കെസിബിസി കാരുണ്യവർഷ സമാപനം നവംബർ 12ന്

കോട്ടയം: കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും സംയുക്‌താഭിമുഖ്യത്തിൽ കാരുണ്യവർഷ സമാപനം കോട്ടയത്ത് നവംബർ 12ന് സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സമാപന സമ്മേളനം. സമാപനപരിപാടികൾക്കു മുന്നോടിയായുള്ള ആലോചനായോഗം കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടത്തി.

കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സമാപനാഘോഷങ്ങളുടെ വിശദാംശങ്ങൾക്ക് രൂപം നൽകി. ജനറൽ കൺവീനർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് സമാപനാചരണങ്ങളുടെ ക്രമീകരണങ്ങൾ വിശദീകരിച്ചു. മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ, മോൺ. ജോസഫ് മുണ്ടകത്തിൽ, ഫാ. വർഗീസ് വള്ളിക്കാട്ട്, ഫാ. റോയി വടക്കേൽ, ഫാ. പോൾ മാടശേരി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
സമാപനാചരണത്തിനു മുന്നോടിയായി കോട്ടയം പ്രദേശത്തുള്ള 100 ഇടവക ദേവാലയങ്ങളിൽ കരിസ്മാറ്റിക് പ്രസ്‌ഥാനത്തിന്റെ സഹകരണത്തോടെ സായാഹ്ന കൺവൻഷനുകളും അഖണ്ഡ ജപമാല പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും മധ്യസ്‌ഥ പ്രാർഥനയും ക്രമീകരിക്കാനും സമാപനദിനമായ നവംബർ 12നു ഉച്ചകഴിഞ്ഞു 1.30നു തെള്ളകം ഹോളിക്രോസ് സ്കൂളിൽനിന്നു ചൈതന്യ പാസ്റ്ററൽ സെന്ററിലേക്കു കാരുണ്യസന്ദേശയാത്ര ക്രമീകരിക്കാനും യോഗം തീരുമാനിച്ചു.
സമാപന പൊതുസമ്മേളനത്തോടനുബന്ധിച്ചു കേരളത്തിലെ കത്തോലിക്കാ രൂപതകളിലും പൊതുസമൂഹത്തിലും വിവിധ മേഖലകളിൽ കാരുണ്യശുശ്രൂഷ ചെയ്യുന്ന 34 കാരുണ്യപ്രവർത്തകരെയും സന്നദ്ധ പ്രസ്‌ഥാനങ്ങളെയും ആദരിക്കും. പൊതുസമ്മേളനത്തെത്തുടർന്നു കേരള കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രതിബദ്ധത–കാരുണ്യശുശ്രൂഷകളുടെ അവതരണവും ഭിന്നശേഷിയുള്ള കുട്ടികളുടെ കലാവിരുന്നും വിവിധ കലാപരിപാടികളും നടത്തും.
എല്ലാ കത്തോലിക്കാ രൂപതകളിൽനിന്നും പ്രതിനിധികൾ പങ്കെടുക്കുന്നതിനു പുറമെ കോട്ടയം, ചങ്ങനാശേരി, വിജയപുരം, പാലാ, കാഞ്ഞിരപ്പള്ളി, തിരുവല്ല രൂപതകളിൽ നിന്നുള്ള വൈദിക, സന്യസ്ത പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും സംഘടനാ ഭാരവാഹികളും സമാപനപരിപാടികളിൽ പങ്കെടുക്കും.

Source: deepika.com

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.