വയല്‍പ്പൂക്കളെ കണ്ടുപഠിക്കുക

  നീണ്ടയൊരു രാത്രിയ്ക്കുശേഷം പുലരി വീണ്ടും വിടരുകയായിരുന്നു. രാവിന്റെ ബലം നന്നേ ക്ഷയിച്ചിരിക്കുന്നു. പുതുമകളോടെ, പ്രതീക്ഷകളോടെ പുതിയ പുലരി. പുതിയ പൂക്കള്‍, നനുനനുത്ത കുളിര്,  ആരോ വാരിവിതറിയ പോലെ മഞ്ഞിന്‍ കണങ്ങള്‍… പുതിയ ആകാശം, പുതിയ സംഗീതം,  പുതിയ വാസന; പുലരി എല്ലാത്തിനെയും പുതിയതാക്കുകയായിരുന്നു.

  ഓരോ പുലരിയും ഓരോ ക്ഷണക്കത്തുകളാണ്. ദൈവത്തിന്റെ ക്ഷണക്കത്തുകള്‍… ഒരു പുതു ജീവനിലേയ്ക്കുള്ള ക്ഷണം  പേറുന്നവ . അനുദിനമുള്ള നിന്റെ നടവഴികളില്‍ നിന്ന് വേറിട്ടൊരു ക്ഷണം. ഒരല്‍പ്പം വ്യതിരക്തതകളിലേയ്ക്ക്, പുത്തന്‍ ദര്‍ശനങ്ങളിലേയ്ക്ക്, സ്‌നേഹപൂര്‍വ്വകമാം ധ്യാനങ്ങളിലേയ്ക്ക്…

  പുലര്‍കാലങ്ങളില്‍ ഒരല്‍പ്പം ധ്യാനപൂര്‍വ്വമിരിക്കാന്‍ ഞാനെത്രയോ പണിപ്പെട്ടിരുന്നു. ഉറക്കം എന്ന പോരാളിയോടായിരുന്നു എന്റെ യുദ്ധം. വളരെ വിരളമായല്ലാതെ ഞാനൊരിക്കലും വിജയിച്ചിട്ടില്ലെന്ന് ഞാനിന്ന് കുമ്പസാരിക്കുന്നു. യഥാര്‍ത്ഥത്തില്‍  എന്തായിരുന്നു സംഭവിച്ചിരുന്നത്? നമ്മുടെ ധ്യാനങ്ങളില്‍ ഏതോ ഒരു വങ്കന്‍ സ്വപ്നത്തിലെ നായകനെപ്പോലെ തിരുവചനത്താളുകളും അതിലെ വാക്കുകളും അക്ഷരങ്ങളുമായി നമ്മള്‍ മല്പ്പിടുത്തത്തിലാണ്. എന്തെങ്കിലൊക്കെയൊന്ന് അമൃതു പോലെ കടഞ്ഞെടുക്കാന്‍, പാറ്റിക്കൊഴിച്ച് വിജ്ഞാന ഭാണ്ഡാരത്തിലേയ്ക്ക് എടുത്തുവയ്ക്കാന്‍… അവിടെയായിരുന്നു പിഴച്ചത്. ധ്യാനങ്ങളും ധ്യാനചിന്തകളും ബുദ്ധിയുടെ ചക്കുകറക്കാനുള്ള നേരങ്ങളാ ണെന്ന് നമ്മെയൊക്കെ ആരോ വല്ലാതെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. വളരെയധികം അദ്ധ്വാനിക്കുകയും കിതയ്ക്കുകയും ഒടുവില്‍ തളര്‍ന്ന് ഉറക്കത്തിന്റെ തലങ്ങളിലേയ്ക്ക്… ധ്യാനങ്ങള്‍ ഒടുങ്ങുകയാണ്. പിന്നെയവിടെ ശേഷിക്കുന്നത് കുറെ കഴുത്തൊടിഞ്ഞ ജീവിതങ്ങള്‍’മാത്രം.

