കുരിശിന്റെ വഴിയിൽ ഇത്തിരിനേരം 08: രക്തത്തിന്റെ പറമ്പ്

ഫാ. അജോ രാമച്ചനാട്ട്

“പ്രധാന പുരോഹിതന്‍മാര്‍ ആ വെള്ളിനാണയങ്ങള്‍ എടുത്തുകൊണ്ടുപറഞ്ഞു: ഇതു രക്‌തത്തിന്റെ വിലയാകയാല്‍ ഭണ്‌ഡാരത്തില്‍ നിക്‌ഷേപിക്കുന്നത്‌ അനുവദനീയമല്ല. അതുകൊണ്ട്‌, അവര്‍ കൂടിയാലോചിച്ച്‌, ആ പണം കൊടുത്ത്‌ വിദേശീയരെ സംസ്‌കരിക്കാന്‍ വേണ്ടി കുശവന്റെ പറമ്പു വാങ്ങി. അത്‌ ഇന്നും രക്‌തത്തിന്റെ പറമ്പ്‌ എന്ന്‌ അറിയപ്പെടുന്നു.” (മത്തായി 27: 6-8)

അത് രക്തത്തിന്റെ വിലയാണ്. നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരന്റെ ജീവന്റെ വിലയാണ്. അമ്മമേരിയുടെ കണ്ണീർപ്പുഴയുടെ വിലയാണ്.

ഒരു യാത്രയ്ക്കിടയിൽ വലിയൊരു വീടു ചൂണ്ടിക്കാട്ടി കൂടെയുള്ള സുഹൃത്ത് പറഞ്ഞു, “ഒരു മനുഷ്യന്റെ കണ്ണീരിന്റെ വീടാണത്.” ഇരുപതു വർഷത്തോളം വിദേശത്ത് ജോലി ചെയ്തൊരാളുടെ പണം മുഴുവൻ സഹോദരങ്ങൾ കൈക്കലാക്കിയതിന്റെ കഥ പറഞ്ഞുകേൾപ്പിച്ചു. അയാൾ നാട്ടുവിട്ടുപോയെന്ന്.
അവർക്കൊക്കെ ഭൂസ്വത്തും വീടുമായിയെന്ന്, അവർ നാട്ടിലെ പ്രമാണിമാരായെന്ന്.

എന്റെ സുഹൃത്തേ, ചുറ്റുമൊന്ന് നോക്കിയാൽ, “രക്തത്തിന്റെ പറമ്പു”കളും “കണ്ണീരിന്റെ വീടു”കളും ഏറെയുണ്ടെന്ന് ബോധ്യമാകും. ചതിയുടെയും, വഞ്ചനയുടെയും ഒറ്റിന്റെയും കഥകൾ പറയുന്ന വീടുകൾ, കൃഷിയിടങ്ങൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ…

മറ്റാരുടെയോ ചോരയും നീരുമാണത്. മറ്റാരുടെയൊക്കെയോ കണ്ണീരാണത്. മറ്റാരുടെയോ സ്വപ്നങ്ങളുടെ കൂടാരമാണത്. “അല്ലെങ്കിലും, നിങ്ങൾ നസ്രാണികൾക്ക് സ്വത്തിന്റെ കാര്യം വരുമ്പോൾ കാലിടറു” മെന്ന് ഒരാൾ വിലയിരുത്തിയതോർക്കുന്നു.

നമ്മൾക്കെന്താണ് പറ്റിയത്? സ്വത്തുവിഭജനം എത്തുന്നതുവരെയും ഒന്നായിരുന്ന നമ്മുടെ കുടുംബവീടുകൾ പിന്നെയെത്ര പെട്ടെന്നാണ് പല കഷണങ്ങളായിപ്പോകുന്നത്. ഒരിക്കലും ഒരുമിക്കാത്ത തരത്തിൽ സഹോദരങ്ങൾ തമ്മിൽ അകലുന്നത്. സഭാനേതൃത്വത്തിനെതിരെ പോലും എത്രയെത്ര ആരോപണങ്ങൾ, സംശയമുനകൾ.

ഏതായാലും സമ്പത്തും ക്രിസ്ത്യാനിയും തമ്മിൽ പലപ്പോഴും ‘മൂന്നാം നാൾ’ തന്നെയാണ്. സ്വത്തെന്നും സമ്പത്തെന്നും നമ്മൾ ഗണിച്ചവയിൽ ചിലതൊക്കെയും “രക്തത്തിന്റെ പറമ്പു”കളാവണം. കണ്ണീരിന്റെ വീടുകളായിരുന്നിരിക്കണം. ദൂരെയെവിടെയോ ആ നസ്രേത്തുകാരന്റെ ശബ്ദം മുഴങ്ങുന്നു, വീണ്ടും. “ദൈവത്തെയും മാമോനെയും…” അതു തന്നെയാണല്ലോ യൂദാസിന് സംഭവിച്ചതും.

ഫാ. അജോ രാമച്ചനാട്ട്