നമുക്കിനി ഒരുമിച്ച് അത്താഴം കഴിക്കാം; നമ്മുടെ കുഞ്ഞുങ്ങളെ ഓര്‍ത്ത്

ഇന്നത്തെ കാലത്ത് ജോലിത്തിരക്കുകളും നൈറ്റ് ഷിഫ്റ്റും കുട്ടികളുടെ ട്യൂഷനുമൊക്കെയായി ഓരോരോ കാരണങ്ങളാൽ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് അത്താഴം കഴിക്കുന്ന അവസരങ്ങൾ കുറവായിക്കൊണ്ടിരിക്കുന്നു. പണ്ടൊക്കെ ആയിരുന്നെങ്കിൽ അത്താഴത്തിനെങ്കിലും എല്ലാവരും കൂടി ഇരുന്ന് വിശേഷങ്ങൾ പരസ്പരം പങ്കിടുമായിരുന്നു. ഇപ്പോൾ തമ്മിൽകണ്ടു സംസാരിക്കാൻപോലും ആർക്കും സമയം കിട്ടാറില്ല. ഒട്ടുമിക്ക വീടുകളിലേയും അവസ്ഥ ഇതാണ്. എല്ലാ തിരക്കുകളും മാറ്റിവച്ചാലും അപ്പോൾ വില്ലനായി വരുന്നത് ടിവി സീരിയലുകളും ഇൻറ്റർനെറ്റും ആയിരിക്കും. ഊണുമേശയിൽ എല്ലാവരും ചുറ്റുമിരുന്ന് വിശേഷങ്ങൾപറഞ്ഞു കഴിച്ചിരുന്ന അത്താഴങ്ങൾ ഇന്ന്‌ ടിവിയ്ക്കു മുൻപിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു.

ഇത്തരം നല്ല നടപ്പുകള്‍ നശിപ്പിക്കുന്നതുവഴി നമ്മള്‍ ഇല്ലാതാക്കുന്നത് നമ്മുടെ കുഞ്ഞുങ്ങളുടേയും അതിലുപരി നമ്മുടെ കുടുംബത്തിന്റെയും അടിത്തറയാണ്. ശാസ്ത്രീയമായി നടത്തിയ നിരവധി പഠനങ്ങളില്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒന്നിച്ച് എല്ലാ ദിവസവും അത്താഴം കഴിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയുന്നുണ്ട്. അതിന് അവര്‍ പറയുന്ന കാരണങ്ങൾ കാണാം.

1. പ്രശ്നങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ അകറ്റിനിർത്താം

മാതാപിതാക്കളോടൊപ്പം ജീവിക്കുകയും ഒന്നിച്ച് അത്താഴംകഴിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങൾ അപകടകരമായ കൂട്ടുകെട്ടുകളില്‍ അകപ്പെടുന്നത് താരതമ്യേന കുറവായിരിക്കും. കൊളംബിയ യൂണിവേഴ്സിറ്റിയിലെ National Center on Addiction and Substance, 2000 -ത്തില്‍ നടത്തിയ പഠനപ്രകാരം, കുടുംബത്തോടൊപ്പം അത്താഴം  കഴിക്കാത്ത കുട്ടികൾ മദ്യത്തിനും പുകയിലയ്ക്കും കഞ്ചാവിനും അടിമപ്പെടുന്നത്  മറ്റുകുട്ടികളെ അപേക്ഷിച്ച് 61% കൂടുതലാണ്. ചുരുക്കത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും കുടുംബത്തോടൊപ്പം അത്താഴം കഴിക്കുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന കുട്ടികൾ മദ്യത്തിനും പുകയിലയ്ക്കും   അടിമപ്പെടാനുള്ള സാധ്യത 20% -ലും താഴെയായിരിക്കും.

2. ബന്ധങ്ങൾ ദൃഢപ്പെടുത്താനുള്ള സമയം 

ശക്തവും സുദൃഢവും സന്തോഷവുമുള്ള ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ, കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള ഭക്ഷണസമയങ്ങൾ സഹായിക്കും. തിരക്കേറിയ ജീവിതത്തിൽ  അർഥവത്തായ കൂടിച്ചേരലുകൾ കണ്ടെത്താൻ വിഷമിക്കുന്ന ഈ കാലഘട്ടത്തിൽ അത്താഴസമയങ്ങളിലെ കൂട്ടായ്മകൾ ഒരു പരിഹാരമാർഗമാണ്. ഒന്നിച്ച് ഇടപഴകുകയും പങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെ കുടുംബാംഗങ്ങൾക്ക്  ആരോഗ്യപരവും മാനസികവുമായ വളർച്ച സാധ്യമാവുകയും  ചെയ്യുന്നു.