  നിന്റെ ജീവിതത്തിലെ നിശബ്ദതയാണ് നിന്റെ ധ്യാനം. എന്തിനെയും ധ്യാനിയ്ക്കാനാവും. എല്ലാറ്റിനെയും ഒരു ധ്യാന ചിന്തയോടെ സമീപിക്കുക; മറിയത്തെപ്പോലെ. എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചിരുന്നു അവള്‍. ലോകം കണ്ട ഏറ്റവും വലിയ യോഗിനിയായിരുന്നു മറിയം. ധ്യാനങ്ങള്‍ ഹൃദയപൂര്‍വ്വമാകട്ടെ. ബുദ്ധിയ്ക്കപ്പുറം ഒരു ലോകമുണ്ട്; ഹൃദയത്തിന്റെ ലോകം. ദൈവം നിറയുന്ന സ്ഥലം. ശാന്തമാകുക, അത് ദൈവമാണെന്നറിയുക. നിശബ്ദമാകുക; ജീവിതത്തില്‍ ദൈവമുണ്ടെന്ന് കാണുക. അത്ഭുതപൂര്‍വ്വം നോക്കൂ, ഒരു ഹിമകണത്തില്‍ ഒരു ലോകം മുഴുവന്‍ നിനക്ക് കാണാനാവും.

  ഓരോ പ്രാര്‍ത്ഥനയിലും ഒരു പുലരിയുടെ സ്വര്‍ഗ്ഗമുണ്ട്. ഓരോ പ്രാര്‍ത്ഥനയിലും ഒരു തുടക്കമുണ്ട്… നിന്റെ പ്രാര്‍ത്ഥനകളില്‍ ഒരിയ്ക്കലും ഒന്നുമവസാനിക്കുന്നില്ല എന്നതാണ് സ ത്യം. നമ്മുടെ കാഴ്ചപ്പുറങ്ങള്‍ നാം വളരെയധികം ഹൃസ്വമാക്കിയിരിക്കുന്നു. ഒരു കൊച്ചു വീടിന്റെ സ്വകാര്യതകളും ദുഃഖ ങ്ങളും ആഘോഷങ്ങളുമൊക്കെയായി നാം നമ്മുടേതായ വേലിക്കെട്ടുകളില്‍ ഒടുങ്ങാന്‍ തയ്യാറായിരിക്കുന്നു.

  അപരനില്‍ നിന്നുള്ള ഉപകാരങ്ങളുടെ സമൃദ്ധികള്‍ ഒരു നന്ദി പറച്ചിലില്‍, അനേകദിവസങ്ങളിലെ ഒരു പുഞ്ചിരി ഒരു ഹലോയില്‍, അപരനെ നൊമ്പരപ്പെടുത്തിയ നിമിഷങ്ങളെല്ലാം കൂട്ടി ടീൃൃ്യ എന്ന ഒരു വാക്കില്‍, അടക്കാനാവാത്ത ആത്മസംഘ ര്‍ഷങ്ങള്‍ ഒരുമുഴം കയറില്‍… എല്ലാം നാം ഒതുക്കി തീര്‍ക്കുകയാണ്… ഒന്നും ജീവിതത്തിലേയ്ക്ക് കടക്കുകയോ വളരുകയോ ചെയ്യുന്നില്ല. ഇതു പോലെ ഇന്നിന്റെ പ്രാര്‍ത്ഥനകളും. ഒന്നും ജീവിതത്തിലേയ്ക്ക് കടക്കുന്നില്ല; എല്ലാം ഒരു പ്രാര്‍ത്ഥനയില്‍ തീരുന്നു.

  പ്രാര്‍ത്ഥന ഒരു ബദ്ധപ്പാട് എന്നതിലപ്പുറം ഒന്നുമല്ലാതാവുന്നു എന്ന തിരിച്ചറിവ് എന്നെ വളരെയധികം നോവിക്കുന്നു.

  പ്രാര്‍ത്ഥന കൊണ്ടൊന്നുമവസാനിക്കുന്നില്ല, എല്ലാം തുടങ്ങുന്നതേയുള്ളൂ. പുതിയ ആകാശം, പുതിയ ഭൂമി, പുതിയ ജീ വന്‍, പുതിയ തീരുമാനങ്ങള്‍, സ്വപ്നങ്ങള്‍, തിരിച്ചറിവുകള്‍, കുമ്പസാരങ്ങള്‍, ചില വെട്ടിത്തിരുത്തലുകള്‍.

