അമിത നിയമവാദം ക്രൈസ്തവരെ അവിവേകികളാക്കുന്നു

വത്തിക്കാന്‍ സിറ്റി: അമിത നിയമവാദം ക്രൈസ്തവരെ അവിവേകത്തിലേക്കാണ് നയിക്കുന്നതെന്ന് ഫ്രാന്‍സീസ് പാപ്പ. പിതാവായ ദൈവം നമുക്ക് നല്‍കിയിരിക്കുന്ന ഏറ്റവും വലിയ ദാനമാണ് പരിശുദ്ധാത്മാവ്. ക്രിസ്തീയ ജീവിതത്തില്‍ നാം നേരിടേണ്ടി വരുന്ന വിവേകശൂന്യതകളെ തിരിച്ചറിഞ്ഞ് നേര്‍വഴിയിലേക്ക് നയിക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു.
”ദൈവം നല്‍കിയ ഈ ദാനം എന്നേയ്ക്കുമായി നിലനില്‍ക്കട്ടെ. അവിവേകങ്ങളില്‍ ഉള്‍പ്പെടാതിരിക്കാനും ദുഷ്ടശക്തികള്‍ക്ക് വഴിപ്പെട്ട് അപമാനിതരാകാതിരിക്കാനും നമ്മെത്തന്നെ പരിശുദ്ധാത്മാവിലേക്ക് തുറക്കാം.” ഒക്‌ടോബര്‍ 6-ാം തീയതി കാസാ സാന്താ മാര്‍ത്തയില്‍ വച്ചു നടന്ന ദിവ്യബലിയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

തങ്ങളുടെ ആത്മീയജീവിതം പരിശോധിക്കുന്നതിനായി പാപ്പ നിരവധി ചോദ്യങ്ങള്‍ വിശ്വാസികള്‍ക്കായി നല്‍കുകയും ചെയ്തു. പരിശുദ്ധാത്മാവിനോട് തുറവിയുള്ള ഒരു ജീവിതമാണോ എന്റേത്? അങ്ങനെ തുറവിയുണ്ടെങ്കില്‍ മാത്രമേ സുവിശേഷത്തിന്റെ യഥാര്‍ത്ഥ സന്തോഷവും യേശുവിന്റെ കൃത്യമായ പഠിപ്പിക്കലുകളും എനിക്കു മനസ്സിലാകുകയുള്ളൂ. ഞാന്‍ പരിശുദ്ധാത്മാവിനെ അവഗണിക്കുന്നുണ്ടോ? ഞാന്‍ പള്ളിയില്‍ പോകുന്ന വ്യക്തിയായിരിക്കാം പക്ഷേ, പരിശുദ്ധാത്മാവിനെ അവഗണിക്കുകയാണെങ്കില്‍ അതു ശരിയാണോ?

ഒരു വ്യക്തിയുടെ ഉദാസീനമായ വിശ്വാസ ജീവിതം പരിശുദ്ധാത്മാവിനെ സങ്കടപ്പെടുത്തുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. തുറന്ന ഹൃദയത്തോടെ പ്രാര്‍ത്ഥിക്കാത്ത ഒരുവനെ മുന്നോട്ട് നയിക്കാന്‍ പരിശുദ്ധാത്മാവിന് സാധിക്കുകയില്ല. പരിശുദ്ധാത്മാവിനെ അപമാനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ പരിശുദ്ധാത്മാവിനോട് നിരന്തരമായി പ്രാര്‍ത്ഥിക്കാനാണ് പാപ്പ ആവശ്യപ്പെടുന്നത്. ”നമ്മുടെ ദൗര്‍ബല്യങ്ങളെ തിരിച്ചറിയാന്‍ ഇത് സഹായിക്കും. പീഡാസഹനത്തിന്റെ വഴികള്‍ അറിയാനും അതിലൂടെ സഞ്ചരിക്കാനും പരിശുദ്ധാത്മാവിന്റെ അനുഗ്രഹം ആവശ്യമാണ്.”

”നമ്മെ നയിക്കാന്‍ നാം പരിശുദ്ധാത്മാവിന് പ്രചോദനം നല്‍കാറില്ല എങ്കില്‍ ക്രൈസ്തവ വിശ്വാസ ജീവിതം മുന്നോട്ട് നീങ്ങില്ല. ക്രൈസ്തവര്‍ പരിശുദ്ധാത്മാവിന് സ്വാതന്ത്ര്യം നല്‍കണം.” പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ശിഷ്യന്‍നാര്‍ ഭയം അകന്ന് ധൈര്യമുള്ളവരായി മാറി എന്ന് തിരുവെഴുത്തുകള്‍ പറയുന്നു. പരിശുദ്ധാത്മാവിനെ അവഗണിക്കുന്നവര്‍ക്ക് ക്രിസ്തുവിലുള്ള വീണ്ടെടുപ്പ് സാധ്യമാകില്ല എന്നും പാപ്പ മുന്നറിയിപ്പ് നല്‍കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.