3. സ്ഥിരത വാഗ്ദാനം ചെയ്യുന്നു

ശക്തവും അതുല്യവുമായ കുടുംബത്തെ വാർത്തെടുക്കാൻ എല്ലായ്‌പ്പോഴും  ഒന്നിച്ചായിരിക്കുന്ന അത്താഴനിമിഷങ്ങൾ സഹായകമാണ്. കുടുംബത്തിലെ അംഗം എന്ന ബോധ്യം വളർത്തിയെടുക്കാൻ ഒരുമിച്ചുള്ള ഭക്ഷണസമയങ്ങൾ വഴിതെളിക്കുന്നു. കുടുംബത്തിൽ വളർത്തിയെടുക്കുന്ന ഈ ദിനചര്യയിലൂടെ സ്ഥിരതയും സുരക്ഷിതവുമായ ഒരു അന്തരീക്ഷം സ്വായത്തമാക്കുന്നു. അതുവഴി ഉണ്ടാകുന്ന പോസിറ്റീവ് എനർജിയിലൂടെ നല്ല പൗരന്മാരായി വളരാനുള്ള സാഹചര്യവും കുട്ടികൾക്കു ലഭിക്കുന്നു.

4. കുടുംബത്തിലെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു

ഓരോരുത്തരുടേയും അനുദിനജീവിതത്തിലെ പുതിയ വിശേഷങ്ങള്‍ പരസ്പരം  പങ്കുവയ്ക്കാന്‍ ഒന്നിച്ച് അത്താഴം കഴിക്കുന്ന വീടുകളില്‍ സാധിക്കും. സ്കൂളിലും  ജോലിസ്ഥലത്തും നാട്ടിലും സുഹൃത്തുക്കൾക്കിടയിലുമുള്ള എല്ലാ  പുതിയവിശേഷങ്ങളും കുട്ടികൾക്കും മാതാപിതാക്കൾക്കും എല്ലാവർക്കും  പങ്കുവയ്ക്കാനുള്ള അവസരമായി അത് മാറുന്നു.

5. അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കാനുള്ള അവസരം

പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാനുമുള്ള ഒരു സ്വാഭാവികമായ അവസരമാണ് ദിനംപ്രതി കുടുംബങ്ങളിൽ ഒന്നുചേർന്നുള്ള അത്താഴസമയങ്ങൾ. കുടുംബത്തിലെ പുതിയ കാര്യങ്ങൾ ചർച്ചചെയ്യാനും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞുതീർക്കാനും ഒരു ഫാമിലി മീറ്റിംഗ് ഒരുക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍  അത്താഴസമയങ്ങളിൾ എല്ലാവരും ഒരുമിച്ചുവരുന്ന സാഹചര്യമുണ്ടെങ്കില്‍ അത് സാധ്യമാണ്. ആയതിനാല്‍ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാനും ദിവസംതോറുമുള്ള അത്താഴസമയങ്ങൾ ഉപയോഗപ്പെടുത്താം. കുട്ടികള്‍ക്ക് അതൊരു മാതൃകയായി മാറുകയും ചെയ്യും.

6. അനുഭവജ്ഞാനം കുട്ടികൾക്ക് പകർന്നുകൊടുക്കാം 

ഒന്നിച്ചുള്ള അത്താഴസമയങ്ങൾ ജ്ഞാനം പങ്കുവയ്ക്കാൻ സഹായിക്കുന്നു. വ്യത്യസ്തമായ വിഷയങ്ങളെക്കുറിച്ച് അത്താഴനേരങ്ങളിൽ ചർച്ചകളുണ്ടാകുമ്പോൾ ജ്ഞാനം  സ്വായത്തമാക്കാൻ എല്ലാവർക്കും സാധിക്കും. ഇത്തരം വീടുകളില്‍നിന്നു വരുന്ന കുട്ടികളിൽ പദസമ്പത്തും ലോകപരിചയവും കൂടുതലായിരിക്കും.

7. ആരോഗ്യപരമായ കുടുംബം

കുടുംബത്തോടൊപ്പം ഭക്ഷണംകഴിക്കുന്ന കുട്ടികൾക്ക് ആവശ്യമുള്ള എല്ലാ  പോഷകാഹാരവും ലഭിക്കുന്നു എന്നതാണ് അവസാനത്തെ കാര്യം.  മാതാപിതാക്കളോടൊപ്പമിരുന്ന് ഭക്ഷണംകഴിക്കുന്ന കുട്ടികൾ വളരെ  നന്നായി ഭക്ഷണം കഴിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. പുറത്തുനിന്നും ഫാസ്റ്റ് ഫുഡ് വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കുന്നതുവഴി വീട്ടിൽനിന്നും കൊഴുപ്പുകുറഞ്ഞതും  ആരോഗ്യപരവുമായ രീതിയിൽ തയ്യാറാക്കിയ ഭക്ഷണം കുട്ടികൾ കഴിക്കാൻ ഇടയാക്കുകയും ചെയ്യും.

നമ്മുടെ ഓരോ ദിവസത്തിലെയും ഒരിക്കൽ മാത്രമുള്ള ഒന്നിച്ചുള്ള അത്താഴനിമിഷങ്ങളെ നമ്മുടെ കുഞ്ഞുങ്ങൾക്കായി നമുക്ക് തിരിച്ചുകൊണ്ടുവരാം.

മിനു മഞ്ഞളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.