കോറോണക്കാലത്ത് 18 മില്യൺ പൗണ്ട് സമാഹരിച്ച ക്യാപ്റ്റൻ ടോമിന്റെ നടത്തം

ജയ്സൺ കുന്നേൽ

നൂറിൻ്റെ പടിവാതിക്കലെത്തിയ രണ്ടാം ലോകമഹായുദ്ധ ഹീറോ ക്യാപ്റ്റൻ ടോം മൂർ, കോറോണ കാലത്ത് ബ്രിട്ടീഷ് ജനതയ്ക്കു സംരക്ഷണകവചം തീർക്കുന്ന NHS നെ സഹായിക്കാനായി ഒരു നടപ്പുയജ്ഞം ആരംഭിച്ചു. ഫലമോ ഇതുവരെ 17 ദശലക്ഷം പൗണ്ടുകൾ.

UK യിൽ പൊതുജന പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യശൃംഖലയാണ് നാഷണൽ ഹെൽത്ത് സർവീസ് (NHS). NHS ഇംഗ്ലണ്ട്, NHS സ്കോട്ട്ലണ്ട്, NHS വെയിൽസ്, ഉത്തര അയർലണ്ടിലെ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ എന്നീ നാലു വ്യത്യസ്ത ആരോഗ്യശൃംഖലകളാണ് UKയിലെ NHS നുള്ളത്.

NHS-നെ സഹായിക്കാൻ തൊണ്ണൂറ്റൊമ്പതുകാരനായ ക്യാപ്റ്റൻ ടോം മൂർ തൻ്റെ പൂന്തോട്ടത്തിലൂടെ നടന്നത് നൂറു തവണ. ബെഡ്ഫോർഡ്ഷയറിലെ (Bedfordshire) തൻ്റെ വീട്ടിലെ ഗാർഡനിലാണ് 25 മീറ്റർ ദൈർഘ്യമുള്ള ലാപ്പ് തൻ്റെ വാക്കിംഗ് റോളർ ഉപയോഗിച്ചു പൂർത്തിയാക്കിയത്. കാൻസർ രോഗബാധിതനും ഇടുപ്പിനു ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്നവനുമായ ഒരു നൂറു വയസ്സുകാരന് 25 മീറ്റർ വലിയ അകലം തന്നെയായിരുന്നു. ഏപ്രിൽ 8-നാണ് ക്യാപ്റ്റൻ ടോം തൻ്റെ നടപ്പ് ആരംഭിച്ചത്. NHS നെ സഹായിക്കാനായി ആയിരം പൗണ്ട് സമാഹരിക്കുക മാത്രമായിരുന്നു ആരംഭത്തിൽ ക്യാപ്റ്റൻ ടോമിൻ്റെ ലക്ഷ്യം. അതിനു തൻ്റെ നൂറാം ജന്മദിനമായ ഏപ്രിൽ മുപ്പതു വരെയാണ് അദ്ദേഹം സമയം കണ്ടത്.

ക്യാപ്റ്റൻ ടോമിൻ്റെ നൂറാം ജന്മദിനം പ്രമാണിച്ചു Walk for the NHS എന്ന Tag ലൈനോടെ ആരഭിച്ച ധനശേഖരണത്തിനു പ്രോത്സാഹനം നൽകിയത് മകൾ ഹന്നയാണ്. JustGiving എന്ന പേരിൽ ഓൺലൈനിൽ ഫണ്ടുശേഖരത്തിനായി ഒരു ഫ്ലാറ്റ് ഫോം അവൾ തയ്യാറാക്കി. ഏപ്രിൽ 17, 2020, 10:30 AM വരെ ലോകമെമ്പാടുമുള്ള 8,89,862 പേരുടെ സംഭാവനകളോടെ പതിനെട്ടു മില്യൺ (18,047,507) പൗണ്ട് സമാഹരിക്കാൻ ക്യാപ്റ്റൻ ടോമിനായി.

നൂറാം റൗണ്ട് പൂർത്തിയാക്കിയപ്പോൾ യോർക്ക്ഷയർ റെജിമെൻ്റിലെ ഒന്നാം ബറ്റാലിയൻ ക്യാപ്റ്റൻ ടോമിനു വിട്ടിലെത്തി ഗാർഡ് ഓഫ് ഓണർ നൽകുകയുണ്ടായി. ഞാനൊരു ആഗോള പ്രതിഭാസമായി സ്വയം കരുതുന്നില്ല. സ്വന്തം പൂന്തോട്ടത്തിൽ കുറച്ചു ലാപ്പുകൾ പൂർത്തിയാക്കിയ ഒരു മുത്തച്ഛൻ മാത്രമാണ്. നൂറു റൗണ്ട് പൂർത്തിയാക്കിയ ശേഷം ക്യാപ്റ്റൻ ടോം പറഞ്ഞു

NHS സ്റ്റാഫിനായി 114 മില്യൺ സുരക്ഷിത ഗ്ലൗസുകളോ അഞ്ചു മില്യൺ ഹോസ്പിറ്റൽ ഗൗണുകളോ വാങ്ങാൻ സഹായമാകുമെന്ന് NHS അധികൃതർ പ്രതികരിച്ചു. NHS ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിക്കുന്ന എല്ലി ഓർട്ടൺ ക്യാപ്റ്റൻ ടോമിൻ്റെ ധനസമാഹരണത്തെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്. “ക്യാപ്റ്റൻ ടോമിൻ്റെ പ്രവർത്തികള്‍  ഞങ്ങളെ അത്ഭുതപ്പെടുത്തി. NHS സ്റ്റാഫിൻ്റെയും സന്നദ്ധപ്രവർത്തകരുടെയും രോഗികളുടെയും ക്ഷേമത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ടോമിൻ്റെ സംഭാവനയ്ക്കു കഴിയും.”

ഇതിനിടയിൽ ടോമിനു സർ പദവി നൽകണമെന്ന ആവശ്യവുമായി ഓൺലൈൻ നിവേദനത്തിൽ ഇതുവരെ എട്ടുലക്ഷം പേരാണ് ഒപ്പിട്ടിരിക്കുന്നത്. ക്യാപ്റ്റൻ ടോമിൻ്റെ വിരോചിതപ്രവർത്തിയെ പ്രശംസിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റ വക്താവു പത്രക്കുറിപ്പിറക്കി. “ക്യാപ്റ്റൻ ടോം തൻ്റെ വിരോചിതമായ പ്രവർത്തി വഴി രാജ്യത്തിൻ്റെ ഹൃദയം കീഴടക്കുകയും കഠിനാധ്വാനികളായ NHS സ്റ്റാഫിനായി വലിയൊരു തുക സമാഹരിക്കുകയും ചെയ്തിരിക്കുന്നു. ഈ രാജ്യത്തിൻ്റെ ആത്മാവിനെ ഉൾക്കൊണ്ട വ്യക്തിയാണ് ക്യാപ്റ്റൻ ടോം. അദ്ദേഹത്തിൻ്റെ മിലിട്ടറി സംഭാവനകൾ തുടങ്ങി NHS സ്റ്റാഫിനായുള്ള സഹായം വരെ, തൻ്റെ ജീവിതം കൊണ്ടു കാരുണ്യത്തിൻ്റെയും ധീരതയുടെയും നിരവധി കഥകൾ ക്യാപ്റ്റൻ ടോം രചിച്ചിരിക്കുന്നു. ടോമിൻ്റെ പരിശ്രമങ്ങളെ ആദരിക്കാനായി കാത്തിരിക്കുകയാണ് പ്രധാനമന്ത്രി.”

നിറമിഴികളോടെ ‘ക്യാപ്റ്റൻ ടോമിനു നന്ദി’ എന്ന പ്ലക്കാർഡുമായി നിരവധി NHS സ്റ്റാഫുകൾ കഴിഞ്ഞ ദിവസം ടോമിനു നന്ദി പറഞ്ഞിരുന്നു. കോറോണക്കാലത്ത് നേരിട്ടു സഹായം കൊടുക്കാൻ ഒരുപക്ഷേ, നമുക്കു സാധിക്കുകയില്ലായിരിക്കാം. എന്നാല്‍, സഹായിക്കുന്നവരെ സംരക്ഷിക്കുവാനും സഹായിക്കാനുമുള്ള ഒരു ഹൃദയം; അതല്ലേ ക്യാപ്റ്റൻ ടോമിൻ്റെ നടപ്പുയജ്ഞം ലോകത്തിനു നൽകുന്ന പാഠം.

ഫാ. ജെയ്സണ്‍ കുന്നേല്‍