കാവൽ മാലാഖമാർ നിങ്ങൾ അറിയേണ്ട  അഞ്ചു വസ്തുതകൾ

“ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗ്ഗത്തിൽ അവരുടെ ദൂതൻമാർ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചു കൊണ്ടിരിക്കുകയാണന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 18:10).

കത്തോലിക്കാ സഭയിൽ ഒക്ടോബർ രണ്ടിനു കാവൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്നു. 1670 ൽ ക്ലമന്റ് പത്താമൻ പാപ്പയാണ് നമ്മളെ അനുദിനം സംരക്ഷിക്കുന്ന കാവൽ മാലാഖമാർക്കു വേണ്ടി ഒരു തിരുനാൾ ആഗോള കത്തോലിക്കാസഭയിൽ  ആരംഭിച്ചത്. ഈ ദിനം നമ്മുടെ സ്വന്തം കാവൽ മാലാഖമാർക്കാണ് പ്രത്യേക പ്രാധാന്യം നൽകുന്നത്. കത്തോലിക്കാ സഭയുടെ പാരമ്പര്യമനുസരിച്ച് എല്ലാ രാജ്യങ്ങൾക്കും, നഗരങ്ങൾക്കും, രൂപതകൾക്കും, ഇടവകകൾക്കും സ്വന്തം കാവൽമാലാഖമാർ ഉണ്ട്.

ദൈവത്തിന്റെ ആകർഷണീയമായ വലിയ രഹസ്യങ്ങളാൽ ആവൃതമായ ഒരു സൃഷ്ടി ആണ് മാലാഖമാർ. നന്മുടെ അറിവു പോലും ഇല്ലാതെ നമ്മളെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നമ്മുടെ കാവൽമാലാഖമാരോട് നാം വളരെയധികം കടപ്പെട്ടിരിക്കുന്നു. അവർ ശാന്തമായി നമ്മുടെ കാര്യങ്ങളിൽ ഇടപെടുന്നു, അവരുടെ ജോലി എളിയരിതീയിൽ പൂർത്തീകരിക്കുന്നു.

സ്വർഗ്ഗീയ സഹായകരായ നമ്മുടെ കാവൽ മാലാഖമാരെ മനസ്സിലാക്കാനും ബഹുമാനിക്കാനും അഞ്ചു വസ്തുതകൾ.

1) ലോകത്തിലുള്ള എല്ലാ വ്യക്തികൾക്കും കാവൽ മാലാഖമാരുണ്ട്.

ദൈവശാസ്ത്രജ്ഞന്മാർ വിശ്വസിക്കുകയും യുവജന മതബോധന ഗ്രന്ഥം  സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന യാഥാർത്ഥ്യമാണിത്. “ഓരോ വ്യക്തിയും ദൈവത്തിൽ നിന്ന് ഒരു കാവൽ മാലാഖയെ സ്വീകരിക്കുന്നു.” (55). ഇത് വിശുദ്ധ ഗ്രന്ഥമായും, വിശുദ്ധരായ സഭാപിതാക്കന്മാരായ ബേസിൽ, ജറോം  തോമസ് അക്വീനാസ് എന്നിവരുടെ പഠനങ്ങളുമായി ചേർന്നു പോകുന്നവയുമാണ്. കാവൽമാലാഖ രക്ഷിച്ച അനുഭവങ്ങൾ അക്രൈസ്തവർ പോലും പങ്കുവയ്ക്കാറുണ്ട്.

മൈക്ക് അക്വിലീന (Mike Aquilina) തന്റെ പുസ്തകമായ ദൈവത്തിന്റെ മാലാഖമാരിൽ (Angels of God) അവന്റെ സുഹൃത്തിന്റെ അനുഭവം പങ്കുവയ്ക്കുന്നു.

“എന്റെ ഒരു സുഹൃത്ത് പ്രസിദ്ധനായ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പരിശീലനം നേടിയ തത്വചിന്തകൻ, അവൻ അവിശ്വസിയായ യുവാവായിരുന്നു. ഒരു ദിവസം അവൻ കടലിൽ നീന്തുമായിരിന്നു. പൊടുന്നനെ വന്ന ഒരു അടിയൊഴുക്ക് അവനെ കൊണ്ടുപോയി. സഹായിക്കാൻ ആരുമില്ലാതിരുന്ന അവൻ മരണത്തിന്റെ വക്കിലെത്തി. പെട്ടന്ന് വലിയ ഒരു കരം അവനെ പൊക്കിയെടുത്ത് തീരത്തേക്ക് എറിഞ്ഞു. അവന്റെ രക്ഷകൻ ഉറച്ച പേശിബലുള്ള ശക്തനായിരുന്നു. വിറച്ചുകൊണ്ട് എന്റെ കൂട്ടുകാരൻ അവനു നന്ദി പറയാൻ ശ്രമിച്ചപ്പോൾ, അവനെ നോക്കി ചിരിച്ചുകൊണ്ട് രക്ഷകൻ അദൃശ്യനായി. ഈ സംഭവം എന്റെ സുഹൃത്തിന്റെ മാനസാന്തരത്തിനു നിർണ്ണായ ഘടകമായി. “

