കുരിശിന്റെ വഴിയിൽ ഇത്തിരിനേരം 4: കുരിശ്

ഫാ. അജോ രാമച്ചനാട്ട്

“അവന്‍ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച്‌ അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട്‌ എന്നെ അനുഗമിക്കട്ടെ.” (ലൂക്കാ 9:23)

എന്താണ് കുരിശ്?

സിംപിളാണ്. Two straight lines – one is vertical and the other is horizontal – intersecting each other. പരസ്പരം മുറിച്ച് കടന്നുപോകുന്ന രണ്ട് നേർരേഖകൾ എന്ന്.

സഹനങ്ങളെ കുരിശ് എന്നാണ് നമ്മൾ നാട്ടുവർത്തമാനത്തിൽ വിശേഷിപ്പിക്കാറുള്ളത്. തെറ്റില്ല. എന്റെ സ്വാഭാവിക ഇഷ്ടം ദൈവേഷ്ടത്തോട് ചേരാതെ വരുന്നിടത്ത് എന്റെ സഹനം ആരംഭിക്കുകയാണ്. കയ്പുള്ള കഷായം കുടിക്കുന്നത് പോലെ.

വിവാഹത്തെപ്പറ്റി, കുടുംബജീവിതത്തെപ്പറ്റി ഞാൻ കണ്ട സ്വപ്നങ്ങളോട് യാഥാർത്ഥ്യം ചേരാതെ വരുമ്പോഴും ആഗ്രഹിച്ചതും സംഭവിക്കുന്നതും തമ്മിൽ പൊരുത്തപ്പെടാതെ വരുമ്പോഴും അപ്രതീക്ഷിതമായി ഒരു രോഗമോ അപകടമോ നമ്മെ പിടിച്ചു നിർത്തുമ്പോഴും ഏറെ നാളത്തെ അദ്ധ്വാനങ്ങൾക്ക് ഫലം കിട്ടാതെ വരുമ്പോഴും പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതെ വരുമ്പോഴും പ്രിയപ്പെട്ടവരോ അധികാരികളോ മനസിലാക്കാതെ വരുമ്പോഴും മുമ്പിലുള്ളത് കുരിശ് തന്നെ !
സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം തന്നെ. പ്രതീക്ഷയും ജീവിതവും തമ്മിലുള്ള അകലം തന്നെ.

ക്രിസ്തുവിനെ അനുഗമിക്കുകയെന്നാൽ കുരിശ് സന്തോഷത്തോടെ ഏറ്റെടുക്കുകയാ ണെന്ന് വചനം. ദൈവഹിതത്തിന് മുൻപിൽ ഞാൻ ബോധപൂർവം തോറ്റുകൊടുക്കുകയാണ്. ക്രിസ്തുതന്നെയും കുരിശിന്റെ മുൻപിൽ അതാണല്ലോ ചെയ്തതും. ഗത്സമനിയിലേയ്ക്കൊന്നു നോക്കൂ, “പിതാവേ, കഴിയുമെങ്കിൽ.”
തോൽക്കാൻ റെഡിയായിട്ടു തന്നെയാണ്. തോറ്റു കൊടുക്കുന്നതാണ് പുണ്യമെന്ന് ലോകത്തെ പഠിപ്പിച്ചവൻ ക്രിസ്തുതമ്പുരാൻ.

പക്ഷെ, കാൽവരിയിൽ നാട്ടപ്പെട്ട കുരിശ് ചരിത്രത്തിന്റെ ഒത്ത നടുക്ക് നാട്ടപ്പെട്ട ജീവന്റെ വൃക്ഷമായി മാറുകയാണല്ലോ. ക്രിസ്തുതമ്പുരാൻ പിതാവിന്റെ ഹിതത്തിനു മുൻപിൽ തോറ്റുകൊടുക്കുന്നതും അതുകൊണ്ടാണ്.

തോൽക്കേണ്ടേ നമുക്ക്? അപ്പനു മുൻപിൽ, അമ്മയ്ക്കു മുൻപിൽ, കുടുംബത്തിനു മുൻപിൽ, സങ്കടങ്ങൾക്കു മുൻപിൽ, തകരുന്ന സ്വപ്നങ്ങൾക്കു മുൻപിൽ…നമുക്ക് തോൽക്കാമെന്നേ.

അല്ലയോ ജീവിതമേ, ഞാൻ തോറ്റുതരുന്നത് തോറ്റിട്ടല്ല, എന്റെ ചങ്കും കരളുമായ  ഈശോതമ്പുരാൻ കുരിശെടുക്കാൻ തോറ്റു നിന്നതു കൊണ്ടാണ്. അവന്റെ മുറിവുകളും ചതവുകളും, കണ്ണീരും നിലവിളിയും, മരണവേദനയും ഈ പ്രപഞ്ചത്തിനു രക്ഷയുടെ അമൃതായി മാറിയതുകൊണ്ടാണ്. നോമ്പല്ലേ, അരുചികൾ രുചികളാകട്ടെ. അനിഷ്ടങ്ങൾ ഇഷ്ടങ്ങളാകട്ടെ. എന്റെ സഹോ, കുരിശ് സിംപിളാണ്, പവർഫുള്ളാണ്.

ഫാ. അജോ രാമച്ചനാട്ട്