കോവിഡ് ചികിത്സയ്‌ക്കിടയിലെ വിഷമതകളും ദൈവാനുഭവങ്ങളുമായി ഒരു സിസ്റ്റർ ഡോക്ടർ

കോവിഡ് എന്ന പേര് കേൾക്കുമ്പോഴേ പലർക്കും മരണ ഭയമാണ്. അപ്പോൾ കോവിഡ് ബാധിച്ചവരുടെ അവസ്ഥയോ? അതിനേക്കാൾ അപ്പുറമായിരിക്കും. ഇനി കൊറോണ രോഗികൾക്കപ്പുറം അവരെ ചികിൽസിക്കുന്ന ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും അവസ്ഥ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും തങ്ങൾക്കും രോഗം ബാധിക്കുമോ, തങ്ങൾ മൂലം തങ്ങളുടെ കുടുംബത്തിൽ ഉള്ളവർക്ക് രോഗം ബാധിക്കുമോ തുടങ്ങി അനേകം ഭീതികൾക്കും സമ്മർദ്ദങ്ങൾക്കും നടുവിലാണ് ഈ ഡോക്ടർമാരും നഴ്‌സുമാരും. അവരുടെ അനുഭവങ്ങൾ വിവരിക്കുകയാണ് മേരി ഇമ്മാക്കുലേറ്റ് ഉർസുലൈൻ സന്യാസ സമൂഹത്തിലെ അംഗവും ഡോക്ടറും ആയ സി. ബീന മാധവത്ത്.

കോവിഡ് രോഗികളെ ചികിത്സിക്കുമ്പോൾ ധരിക്കുന്ന പിപിഇ ശരിക്കും മടുപ്പിക്കുന്ന ഒന്നുതന്നെയാണെന്നു ഡോക്ടർമാരും നേഴ്സുമാരും പറയുന്നു. മണിക്കൂറുകളോളം ഉരുകിയൊലിച്ചു നിൽക്കുന്ന അവസ്ഥ. ഈ അവസ്ഥ നൽകുന്ന മാനസിക സമ്മർദ്ധം വളരെ വലുതാണ്. അതുപോലെ തന്നെ കുറച്ചുസമയം കഴിയുമ്പോൾ തന്നെ ഷീൽഡുകളും മറ്റും ഈർപ്പം നിറയും. ഈ അവസ്ഥയിൽ ശരിയായി കാണുവാൻ കഴിയുന്നില്ല എന്നതും നേഴ്സുമാരെ കുഴപ്പത്തിലാക്കുന്നു. എന്നിരുന്നാലും സന്തോഷത്തോടെ തന്നെയാണ് അവർ ഈ ശുശ്രൂഷകൾ ഒക്കെയും ചെയ്യുന്നത്.

പലപ്പോഴും വീടുകളിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും ഒറ്റപ്പെട്ട അവസ്ഥയും രോഗത്തിന്റേതായ ആശങ്കകളും ആയിട്ടാണ് കോവിഡ് വാർഡുകളിൽ രോഗികൾ എത്തുന്നത്. ഇവർ അടുത്തു വരുന്ന നഴ്സുമാരോട് അതിനാൽ തന്നെ കൂടുതൽ സംസാരിക്കാൻ ശ്രമിക്കും. നേഴ്‌സുമാരെ സംബന്ധിച്ചിടത്തോളം അത് അനുവദനീയമല്ല താനും. ഈ സാഹചര്യത്തിൽ, നിസ്സഹായതയോടെ അവിടെ നിന്നും ഇറങ്ങിപ്പോകുന്ന ഈ ഭൂമിയിലെ മാലാഖമാരുടെ ഉള്ളുകൾ പൊള്ളുകയാണെന്നു എത്ര പേർക്ക് തിരിച്ചറിയാം. സിസ്റ്റർ ചോദിക്കുന്നു.

അതുപോലെ തന്നെ ഒന്നാണ് കൊറോണ രോഗികളിൽ നിന്നും തങ്ങൾക്കും രോഗം പടരുമോ എന്ന ആശങ്ക. കഴിഞ്ഞ മാസം തങ്ങളുടെ ആശുപത്രിൽ നടന്ന സംഭവത്തെ കുറിച്ചു സിസ്റ്റർ പറയുന്നു. “ഞങ്ങളുടെ ടീമിലെ ഒരു ഡോക്ടറിനും മൂന്ന് സന്യാസിനികൾക്കും കോവിഡ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. വൈകാതെ തന്നെ ടെസ്റ്റ്‌ റിസൾറ്റ് പോസിറ്റീവ് കാണിച്ചു. അവർ ജോലി ചെയ്തിരുന്ന വാർഡിൽ തന്നെ ഐസൊലേഷനിലും ആയി. എനിക്കും കൂടെയുള്ളവർക്കും അതൊരു ഷോക്കാരുന്നു. അവരുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയും ഒപ്പം രോഗം പടരുമോ എന്നുള്ള ആശങ്കയും ഞങ്ങളെ വളഞ്ഞു. മറ്റു ആശുപത്രി ജീവനക്കാരും ഭീതിയുടെ മുനമ്പിൽ ആയിരുന്നു.”

“എന്നാൽ ആ പ്രതിസന്ധി ഘട്ടത്തിലും ദൈവത്തിൽ ശരണം വയ്ക്കുവാൻ ഉള്ള വലിയ പ്രചോദനം ഞങ്ങൾക്ക് ലഭിച്ചു. കൂട്ടായി പ്രാർത്ഥിച്ചു. പരസ്പരം ശക്തി പകർന്നു. പ്രയാസങ്ങളിലും പ്രതിസന്ധികളിലും പതറിപോകാമായിരുന്ന പലരും പ്രാർത്ഥനയിലേയ്ക്ക് തിരിയുന്നതും അവരുടെ ഒക്കെ വിശ്വാസം വർധിക്കുന്നതും എനിക്ക് കാണുവാൻ കഴിഞ്ഞു.” -സിസ്റ്റർ വെളിപ്പെടുത്തുന്നു.

പ്രതിസന്ധി ഘട്ടത്തിൽ പരിശുദ്ധ അമ്മയോട് മാധ്യസ്ഥ്യം വഹിച്ചുകൊണ്ടുള്ള പ്രാർത്ഥനയും സന്യാസികളുടെയും മറ്റു അനേകം ആളുകളുടെയും പ്രാർത്ഥന തങ്ങൾക്കു ബലം പകർന്നു എന്നും സിസ്റ്റർ ബീന പറഞ്ഞു. എന്ത് തന്നെയായാലും കൊറോണ പ്രതിസന്ധി അനേകരെ ദൈവത്തിലേക്ക് അടുപ്പിച്ചു എന്ന് തന്നെ പറയാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.