കുടുംബ മൂല്യങ്ങൾ പകരുന്ന ‘കാറ്റിനരികെ’ ജനുവരിയിൽ തിയേറ്ററുകളിൽ

വാകക്കാട് ഗ്രാമവും സ്കൂളും പള്ളിയും ചായക്കടകളും നന്മ നിറഞ്ഞ നാട്ടുകാരും അധ്യാപകരും കുട്ടികളുമെല്ലാം കാറ്റിനരികെ ടീമിന് എന്നും പ്രിയപ്പെട്ടത് ആണ്. കാരണം തൊമ്മിയുടെയും അമ്മുവിന്റെയും സ്കൂൾ ജീവിതം പകർത്തിയത് ഇവർക്കിടയിലുള്ള സെന്റ് പോൾസ് എൽ. പി. എസ് സ്കൂൾ വാകക്കാട് നിന്നാണ്.

അന്ന് കുട്ടികളുടേയും അധ്യാപകരുടേയും നാട്ടുകാരുടേയും സ്നേഹപരിചരണങ്ങൾ അനുഭവിച്ചറിയാൻ കാറ്റിനരികെ ടീമിന് സാധിച്ചു. ചിത്രത്തിലെ പ്രധാന താരങ്ങൾക്ക് ഒപ്പം അഭിനയിക്കാനും വാകക്കാട് സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും സാധിച്ചു. ചിത്രത്തിലെ നായകനും മലയാള സിനിമയിലെ പ്രമുഖ നടനും ആയ അശോകനുമായി കുട്ടികൾക്ക് സമയം ചിലവഴിക്കാൻ സാധിച്ചത് കുട്ടികൾക്ക് ഒരു സ്വപ്നസാക്ഷാത്കാരം തന്നെ ആയിരുന്നു. സിനിമയ്ക്ക് ആവശ്യം ആയ തിരക്കഥയോട് ചേർന്ന് നിൽക്കുന്ന സ്കൂൾ തേടി കുറെ അലഞ്ഞതിന്റെ ഒടുവിൽ ആണ് വാകക്കാട് സ്കൂൾ കണ്ടെത്തുന്നതും ഷൂട്ടിംഗ് തുടങ്ങുന്നതും. ഏകദേശം 4 ദിവസങ്ങളിൽ ആയി 15ന് മുകളിൽ സീനുകൾ ഇവിടെ ചിത്രീകരിക്കാൻ കാറ്റിനരികെ ടീമിന് സാധിച്ചു.

സ്കൂൾ വെച്ച് നടക്കുന്ന ഒരു സംഭവം തൊമ്മിയുടെയും അമ്മുവിന്റെയും ജീവിതത്തെ ബാധിക്കുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളും ആണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഒരു വൈദീകൻ സംവിധാനം നിർവഹിക്കുന്ന ആദ്യ ഫീച്ചര്‍ ഫിലിം ആണ് കാറ്റിനരികെ. ഏകദേശം അന്‍പതോളം കലാകാരന്‍മാരെ കൂട്ടുചേര്‍ത്താണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ നടൻ അശോകനും ഒരുപാട് സിനിമകളിലൂടെ തന്റെ അഭിനയ പ്രതിഭ തെളിയിച്ച സിനി എബ്രാഹവും ആദ്യമായി മുഴുനീള കഥാപാത്രമായി എത്തുന്ന സിനിമയാണ് കാറ്റിനരികെ. ഒരു മലയുടെ ചെരുവിൽ ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്ന കുടുംബം നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ആണ് ഈ സിനിമ പ്രധാനമായും ചർച്ച ചെയ്യുന്നത്.

2019 അവസാനം പൂർത്തിയായ സിനിമ 2020 ജനുവരിയിൽ തിയേറ്ററുകളിൽ എത്തുന്നു. ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് ക്യാപ് ക്രീയേഷൻസ് ആണ്. റോയി കാരക്കാട്ട് കപ്പുച്ചിൻ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം ഷിനൂബ് ടി ചാക്കോയും എഡിറ്റിങ് വിശാഖ് രാജേന്ദ്രനുമാണ്. സ്‌മിറിൻ സെബാസ്റ്റ്യനും സംവിധായകനും ചേർന്നാണ് തിരക്കഥ, സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്. ആന്റണി എൽ കപ്പൂച്ചിന്റെ ആണ് സിനിമയുടെ കഥ. വിശാൽ ജോൺസന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് നോബിൾ പീറ്റർ ആണ്. പാടുന്ന ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആക്കുന്ന ഹരിശങ്കറിന്റെ മറ്റൊരു മാജിക്കൽ ആലാപനം തന്നെ ആണ് നീലാകാശം.