ദൈവം പണിയുന്ന പള്ളി: ഒരു ആഫ്രിക്കൻ മിഷൻ അനുഭവം

ഇത്തിരി കുറവില്ലാത്ത അളവില്‍ ഒരു വിചാരം ഉള്ളില്‍ ഇങ്ങനെ കിടപ്പുണ്ട്. ഞങ്ങ ഇല്ലേല്‍ ഇതൊന്നും ശരിയായി മുന്നോട്ടു പോകില്ല. (ചുരുക്കി പറഞ്ഞാല്‍ സഭ വളരില്ല എന്ന്) എന്തായാലും അതിനു ഒരു ചെറിയ ശമനം കിട്ടി.

ഇവിടെ നിന്നും ഒരു 30 കി.മി അകലെ ആണ് കലുംബ എന്ന ഒരു വില്ലേജ്. അവിടെ നിന്നും പത്തു കിലോമീറ്റര്‍ മുന്നോട്ടു പോയാലും പുറകോട്ടു പോയാലും ഓരോ പള്ളി ഉണ്ട്. ഒരെണ്ണത്തിന്റെ പേര് ഗുന്ഗ്വെ, വേറെ ഒരെന്നത്തിന്റെ പേര് മഫുട്ട. രണ്ടും വലിയ ആളും ബഹളവും ഒന്നും ഇല്ലാത്ത സാധാരണ രണ്ടു പള്ളികള്‍. ചില സമയങ്ങളില്‍ അവിടെയൊക്കെ കുര്‍ബാനക്ക് പോയി ആളില്ലാത്തതുകൊണ്ട് വെറുതെ  കറങ്ങി തിരിഞ്ഞു തിരിച്ചു പോന്ന ചരിത്രവും ഉണ്ട്.

ആ സ്ഥലത്ത് അങ്ങനെ ഒത്തിരി ആളുകള്‍ താമസം ഇല്ലതാനും. എന്തായാലും കുറച്ചുനാള് മുന്‍പ് ഒരു ചെറിയ വാര്‍ത്ത കേട്ടു. അവര്‍ക്ക് ഒരു പള്ളി വേണം എന്ന്. മൊത്തത്തില്‍ നോക്കിയപ്പോള്‍ അത് അത്ര ഒരു ആവശ്യം ആയി തോന്നിയില്ല. മഹാനായ ഞാന്‍ അതിനെ വലിയ കാര്യം ആയി പരിഗണിച്ചില്ല. അതുകൊണ്ട് അത് പതിയെ അങ്ങ് സൈഡ് ലൈന്‍ ചെയ്തു. സാധാരണ രീതിയില്‍ നമ്മള്‍ ഇങ്ങനെ ഉള്ള സംഭവങ്ങളെ വേണ്ടവിധം പരിഗണിച്ചില്ലേല്‍ പതിയെ ആ സംരഭം അങ്ങ് നിന്ന് പോകത്തെ ഉള്ളു. ഇതും അങ്ങനെ അങ്ങ് പൊക്കോളും എന്ന് ഞാന്‍ കരുതി.

ഒരു രണ്ടു മാസം മുന്‍പ് രണ്ടു പേര്‍ എന്നെ കാണാന്‍ വന്നു. “അച്ചോ പള്ളിക്ക് ഇത്തിരി സ്ഥലം കിട്ടിയിട്ടുണ്ട് ഒന്ന് വരാമോ? സ്ഥലം കണ്ടു അച്ചന്‍ ഒരു അഭിപ്രായം പറ.” ഞാന്‍ ചോദിച്ചു, ഏത് പള്ളി? അച്ചോ, കലുംബ പള്ളി. ഞാന്‍ ഞെട്ടി!

ഞാന്‍ സൈഡ് ലൈന്‍ ചെയ്ത പള്ളികാര്യം ദാ അവര് ശരിയാക്കി എന്ന്. രണ്ട് ദിവസം കഴിഞ്ഞു ഞാന്‍ വന്നേക്കാം എന്ന് അവര്‍ക്ക് വാക്ക് കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇവിടത്തെ കാറ്റിക്കിസ്റ്റിനെയും കൂട്ടി ഞങ്ങള്‍ അവിടെ ചെന്നു.

ഒരിക്കലും പ്രതിക്ഷിക്കാത്ത ഇടത്ത് ഏകദേശം ഒരു ഒരേക്കര്‍ നല്ല സ്ഥലം അവര് കാണിച്ചിട്ട് പറഞ്ഞു. “അച്ചോ ഇതാണ് സ്ഥലം. ഇവിടെ ഞങ്ങള്‍ ഒരു പള്ളി പണിതോട്ടെ?” ഞാന്‍ എന്നാ പറയാന്‍ ആണ്.

“ആയിക്കോട്ടെ, അടുത്ത ആഴ്ച വന്നു നമുക്ക് സ്ഥലം വെഞ്ചരിക്കാം. അതിനു മുന്‍പ് അതിര് മുഴുവന്‍ ഒന്ന് തെളിച്ചു എടുക്കണം.”

“അത് അടുത്ത ആഴ്ച അച്ചന്‍ വരുന്നതിനു മുന്‍പ് ശരിയാക്കാം.”

തിരിച്ചു പോരാന്‍ വണ്ടിയേല്‍ കേറുന്നതിനു മുന്‍പ് പെഡ്രോ, (ആളുടെ പേര് ആണ്) ഒരു സഞ്ചി എന്നെ ഏല്പിച്ചു. തുറന്നു നോക്കിയപ്പോള്‍ കുറച്ചു പൈസ. 600 ഡോളറിനു മുകളില്‍ ഉണ്ട്. ഞാന്‍ ചോദിച്ചു ഇത് എന്താ? സണ്‍‌ഡേ കളക്ഷന്‍!

ഏ…? പള്ളി ഇല്ലാത്ത ഇടത്ത് സണ്‍‌ഡേ കളക്ഷനോ? ഇത് എങ്ങനെ ആണ്?

അപ്പൊ ആണ് അവര് മൊത്തം കഥ പറയുന്നേ. പള്ളി ഇല്ലാതെ ഇരുന്നപ്പോഴും അവര്‍ പ്രാര്‍ത്ഥനയ്ക്ക് വേണ്ടി വീടുകളില്‍ ഒരുമിച്ചു കൂടുമായിരുന്നു. അങ്ങനെ ഒരുമിച്ചു കൂടിയപ്പോള്‍ അവര്‍ തന്നെ നടത്തിയ കളക്ഷന്‍ ആണ് ഇത് എന്ന്. കഴിഞ്ഞ കുറച്ചു മാസത്തെ കളക്ഷന്‍ ഉണ്ട് അതില്‍. എന്നാലും അത്രേം ചെറിയ ഒരു സ്ഥലത്ത് നിന്ന് ഇത്രേം എന്നത് ഒരു വലിയ തുക തന്നെ ആണ്.

സത്യം, ഞാന്‍ ഇങ്ങനെ ഒന്നും ചെയ്യാനാകാതെ നിന്നു പോയി. അവരു പറഞ്ഞു. “ഞങ്ങള്‍ ഇവിടത്തെ ചീഫ് (ഗോത്ര മൂപ്പന്‍ )നോട് സ്ഥലം പള്ളിയുടെ പേരില്‍ ആക്കി തരാന്‍ പറഞ്ഞിട്ടുണ്ട്. അത് പെട്ടെന്നു തരാം എന്നാ പറഞ്ഞെക്കുന്നെ.”

അങ്ങനെ ഹോളി ഫാമിലി മിഷനിലെ ഇരുപത്തിരണ്ടാമത്തെ പള്ളി ആയി സെന്റ്‌ ആന്‍സ് പള്ളി ആരംഭിക്കുന്നു. മനുഷ്യരെ ദൈവം തന്നെ ഒരുമിച്ചു കൂട്ടുന്നു. അവിടുന്ന് തന്നെ അവരെ വഴി നടത്തുന്നു. അവര്‍ക്ക് വേണ്ടി അവിടുന്ന് ഞങ്ങളെ അയക്കുന്നു. ഇത് ഒന്നും മനസിലാകാതെ ഞങ്ങള്‍ ഇങ്ങനെ…

പോഴന്‍ ഫ്രം നമീബിയ,
ഫാ. നിതിന്‍ ജോസഫ്‌ കപ്പൂച്ചിന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.