  പ്രാര്‍ത്ഥനകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന്റെ ഉപകാരമാണെന്ന് കരുതരുത്. ഇല്ലായ്മകള്‍ക്കും വല്ലായ്മകള്‍ക്കുമുള്ള ഒരു പരിഹാരവും. നിന്റെ പ്രാര്‍ത്ഥനകളില്‍ ഒരിക്കലും ഒന്നും മോഹിയ്ക്കരുത്; പ്രാര്‍ത്ഥിച്ചതൊക്കെയും അതേപടി ലഭിക്കുമെന്നും.

  പൂവിനെ ഇഷ്ടപ്പെടാത്തവര്‍ക്ക് എന്ത് പൂക്കാലം? വസന്തം അവര്‍ക്കു ഒരധികപ്പറ്റാണ്. പൂമ്പാറ്റകള്‍ ഒരസഹ്യതയാണ്.

  എന്റെ പ്രാര്‍ത്ഥനകള്‍ ഒരു പൂവിനുവേണ്ടിയായിരുന്നു. പൂ ചോദിക്കുന്നവനു ചുറ്റും വസന്തകാലമൊരുക്കുന്നവനാണ് ദൈവമെന്ന കേട്ടറിവുകളായിരുന്നു എന്റെ പ്രാര്‍ത്ഥനയുടെ പിന്‍ബലം.

  ഒരു മനോഹരമായ പൂവിനു വേണ്ടി ഞാന്‍ അതിയായി ആഗ്രഹിച്ചു. പക്ഷേ ദൈവം വച്ചു നീട്ടിയത് വസന്തത്തിന്റെ ഒരു സമൃദ്ധിയ്ക്ക് പകരം ഒരു മുള്‍ച്ചെടിയുടെ നൊമ്പരവും തിക്തതയുമായിരുന്നു. നിരാശകള്‍ പെരുത്തു. കോപമിരച്ചു കയറി. കുറെയധികം ദൈവത്തോട് കയര്‍ത്തു. എതിര്‍ത്തും പതം പറഞ്ഞും ഒടുക്കം തളരവേ മനസ്സില്‍ പറഞ്ഞു. ഒരു പക്ഷേ ഇതെന്റെ വിധിയായിരിക്കും.

  പൂ ചോദിച്ചുവന്നവന് മുള്‍ച്ചെടി. അങ്ങനെയെങ്കില്‍ ഒരു പൂക്കാലം ചോദിച്ചിരുന്നെങ്കില്‍. പ്രതീക്ഷകളും ആശകളുമൊടുങ്ങി, ഒപ്പം പ്രാര്‍ത്ഥനകളും. മുള്‍ച്ചെടിയെ ഞാന്‍ പൂര്‍ണ്ണമായും വെറുത്തു. അവഗണനയുടെ ശൂന്യതയിലേയ്ക്ക് വലിച്ചെറിഞ്ഞ് വെയിലേറ്റത് വാടുന്നതും കരിഞ്ഞുണങ്ങുന്നതും കാണാന്‍ ആഗ്രഹിച്ചിരുന്നു.

  ദിനങ്ങള്‍ കൊഴിഞ്ഞു. പൂവും മുള്‍ച്ചെടിയുമെല്ലാം എന്റെ ബോധമണ്ഡലത്തില്‍ നിന്നെങ്ങോ മറഞ്ഞു കഴിഞ്ഞിരുന്നു. പക്ഷേ ഒരു നാള്‍ ആ മുള്‍ച്ചെടി എന്റെ കണ്ണില്‍പ്പെട്ടു! അത്യധികം വ്യസനപ്പെട്ടുപോയ നിമിഷമായിരുന്നു അത്. അതില്‍ ഒരു പൂവും വിടര്‍ന്നിരിക്കുന്നു. വെള്ളവും വളവും കിട്ടാതെ, പരിഗണനയും, പരിചരണവും കിട്ടാതെ അത്യധികം ശുഷ്‌കിച്ചു പോയ ഒന്ന്.

  ഒത്തിരി നൊമ്പരപ്പെട്ട ഒരു നിമിഷം. ഒപ്പം തിരിച്ചറിവിന്റെയും പവിത്രമായ ധ്യാനത്തിന്റെയും… ഞാന്‍ അവഗണിച്ചതും വെറുത്തതും മുള്‍ച്ചെടിയെയായിരുന്നില്ല; എന്റെ ദൈവത്തെ തന്നെയായിരുന്നു. പൂ ചോദിച്ചപ്പോള്‍ പൂച്ചെടിതന്നവനെത്തന്നെ.

