കുഞ്ഞുങ്ങൾക്കിടയിൽ വിദ്യയാകുന്ന പ്രകാശം പരത്തിയ കന്യാസ്ത്രീ  

ഈ വര്‍ഷം വനിതാദിനത്തോട് അനുബന്ധിച്ച് ധാക്കയില്‍ ഒരു അവാര്‍ഡ് ദാനച്ചടങ്ങ് നടന്നു. എട്ട് സ്ത്രീകള്‍ക്ക് സമ്മാനം ലഭിച്ചു. അതിലൊരാള്‍ ഒരു സിസ്റ്റര്‍ ആയിരുന്നു. തന്‍റെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ സംഭാവനയ്ക്ക്‌ ആയിരുന്നു ആ സിസ്റ്ററിനു അവാര്‍ഡ് ലഭിച്ചത്. അതാരായിരുന്നു എന്നല്ലേ. സിസ്റ്റേഴ്സ് ഓഫ് മേരി ക്വീന്‍ ഓഫ് അപ്പോസ്റ്റല്‍സ് എന്ന കോണ്‍ഗ്രിഗേഷനിലെ അംഗമായ സിസ്റ്റര്‍ മേരി ക്രിസ്റ്റീന.

സിസ്റ്റര്‍ മേരി 36 വര്‍ഷമായി ബംഗ്ലാദേശില്‍ അധ്യാപികയായി സേവനം ചെയ്യുന്നു. ഇപ്പോള്‍ 11 വര്‍ഷമായി സെന്റ്‌. മേരീസ്‌ ഗേള്‍സ് ആന്‍ഡ്‌ കോളേജില്‍ ഹെഡ്മിസ്‌ട്രസ് ആയി ശുശ്രൂഷ ചെയ്തു വരവേയാണ് ഈ അംഗീകാരം സിസ്റ്ററിനെ തേടിയെത്തുന്നത്. സമ്മാനം സ്വീകരിച്ച ശേഷം സിസ്റ്റര്‍ മേരി പറഞ്ഞു. “ഞാന്‍ ഒരു സിസ്റ്റര്‍ ആയതിലാണ് കൂടുതല്‍ സന്തോഷിക്കുന്നത്. രണ്ടാമത് ഒരു ടീച്ചര്‍ ആയതിലും. ഞാന്‍ എല്ലാ ദിവസവും ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. ഞാന്‍ എന്‍റെ ജോലിയെ വളരെയധികം സ്നേഹിക്കുന്നു. ഈ സമ്മാനം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്.”

സിസ്റ്റര്‍ മേരി 1600 ഓളം കുട്ടികളെ തന്‍റെ സ്കൂളില്‍ പഠിപ്പിക്കുന്നുണ്ട്. അതില്‍ കൂടുതലും പാവപ്പെട്ട മുസ്ലിം കുട്ടികളാണ്. പഠനത്തിലും മറ്റ് കലാ – കായിക തലത്തിലും ഈ സ്കൂള്‍ മുന്നിട്ട് തന്നെയാണ് നില്‍ക്കുന്നത്. വിവിധ അവാര്‍ഡുകള്‍ ലഭിച്ചിട്ടുമുണ്ട്. കാരണം സിസ്റ്റര്‍ മേരി തനിക്ക് ലഭിച്ചിരിക്കുന്ന ഈ കുട്ടികളെ അത്രമേല്‍ ഇഷ്ട്ടപ്പെടുന്നു. അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സിസ്റ്റര്‍ മേരി പറയുന്നു. “കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ബംഗ്ലാദേശ് ഒരു നിരക്ഷര രാഷ്ട്രമായിരുന്നു.” പത്താം ക്ലാസ് കഴിയുമ്പോള്‍ വിവാഹം കഴിഞ്ഞിരുന്ന പെണ്‍കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. കാരണം പെണ്‍കുട്ടികള്‍ക്ക് പഠനം തുടരാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ഇന്ന് ഇവരുടെ ജീവിത രീതികള്‍ക്ക് മാറ്റം വന്നു. തുടര്‍പഠന സാധ്യത ഇവര്‍ക്കിപ്പോള്‍ ഉണ്ട്. ആളുകള്‍ അതിന് സന്നദ്ധരുമാണ്. കാരണം ഈ സിസ്റ്റേഴ്സ് അതിനുള്ള ബോധവത്ക്കരണവും പഠനത്തോടൊപ്പം ഈ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്.

സിസ്റ്റര്‍ മേരി മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാകുന്നത് പഠനത്തോടൊപ്പം കുട്ടികള്‍ക്ക് മൂല്യങ്ങളും പകര്‍ന്നുകൊടുത്തുകൊണ്ടാണ്. ധാര്‍മ്മികവും ആത്മീയവുമായ മൂല്യങ്ങള്‍. മതം മാറിയുള്ള ആത്മീയതയല്ല. അവരവരുടെ മതത്തില്‍ തന്നെ എങ്ങനെ നല്ല മനുഷ്യരായി ജീവിക്കാമെന്ന് ഈ കുട്ടികളെ സിസ്റ്റര്‍  പഠിപ്പിക്കുന്നു.