പട്ടിണി കിടന്നു മരിച്ചാലും ക്രിസ്തുവിലുള്ള വിശ്വാസം കൈവെടിയില്ല: ഛത്തീസ്ഗഡ് ക്രിസ്ത്യാനികള്‍

ചത്തീസ്ഗഢിലെ വിവിധ ഗ്രാമങ്ങളിലെ ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ കടുത്ത പീഡനങ്ങള്‍ അനുഭവിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ചത്തീസ്ഗഢിലെ ആദിവാസി ക്രിസ്ത്യാനികളെ ജോലിയില്‍ നിന്ന് അകറ്റിനിര്‍ത്തിക്കൊണ്ടും ഭക്ഷണസാധനങ്ങള്‍ നല്കാതെയുമാണ് പീഡിപ്പിക്കുന്നത്.

ഭക്ഷണസാധനങ്ങള്‍ കടക്കാര്‍ നല്‍കാത്തതുമൂലം ക്രിസ്ത്യാനികള്‍ പലരും പട്ടിണിയിലാണ്. ഇതിനൊപ്പം തന്നെ ഇവരില്‍ പലരുടെയും വീടുകള്‍ അക്രമികള്‍ നശിപ്പിക്കുകയും ചെയ്തു. ബോഡിഗുഡ ഗ്രാമത്തിലെ ഇരുപത്തിയഞ്ചോളം ക്രിസ്ത്യാനികള്‍ക്കാണ് തങ്ങളുടെ വീട് നഷടപ്പെട്ടത്. ഇതില്‍ കൊച്ചുകുട്ടികളും ഉള്‍പ്പെടുന്നു. കൂടാതെ, ക്രിസ്ത്യാനികളുടെ വീടുകള്‍ തേടിപ്പിടിച്ച് അവരുടെ വസ്തുവകകളും മറ്റും നശിപ്പിക്കുന്ന പ്രവണതയും മറ്റും വര്‍ദ്ധിച്ചുവരികയാണ്.

ഇത്തരം വിവരങ്ങള്‍ പോലീസിനെ അറിയിച്ചാല്‍ക്കൂടി അവരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടാകാറില്ല എന്നും വിശ്വാസികള്‍ വെളിപ്പെടുത്തുന്നു. എങ്കിലും, പീഡനങ്ങളുടെ നടുവിലും വിശന്നുമരിക്കേണ്ടി വന്നാലും ക്രിസ്തുവിലുള്ള വിശ്വാസം തങ്ങള്‍ ഉപേക്ഷിക്കുകയില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടുത്തെ ക്രിസ്ത്യാനികള്‍.