  ഈ മുള്‍ച്ചെടി പൂച്ചെടിയാണെന്ന തിരിച്ചറിവ് എനിക്ക് എവിടെയാണ് കൈ മോശം വന്നത് ? എന്റെ കരുതല്‍, ശ്രദ്ധ, പരിചരണം, അദ്ധ്വാനം എല്ലാമാവശ്യമായിരുന്ന ഒരു ചെടി.

  പ്രാര്‍ത്ഥനകള്‍ക്കപ്പുറത്തേയ്ക്ക് ദൈവവും ഞാനും തമ്മിലുള്ള എന്റെ ബന്ധം നീളുകയാണ്.ഒരു കൊടുക്കല്‍ വാങ്ങലിനപ്പുറത്തേയ്ക്ക് എനിയ്ക്കും ദൈവത്തിനുമിടയില്‍ ഒന്നുമില്ലേ? എന്നില്‍ നിന്ന് ദൈവം എന്തൊക്കെയോ ആവശ്യപ്പെടുന്നുണ്ട്. എന്റെ സഹകരണം, ശ്രദ്ധ, സ്‌നേഹം, പരിചരണം, ഉത്തരവാദിത്വം എല്ലാം. എന്റെ അശ്രദ്ധ കാരണം  എത്രയോ പൂമൊട്ടുക ള്‍ക്ക് പിറക്കാനാകാതെയും വിരിയാനാകാതെയും പോയിരിയ്ക്കുന്നു?

  എല്ലാ ജീവിതങ്ങള്‍ക്കും ഒരു കാത്തിരിപ്പുണ്ട്. ചില സാന്നിദ്ധ്യങ്ങള്‍ക്കായി, ഒരു പുഞ്ചിരിയ്ക്കായി, സ്‌നേഹിക്കുന്ന മനസ്സുകള്‍ക്കായി, പരിഗണനയ്ക്കും പ്രോത്സാഹനത്തിനുമായി, ഒരവസരത്തിനായി, ചിലപ്പോള്‍ ചില ചില പിടിവാശികള്‍ക്കായി, ചിലപ്പോള്‍ വെറുമൊരു പൂവിനായി.. ജീവിതം തന്നെയൊരു കാ ത്തിരുപ്പായിത്തീരുന്നു.

  പ്രാര്‍ത്ഥനയും ഒരു കാത്തിരിപ്പാണ്. ദൈവമനസ്സറിയാനുള്ള കാത്തിരിപ്പ്. പ്രാര്‍ത്ഥനകള്‍ക്കപ്പുറമുള്ള ജീവിതത്തിലേയ്ക്ക് കണ്ണുംനട്ട് ആകുലപ്പെടുന്ന എന്റെ മനസ്സിന് സ്വാന്തനമാകേണ്ട കാത്തിരിപ്പ്.

  കാലിത്തൊഴുത്തിനും, കാല്‍വരിയ്ക്കുമുള്ള തുച്ചമായ ജീവിതനേരങ്ങളില്‍ നസ്രായന്‍ എന്തിനായിരുന്നു മിക്കപ്പോഴും മലയുടെ ഏകാന്തതകളിലേയ്ക്കും, വിജനതകളുടെ മൂകതകളിലേയ്ക്കും ഉള്‍വലിഞ്ഞത്? അത്ഭുതങ്ങളുടെ ആഘോഷങ്ങളില്‍ നിന്നും ഉത്സവങ്ങളുടെ സമൃദ്ധിയില്‍ നിന്നും മലമുകളിലേയ്ക്ക് തനിച്ച് യാത്രയാകുന്നവന്‍… പിന്നീട് കാല്‍ചുവട്ടിലെ പൊരിമണലില്‍ സൂര്യന്‍ കത്തിനില്‍ക്കുമ്പോഴും, തന്റെ പാനപാത്രത്തി ന്റെ വക്കോളം മരണത്തിന്റെ കയ്പുനീര്‍ നിറഞ്ഞിരിക്കുന്നുവെ ന്ന തിരിച്ചറിവിലും അവന്‍ കയറിപ്പോവുകയാണ്. ഗത്‌സെമനി   യുടെ മടിത്തട്ടിലേയ്ക്ക്, തന്നെപ്പറ്റിയുള്ള ദൈവഹിതമറിയുവാനുള്ള കാത്തിരിപ്പിനായി.

