
ഇംഗ്ലണ്ട്, ഫ്രാൻസ്, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിൽ മാമ്മോദീസ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ ഈസ്റ്ററിൽ ഫ്രാൻസിൽ 10,000-ത്തിലധികം മുതിർന്നവർ മാമ്മോദീസ സ്വീകരിച്ചു. 2023-ൽ മാമ്മോദീസ സ്വീകരിച്ച മുതിർന്നവരുടെ എണ്ണത്തേക്കാൾ 45% വർധനവ് ആണ് ഉണ്ടായിട്ടുള്ളത്. ഇംഗ്ലണ്ടിലെ രൂപതകളിലും മാമ്മോദീസ സ്വീകരിച്ച ആളുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉള്ളത്.
ഫ്രാൻസിൽ, ഈസ്റ്ററിൽ 10,384 മുതിർന്നവർ സ്നാനമേറ്റു എന്ന് ഫ്രഞ്ച് കത്തോലിക്കാ ബിഷപ്പ് കോൺഫറൻസിന്റെ വെബ്‌സൈറ്റിൽ വെളിപ്പെടുത്തി. കൂടാതെ, 11 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ 7,400 പേർ സ്നാനമേറ്റു. ഈ കണക്കുകൾ 2023-ൽ സഭയിൽ ചേർന്ന ആളുകളുടെ എണ്ണത്തേക്കാൾ വലിയ വർധനവ് കാണിക്കുന്നു. മാമ്മോദീസ സ്വീകരിക്കാൻ തീരുമാനിച്ചവരിൽ ഏറ്റവും കൂടുതൽ പേർ 18 നും 25 നും ഇടയിൽ പ്രായമുള്ളവരാണെന്ന് ഫ്രഞ്ച് ബിഷപ്പുമാർ പറഞ്ഞു. ഇത് സമീപകാല പ്രവണതകളിൽ നിന്ന് വ്യത്യസ്തമാണ്.
ഇംഗ്ലണ്ടിൽ മാമ്മോദീസ സ്വീകരിച്ച യുവജനങ്ങളുടെ എണ്ണത്തിൽ സമാനമായ രീതിയിൽ വൻ വർധനവാണ് ഉള്ളത്. ഈ ഈസ്റ്ററിൽ 500 മുതിർന്നവർ കത്തോലിക്കാ സഭയിൽ ചേർന്നതായി വെസ്റ്റ്മിൻസ്റ്റർ രൂപത റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഈസ്റ്ററിൽ മാമ്മോദീസ സ്വീകരിച്ച മുതിർന്നവരുടെ എണ്ണത്തേക്കാൾ 25% കൂടുതലാണിതെന്ന് വെസ്റ്റ്മിൻസ്റ്റർ രൂപത പറഞ്ഞു.
അമേരിക്കയിലുടനീളമുള്ള രൂപതകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സമാനമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നു. ലോസ് ഏഞ്ചൽസ് അതിരൂപതയിൽ, ഈസ്റ്റർ സീസണിൽ 5,000-ത്തിലധികം ആളുകൾ മാമ്മോദീസ സ്വീകരിച്ചു കത്തോലിക്കാ സഭയിൽ അംഗങ്ങളായി. 4.3 ദശലക്ഷം കത്തോലിക്കരുള്ള
ലോസ് ഏഞ്ചൽസ് അതിരൂപത അമേരിക്കയിലെ ഏറ്റവും വലിയ രൂപതയാണ്.