ദൈവമാതൃഭക്തിയിൽ വളരുന്നതിന് സഹായിക്കുന്ന 5 താക്കോലുകൾ

ദൈവമാതാവിനോട് നമ്മൾ എത്ര അടുക്കുന്നുവോ അത്രയും അവൾ നമ്മളെ അവളുടെ പുത്രന്റെ അരികിലേക്കു കൊണ്ടുചെല്ലും. ദു:ഖവെള്ളിയാഴ്ച വിശുദ്ധ യോഹന്നാൻ ശ്ലീഹാ, മറിയത്തെ സ്വഭവനത്തിൽ സ്വീകരിച്ചതു മുതൽ എണ്ണമറ്റ ക്രൈസ്തവർ മറിയത്തെ തങ്ങളുടെ അമ്മയായി ഹൃദയത്തിൽ സ്വീകരിക്കുകയും അവളുടെ സംരക്ഷണത്തണലിൽ അഭയം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പുരോഹിതനായ വി. ലൂയിസ് ഡീ മോൺഫോർട്ട് ദൈവമാതൃഭക്തിയിൽ വളർന്ന് നമ്മുടെ ജീവിതത്തെ യേശുവിലേയ്ക്ക് നയിക്കാൻ ചില താക്കോലുകൾ തന്നിട്ടുണ്ട്. അവ നമുക്കൊന്ന് പരിശോധിക്കാം.

1. ആന്തരികത

മറിയത്തോടുള്ള യഥാർത്ഥഭക്തിയിലേയ്ക്ക് നയിക്കുന്ന ഒന്നാമത്തെ താക്കോൽ ആന്തരീകതയാണ്. യഥാർത്ഥ മരിയഭക്തി ഹൃദയത്തിൽ നിന്നും വരുന്നതാണ്. അത് നമുക്ക് ഹൃദയത്തിലുള്ള ആഴമായ മതിപ്പിൽ നിന്നു വരുകയും അവളോടുള്ള മഹത്തായ സ്നേഹത്തിലും വിധേയത്വത്തിലും വളരുന്നതുമാണ്. ആന്തരീകതയില്ലാത്ത ബാഹ്യമായ പ്രകടനപരത മരിയഭക്തർക്ക് ഒട്ടും ഭൂഷണമല്ല.

2. ആർദ്രത

ആർദ്രതയുള്ളാരു ഹൃദയം മരിയഭക്തന്റെ രണ്ടാമത്തെ ലക്ഷണമാണ്. ആർദ്രതയുള്ള ഹൃദയത്തിൽ മറ്റുള്ളവർക്ക് എപ്പോഴും സ്ഥാനമുണ്ട്. ഒരു കുഞ്ഞ്, തന്റെ അമ്മയിൽ പൂർണ്ണ ആശ്വാസം കണ്ടെത്തുന്നതുപോലെ മൃദുലതയുള്ള ഹൃദയത്തെ പ്രത്യാശപൂർവ്വം സമീപിക്കാൻ ആർക്കും കഴിയും. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ഏത് ആവശ്യങ്ങളിലും എളിമയോടും വിശ്വാസത്തോടും ആർദ്രതയോടും കൂടി മറിയത്തിൽ അഭയം ഗമിക്കാനുള്ള വിശ്വാസം ആർദ്രതയുള്ള ആത്മാവിലുണ്ട്. എല്ലാ സമയങ്ങളിലും സ്ഥലങ്ങളിലും എല്ലാ കാര്യത്തിലും നല്ല അമ്മയുടെ സഹായം അപേക്ഷിക്കാൻ ഇത് നമ്മളെ പ്രാപ്തരാക്കുന്നു. സംശയങ്ങളിൽ നിവാരണവും, അലച്ചിലുകളിൽ സമാശ്വാസവും പ്രലോഭനങ്ങളിൽ സഹായവും ബലഹീനതകളിൽ ശക്തിയും വീഴ്ച്ചയിൽ കൈത്താങ്ങും നിരാശയിൽ പ്രത്യാശയും മറിയത്തെ തിരിച്ചറിയാൻ ആർദ്രഹൃദയർക്ക് കഴിയും.

3. പരിശുദ്ധി

മറിയത്തോടുള്ള യഥാർത്ഥഭക്തിയുടെ മൂന്നാമത്തെ ലക്ഷണം വിശുദ്ധിയാണ്. ആത്മാവിൽ നിന്ന് പാപത്തെ അകറ്റിക്കളയാനും പരിശുദ്ധ കന്യകാമറിയത്തിൽ പ്രധാനമായും വിളങ്ങിശോഭിച്ചിരുന്ന പത്ത് പുണ്യങ്ങളായ ആഴമായ എളിമയും, സജീവമായ വിശ്വാസവും, നിരന്തരമായ പ്രാർത്ഥനയും, സർവ്വവ്യാപിയായ പരിത്യാഗവും, ദൈവികമായ പരിശുദ്ധിയും, തീക്ഷ്ണമായ സ്നേഹവും, വീരോചിതമായ ക്ഷമയും, മാലാഖമാരുടെ മാധുര്യവും, ദൈവികവിജ്ഞാനവും അനുകരിക്കാൻ വിശുദ്ധിയുണ്ടങ്കിൽ നമുക്കും കഴിയും.

4. സുസ്ഥിരത

കന്യകാമറിയത്തോടുള്ള യഥാർത്ഥഭക്തിയുടെ നാലമത്തെ ലക്ഷണം അചഞ്ചലതയാണ്. ഇത് ആത്മാവിനെ നന്മയിൽ ഉറപ്പിക്കുകയും ആത്മീയപതിവുകൾ വേഗത്തില്‍ ഉപേക്ഷിക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ലോകത്തെയും അതിന്റെ ആഢംബരങ്ങളെയും എതിർക്കുവാനും പിശാചിന്റെ പ്രലോഭനങ്ങളെയും മദിരായിയുടെ ക്ഷണികത മനസ്സിലാക്കാനും ആത്മാവിന്റെ അചഞ്ചലത ഒരുവനെ സഹായിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ യഥാർത്ഥഭക്തൻ സംശയാലുവോ മുൻകോപിയോ ഭീരുവോ അസ്ഥിരനോ ആയിരിക്കുകയില്ല. അവൻ വീണാലും അവന്റെ അമ്മയുടെ കൈപിടിച്ച് വേഗം എഴുന്നേൽക്കാൻ പരിശ്രമിക്കും.

5. നിസ്വാർത്ഥത

അവസാനമായി പരിശുദ്ധ കന്യകാമറിയത്തോടുള്ള യഥാർത്ഥഭക്തി ലക്ഷണം നിസ്വാർത്ഥതയാണ്. ദൈവം മാത്രമാണ് ഇവരുടെ ലക്ഷ്യം. പരിശുദ്ധ മറിയത്തിലുള്ള അതേ ദൈവം. യഥാർത്ഥ മരിയദാസൻ ധനലാഭത്തിന്റെയോ ഭൗതീകസുഖസൗകര്യങ്ങളുടെയോ പുറകേ പോവുകയില്ല. ദൈവത്തെ ശുശ്രൂഷിക്കുക മാത്രമാണ് അവന്റെ ഏകലക്ഷ്യം.

ഈ മരിയൻ മാസത്തിൽ മരിയഹൃദയം സ്വന്തമാക്കി യേശുവിലേക്ക് നമുക്ക് വളരാം.

ഫാ. ജയ്സണ്‍ കുന്നേല്‍