  ദൈവമേ, നിന്റെ പ്രിയശിഷ്യര്‍ക്കുപോലും നിന്റെയൊപ്പമെത്താനായില്ല; അവര്‍ ഒരു കല്ലേറുദൂരമകലെയായിരുന്നു. പക്ഷേ; ഞാന്‍ എത്രയോ കാതമകലെയാണ്. നിനക്കായി കാത്തിരിയ്ക്കാനുള്ള എന്റെ ക്ഷമ നഷ്ടപ്പെട്ടിരിക്കുന്നു.

  ജീവിതത്തിന്റെ സാന്ദ്രമൗനങ്ങളില്‍, ആഘോഷത്തിന്റെ സമൃദ്ധിയില്‍, കണ്ണീര്‍ മഴപെയ്ത്തുകളുടെ നനയലില്‍, ശൂന്യതാബോധം പേറുന്ന ഏകാന്തതകളില്‍ എന്റെ പ്രാര്‍ത്ഥനകള്‍ എന്റെ ദൈവത്തിനുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. മാവില്‍ ചേര്‍ത്തുവച്ച പുളിപ്പുപോലെ പ്രാര്‍ത്ഥനകള്‍ ജീവിതതല്പ്പങ്ങളിലേയ്ക്ക് പടരുന്നു.

  പ്രാര്‍ത്ഥന ഒരു വഴിയാണ്. നിന്റെ പ്രാര്‍ത്ഥനകള്‍ ചിലപ്പോള്‍ നിന്നെ താബോറിന്റെ സൗന്ദര്യത്തിലേയ്ക്ക്, ഗത്‌സെമനിയുടെ ഏകാന്തതകളിലേയ്ക്ക് കൂട്ടി കൊണ്ടു പോകും. എങ്കി ലും ഈ താബോറുകളില്‍ നിന്നും ഗത്‌സെമനികളില്‍ നിന്നും ഒരു തിരിച്ചുവരവുണ്ടാവും എന്ന് മനസ്സിലാക്കുക. ഒട്ടേറെ തിരിച്ചറിവുകളോടെയും, വെളിപാടുകളോടെയുമുള്ള ഒരുതിരിച്ചു വരവ്. ചിലപ്പോള്‍ ജീവിതത്തിലേയ്ക്ക്, മറ്റു ചിലപ്പോള്‍ കൊലമരത്തിന്റെ ക്രൂരതകളിലേയ്ക്ക്.                        .

  വരൂ നമ്മള്‍ക്ക് വഴികള്‍ കണ്ടെത്താം; നിലാവു പരന്ന, ന ക്ഷത്ര വിളക്കുകള്‍ കണ്ണു തുറക്കുന്ന ആകാശത്തിനുതാഴെ ഈ ഭൂമിയില്‍.

  അങ്ങു ദൂരെ അപൂര്‍വ്വശോഭയോടെ നമുക്കായി ഒരു നക്ഷ ത്രം തിളങ്ങുന്നുണ്ട്; ഒരു പ്രാര്‍ത്ഥനാ നക്ഷത്രം. വഴിവിളക്കു പോലെ വിലപ്പെട്ട ഒന്ന്.

  വഴിവിളക്കുകള്‍ എറിഞ്ഞുടയ്ക്കുന്ന വിവരംകെട്ട കുട്ടിയാവരുത് നീ. നമ്മള്‍ക്ക് താണ്ടാനിനിയും എത്രയേറെ  കാതങ്ങള്‍, പടിയിറക്കങ്ങള്‍, തിരിച്ചറിവുകള്‍, വെളിപാടുകള്‍. വേഗം വരൂ സുഹൃത്തേ, നസ്രായന്‍ വളരെയധികം മുന്‍പിലാണ് വഴികള്‍ ദുര്‍ഘടവും.

  ജയിംസ് പുളിച്ചുമാക്കല്‍

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.