ഡോക്ടർമാരെ കരയിപ്പിച്ച തൊണ്ണൂറ്റിമൂന്നുകാരൻ്റെ വാക്കുകൾ

ജയ്സൺ കുന്നേൽ

93 കഴിഞ്ഞ വൃദ്ധനായ ഒരു മനുഷ്യൻ ഇറ്റലിയിൽ കോവിഡ്-19 അസുഖത്തിൽ നിന്നു അത്ഭുകരമാവിധം രക്ഷപ്പെട്ടു. ഒരു ദിവസം വെൻ്റിലേറ്റർ ഉപയോഗിച്ചതിനു ബിൽ അടയ്ക്കാൻ അദ്ദേഹത്തോട് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. വൃദ്ധനായ ആ മനുഷ്യന്റെ കണ്ണിൽ നിന്നു കണ്ണീർ പൊഴിയാൻ ആരംഭിച്ചു. സമീപത്തു നിന്ന ഡോക്ടർമാർ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: “ബില്‍ ഓർത്തു കരയേണ്ട, അങ്ങേയ്ക്കു അതു സാധ്യമല്ലെങ്കിൽ ഞങ്ങൾ അടച്ചുകൊള്ളാം.” എന്നാല്‍, തൊണ്ണൂറു കഴിഞ്ഞ ആ വൃദ്ധന്റെ അധരത്തിൽ നിന്നു വന്ന വാക്കുകൾ അവിടെ കൂടിനിന്നിരുന്ന എല്ലാ ഡോക്ടർമാരെയും കണ്ണീരണിയിച്ചു.

അദ്ദേഹം പറഞ്ഞു. “ബിൽ അടയ്ക്കാനുള്ള തുക ഓർത്തല്ല ഞാൻ കരയുന്നത്, മുഴുവൻ തുകയും അടയ്ക്കാൻ എനിക്കു കഴിയും. കഴിഞ്ഞ 93 വർഷങ്ങളായി ദൈവത്തിന്റെ വായു ശ്വസിക്കുന്ന മനുഷ്യനാണു ഞാൻ. പക്ഷേ, ഇതുവരെ ഞാനതിനു ഒന്നും തിരിച്ചുനൽകിയിട്ടില്ല. അതോർത്താണ് ഞാൻ കരയുന്നത്. ഒരു ദിവസം ആശുപത്രിയിലെ വെൻ്റിലേറ്റർ ഉപയോഗിക്കാൻ അഞ്ഞൂറു യൂറോയെ ചിലവ് വരുകയുള്ളൂ. ദൈവത്തോടു ഞാൻ എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? ഞാൻ ഇതുവരെ അതിനു എന്റെ ദൈവത്തോടു നന്ദി പറഞ്ഞട്ടില്ല.”

ഈ വാർത്തയുടെ സത്യവസ്ഥ എനിക്കറിയില്ല. എങ്കിലും വൃദ്ധനായ ആ മനുഷ്യന്റെ വാക്കുകളിൽ ഒരു ജന്മം ധ്യാനിക്കാനുള്ള പൊരുൾ അടങ്ങിയിട്ടുണ്ട്. തടസ്സമില്ലാതെ, സ്വാതന്ത്രത്തോടെ വായു ശ്വസിക്കുമ്പോൾ നാം ഒരിക്കലും അതിന്റെ മഹത്വം അറിഞ്ഞിട്ടില്ല.

പ്രായപൂർത്തിയായ ഒരു വ്യക്തി ദിവസം ഏകദേശം 17,280 മുതൽ 23,040 തവണ ശ്വസിക്കുന്നു. ഒരു വർഷം 6.3 മുതൽ 8.4 മില്യൺ പ്രാവശ്യം ഒരു വർഷം ശ്വസിക്കുന്നു. എൺപതു വയസ്സു പൂർത്തിയാക്കിയ ഒരു വ്യക്തി തന്റെ ജീവിതകാലത്ത് 500 മില്യൺ തവണ ശ്വസിക്കുന്നു. ജീവവായുവിന്റെ വില അറിയാൻ, അതിനു ദൈവത്തിനു നന്ദി പറയാൻ ICU വരെ എത്താൻ നാം കാത്തുനിൽക്കേണ്ട. ജോബ്‌ പ്രാർത്ഥിക്കുന്നതുപോലെ, “എന്നില്‍ ശ്വാസം ഉള്ളിടത്തോളം കാലം, ദൈവത്തിന്റെ ചൈതന്യം എന്റെ നാസികയില്‍ ഉള്ളിടത്തോളം കാലം” (ജോബ്‌ 27:3) ജീവവായു തന്ന ദൈവത്തെ നമുക്കു സ്തുതിക്കാം.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS