ഇടയന്മാരുടെ ഗുരു ഡാനിയേല്‍ മംഗലത്തച്ചൻ യാത്രയായി

ഫാ. ജോൺ തോട്ടത്തിൽ

ബഹുമാനപ്പെട്ട ഡാനിയേല്‍ മംഗലത്തച്ചന്‍ ഇന്ന് രാവിലെ നമ്മോടെല്ലാം നിത്യമായി യാത്രചൊല്ലി. ധന്യമായൊരു ജന്മം! ഓര്‍മ്മയിലേക്കു വരുന്നത് ഞങ്ങളൊരുമിച്ച് 2018 ജൂലൈ 16 ന് നടത്തിയ യാത്രയാണ്. വെല്ലൂരിലേക്കായിരുന്നു ആ യാത്ര. വെല്ലൂര്‍ സി.എം.സി ഹോസ്പിറ്റല്‍. അവിടെ വച്ചാണ് അച്ചന് ഗുരുതരമായ രോഗമാണെന്ന് കണ്ടെത്തിയത്. ആ യാത്രയിലെ ഓര്‍മ്മകളിലൂടെ…

അറിയാതെ ജീവിച്ചു; ഇനി അറിഞ്ഞുകൊണ്ട് ജീവിക്കും

മലങ്കരയിലെ പുണ്യപിതാവായ ദൈവഭാസന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ഓര്‍മ്മത്തിരുനാളിനോട് അനുബന്ധിച്ചുള്ള പദയാത്രയില്‍ പങ്കെടുക്കുമ്പോളാണ് മാവേലിക്കര അമലഗിരി ബിഷപ്‌സ് ഹൗസില്‍ നിന്നും ഫോണ്‍ വിളിച്ചത്. തിരുനാള്‍ കഴിഞ്ഞ് തൊട്ട് അടുത്ത ദിവസം മംഗലത്തച്ചനുമായി വെല്ലൂര്‍ പോകണമെന്ന് നിര്‍ദ്ദേശിച്ചു. അങ്ങനെ 2018 ജൂലൈ 16 ന് ഞങ്ങള്‍ യാത്രയാരംഭിച്ചു. നിറപുഞ്ചിരിയോടെ തനതായ ശൈലിയില്‍ അച്ചന്‍ എന്നോട് ചോദിച്ചു; “അച്ചാ, ഇതിന്റെ വല്ല ആവശ്യവുമുണ്ടോ?” “ഉണ്ട്” എന്ന നിര്‍ബന്ധമായ മറുപടിക്കു മുമ്പില്‍ തലകുനിച്ച് യാത്ര തുടങ്ങി.

വെല്ലൂര്‍ സി.എം.സി ! പുതിയ സ്ഥലം, പുതിയ ഹോസ്പിറ്റല്‍, ആരെയും പരിചയമില്ല, ഒരു പിടുത്തവും കിട്ടുന്നില്ല. അങ്ങനെ ഞങ്ങളുടെ സഹായത്തിന് സി. ദീപ്തി ഡി.എം എത്തി. ഡോ. എബി എബ്രഹാമിന്റെ  നിര്‍ദ്ദേശപ്രകാരം ബോണ്‍മാരോ തുടങ്ങി നിരവധി ബ്ലഡ് ടെസ്റ്റുകള്‍ക്ക് വിധേയമായി. രണ്ട് ദിവസത്തെ കാത്തിരിപ്പിനുശേഷം ബ്ലഡ് റിസള്‍ട്ടുമായി ഡോക്ടറുടെ അരികിലെത്തി. അതിലെ ഉള്ളടക്കം വളരെ താഴ്ന്ന സ്വരത്തില്‍ ഡോകടര്‍ പറഞ്ഞു. ‘അക്വിട്ട് മൈലോയ്ഡ് ലുക്കേമിയ (എ എം എല്‍) തീര്‍ന്നില്ല, പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദ്രോഗം അങ്ങനെ പലതും’. എന്നാല്‍ മംഗലത്തച്ചന്‍ ഇത് കേട്ട് പരിശുദ്ധ മറിയത്തെപ്പോലെ എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഒരു വാക്യം മാത്രം പറഞ്ഞു: “ഞാന്‍ ഇതുവരെ അറിയാതെ ജീവച്ചു, ഇനി അറിഞ്ഞു കൊണ്ട് ജീവിക്കും.” എന്തിനെയും ധൈര്യത്തോടെ ഏറ്റെടുക്കുന്ന അച്ചന്‍ ഇതും ദൈവത്തിന്റെ പരിപാലനയ്ക്കു പൂര്‍ണ്ണമായി വിട്ടുകൊടുത്തു.

പുണ്യമീ ജീവിതം …

1945  സെപ്റ്റംബര്‍ 9 ന് അടൂര്‍ പാറക്കട്ടത്ത് പരേതനായ ശ്രീമാന്‍ മാത്യു ചാക്കോയുടെയും ശ്രീമതി തങ്കമ്മ മാത്യുവിന്റെയും മകനായി ജനിച്ചു. പാറക്കട്ടം ഗവ. എല്‍.പി. സ്‌കൂളിലും കടമ്പനാട്, പയ്യനല്ലൂര്‍ ഹൈസ്‌കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയായി. തുടര്‍ന്ന് പട്ടം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരിയില്‍ വൈദികപഠനമാരംഭിച്ചു. പേപ്പല്‍ സെമിനാരിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി. 1970 ഒക്ടോബര്‍ 19 ന് മോസ്റ്റ്‌ റവറന്റ് വില്ല്യം ഗോമസ്  പിതാവില്‍ നിന്ന് പട്ടം സ്വീകരിച്ചു. പിന്നീട് റോമില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുത്തു. അതിനെത്തുടര്‍ന്ന് 1975 മുതല്‍ കോട്ടയം സെന്റ് തോമസ് അപ്പസ്‌തോലിക സെമിനാരിയില്‍ വൈദികവിദ്യാര്‍ത്ഥികളുടെ സ്വന്തം ഗുരുവായി സേവനമാരംഭിച്ചു.

കാലം മായ്ക്കാത്ത ഗുരു

‘പാസ്‌തോരാസ് ദാസോ വോബിസ് –  ഞാന്‍ നിങ്ങള്‍ക്ക് ഇടയന്മാരെ നല്‍കും’. ഈ വിഷയത്തെ അക്ഷരാര്‍ത്ഥത്തില്‍ ജീവിച്ചുകാണിച്ച മഹാനായ മനുഷ്യന്‍. ‘നിങ്ങള്‍ പഠിപ്പിക്കാന്‍ പഠിക്ക്’ എന്ന് പഠിപ്പിച്ച അദ്ധ്യാപകന്‍ ആയിരുന്നു മംഗലത്തച്ചന്‍. 1975 മുതല്‍ 1996 വരെ കോട്ടയം സെന്റ് തോമസ് അപ്പസ്‌തോലിക സെമിനാരിയില്‍ റെസിഡന്റ് പ്രൊഫസര്‍ ആയും പിന്നീട് വിസിറ്റിംഗ് പ്രൊഫസര്‍ ആയും സേവനം ചെയ്തു. 1985 മുതല്‍ 2010 വരെ കോട്ടയത്തെ വിസിറ്റിംഗ് പ്രൊഫസര്‍ ആയും തുരുവനന്തപുരത്ത് സെന്റ് മേരീസ് മലങ്കര സെമിനാരിയുടെ ഡീന്‍ ഓഫ് സ്റ്റഡിയായും ശുശ്രൂഷ നിര്‍വ്വഹിച്ചും ഇതിനിടയില്‍ 1996 മുതല്‍ 2000 വരെ തിരുവനന്തപുരം മലങ്കര സെമിനാരിയുടെ റെക്ടറായും സ്ഥാനം അലങ്കരിച്ചു.

2007 ല്‍ തിരുവനന്തപുരം അതിരൂപത തിരിഞ്ഞ് മാവേലിക്കര രൂപത രൂപീകൃതമായി. അതേ തുടര്‍ന്ന് 2011 ല്‍ തന്റെ മാതൃരൂപതയിലേക്ക് തിരികെ വന്ന് 2011 മുതല്‍ 2013 വരെ മാവേലിക്കര മാര്‍ ഇവാനിയോസ് മൈനര്‍ സെമിനാരിയുടെ ഡീന്‍ ഓഫ് സ്റ്റഡിസായും 2013 മുതല്‍ 2017 വരെ റെക്ടറായും ശുശ്രൂഷ നിര്‍വ്വഹിച്ചു. പഠിപ്പിക്കുന്നത് ആദ്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതെങ്ങനെയെന്ന് കാട്ടിത്തന്ന കര്‍മ്മയോഗിയായിരുന്നു മംഗലത്തച്ചന്‍.

വലിയ ശിഷ്യഗണം

ഒരു ഗുരുവിന്റെ സമ്പത്ത് എന്ന് പറയുന്നത് അവന്റെ ശിഷ്യഗണമാണ്. അങ്ങനെയെങ്കില്‍ അതിലേറെ സമ്പന്നനാണ് മംഗലത്തച്ചന്‍. നിരവധി പിതാക്കന്മാരും അനേകായിരം വൈദികരും നൂറുകണക്കിന് സിസ്റ്റേഴ്‌സും ഈ ഗണത്തില്‍ പെടും.

വിന്‍സെന്റ് മാര്‍ പൗലോസ്, മാര്‍ ജേക്കബ് മുരിക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ ജോസഫ് കൊടകല്ലില്‍, മാര്‍ ടോമി തറയില്‍, മാര്‍ ജോസഫ് പാമ്പ്‌ളാനി, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടം, മാര്‍ ജോസഫ് വയലുങ്കല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിപ്പുരക്കല്‍ തുടങ്ങിയ പിതാക്കന്മാരുടെ വലിയനിര തന്നെയാണ് അച്ചന്റെ ശിഷ്യന്മാര്‍.

അന്ത്യനിമിഷങ്ങള്‍

കഴിഞ്ഞ രണ്ടുദിവസമായി ആരോഗ്യനില വളരെ മോശമായിതിനാല്‍ തിരുവല്ല, പുഷ്പഗിരിയില്‍ ഐസൊലേറ്റഡ് ഐ.സി.യു വില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ആ തിരിനാളം അണഞ്ഞു. അച്ചന്റെ മരണാനന്തരശുശ്രൂഷകള്‍ അടൂര്‍ പാറക്കട്ടം സെന്റ്. ജോസഫ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തില്‍ 2018 സെപ്റ്റംബര്‍ 5 ന് രാവിലെ 9 മണിക്ക് ആരംഭിക്കും.

ഓരോ തുടക്കവും അവസാനത്തിന്റെ ഉദ്ഘാടനമാണ് എന്ന് എപ്പോഴും പറയുന്ന അദ്ദേഹം  നിത്യജീവിതത്തിലെ ഉദ്ഘാടനം തന്റെ മരണത്തില്‍ കൂടി നടത്തിയിരിക്കുകയാണ്.

സ്‌നേഹമുള്ള അച്ചാ, അങ്ങ് ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ ജ്ഞാനത്തിന്റെ വിളക്ക് ഒരിക്കലും അണഞ്ഞുപോകില്ല. പോകാതിരിക്കാന്‍ തമ്പുരാന്റെ സന്നിധിയില്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ….

‘പരിചില്‍ മുടഞ്ഞൊരു നല്‍മുടികള്‍

ബലിപീഠത്തിലിരിപ്പുണ്ട്

നിര്‍മ്മലരായ് പരികര്‍മ്മിപ്പൊ

രാചാര്യര്‍ക്കവ ചൂടീടും…’

ഫാ. ജോൺ തോട്ടത്തിൽ   

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.