത് കേട്ട അച്ചന് അത്ഭുതം തോന്നി. ഇങ്ങനെയും മനുഷ്യരോ! പിന്നെ അവർ ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്ന പ്രവർത്തികളിൽ ഏർപ്പെട്ടു. അടുത്തുള്ള വീടുകളും സ്‌കൂളും അതിന്റെ ക്ലാസ് മുറികളും ഒക്കെ വൃത്തിയാക്കിയ ശേഷമാണ് അവർ നാട്ടിലേയ്ക്ക് മടങ്ങിയത്.  

മക്കൾക്ക് നല്ല അനുഭവങ്ങൾ പകർന്ന അച്ഛൻ 

മക്കൾക്ക് നല്ല പാഠങ്ങൾ പകർന്നു കൊടുക്കുക എന്നത് ഏതൊരു അപ്പന്റെയും കടമയാണല്ലോ. മൂല്യങ്ങൾ നഷ്ടപ്പെടുന്ന ലോകത്തിൽ മക്കൾക്ക് നല്ലതു പറഞ്ഞു കൊടുക്കാൻ, കാണിച്ചു കൊടുക്കാൻ ഒരാള്‍ വേണം.  ദുരിത മേഖലയിലേയ്ക്ക് എത്തിയ ഇദ്ദേഹം സമൂഹത്തിനു നൽകിയ മാതൃക ചെറുതല്ല.

“കുട്ടികളെ കൊണ്ട് ചെറിയ ചെറിയ സഹായങ്ങളാണ് ചെയ്യിപ്പിച്ചത്. അവർക്കു ഒരു ധാർമിക പിന്തുണ, അടിസ്ഥാനം നൽകുന്നതിനായി ആണ് അവരെ കൂടെ കൂട്ടിയത്. അവർക്കു ഇതൊക്കെ ഒരു ജീവിതാനുഭവമാണ്. അവർക്കു ചെറുതിലേ പകര്‍ന്നു  കൊടുക്കാനുള്ള നന്മകൾ കൊടുക്കണം. നാളെ ഞാനില്ലാതെ ആയാലും അവർ സാമൂഹ്യ സേവനത്തിൽ പിന്നോട്ട് നിൽക്കരുത്. ആ മൽസ്യതൊഴിലാളികൾ ചെയ്തതിന്റെ ഒരു അംശം പോലും ഞങ്ങൾ ചെയ്തിട്ടില്ല. അത്രയും ചെയ്യാൻ പറ്റിയില്ലല്ലോ എന്നൊരു വേദനയുണ്ടായിരുന്നു. അതുകൊണ്ടാണ് എങ്ങനെ എങ്കിലും വേദനിക്കുന്നവർക്കു ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്,” അനിൽ കുമാർ പറഞ്ഞു നിർത്തി.

മക്കൾ സുരക്ഷിതരായി ഇരിക്കട്ടെ എന്ന് കരുതി ഒറ്റയ്ക്ക് പോരാമായിരുന്നു അദ്ദേഹത്തിന്. ആ ചിന്തകളൊക്കെ  മാറ്റിവെച്ച്  അവരെ കൂടെ കൂട്ടി നടത്തിയ ആ യാത്രയ്ക്ക് ഒരു തീർത്ഥ യാത്രയുടെ പരിശുദ്ധി ഉണ്ടാവില്ലേ?

മരിയ ജോസ് 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.