2) കാവൽ മാലാഖമാരെ ഓരോ ജീവന്റെയും ആരംഭത്തിൽ  ദൈവം നിയോഗിക്കുന്നു.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വിവരിക്കുന്നതു പോലെ, ” ജീവിതത്തിന്റെ ആരംഭം മുതൽ മരണം വരെ മനഷ്യ ജീവിതം കാവൽ മാലാഖമാരുടെ മധ്യസ്ഥത്താലും, ശ്രദ്ധാപൂർവ്വമായ സംരക്ഷണയാലും ചുറ്റപ്പെട്ടതാണ് ” (CCC 336).  അണ്ഡവും ബീജവും   അമ്മയുടെ ഗർഭപാത്രത്തിൽ ഒന്നിക്കുന്ന സമയം മുതൽ നമ്മുടെ കാവൽക്കാരായി മാലാഖമാരെ ദൈവം നിയോഗിക്കുന്നു.  ഗർഭണികളായ സ്ത്രീകൾക്ക് രണ്ട് കാവൽ മാലാഖമാർ സംരക്ഷിക്കാനുണ്ട് എന്നത് ഒരു പൊതു വിശ്വസമാണ്.

3) കാവൽ മാലാഖമാർക്ക് പേരില്ല.

വിശുദ്ധഗ്രന്ഥത്തിൽ പേരുകളുള്ള ഗബ്രിയേൽ, മിഖായേൽ റഫായേൽ എന്നിവർക്ക് ഒഴികെ, മാലാഖമാർക്ക് പേരുകൾ നൽകുന്ന പ്രവണത  നിരുത്സാഹപ്പെടുത്തണം എന്നതാണ് കത്തോലിക്കാ സഭയുടെ നിർദേശം. (Congregation of Divine Worship and the Sacraments, The Directory of Popular Piety, n. 217, 2001). നാമം എപ്പോഴും ഒരു പരിധി വരെ മറ്റു വ്യക്തികളുടെ മേൽ ഒരു അധികാരം ഉൾക്കൊള്ളുന്നതാണ്. ഉദാഹരണത്തിന്  എനിക്ക് നിന്റെ പേരറിയാം, എനിക്ക് എന്തെങ്കിലും ആവശ്യം വരുമ്പോൾ  ഞാൻ പേരെടുത്തു നിന്നെ വിളിച്ചാൽ, അതിൽ അധികാരത്തിന്റെ ഒരു അംശം ഒളിഞ്ഞു കിടപ്പുണ്ട്. നമുക്ക് നമ്മുടെ കാവൽ മാലാഖമാരുടെ മേൽ യാതൊരു അധികാരവുമില്ല. അവരുടെമേൽ അധികാരമുള്ള ഒരേ ഒരു കമാൻഡർ ദൈവം മാത്രമാണ്. നമുക്ക് അവരുടെ സഹായവും, തുണയും അപേക്ഷിക്കാം, പക്ഷേ ഒരിക്കലും അവർ നമ്മുടെ ആജ്ഞാനുവർത്തികളല്ല. അതിനാൽ കാവൽമാലാഖമാർക്ക് പേരിടുന്നത് സഭ നിരുത്സാഹപ്പെടുത്തുന്നു.

4) മരണശേഷം നമ്മൾ കാവൽമാലാഖമാർ ആകുന്നില്ല.

മരണശേഷം നമ്മൾ എല്ലാവരും മാലാഖമാരായി രൂപാന്തരപ്പെടും എന്ന ഒരു ബഹുജന വിശ്വാസമുണ്ട്. എന്നാൽ നമ്മൾ മരിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ നിന്ന് നാം കുറച്ചു കാലത്തേക്ക് വേർപിരിയും, അവസാന കാലത്ത്  വീണ്ടും ഒന്നിക്കാനായി. ഈ കാത്തിരിപ്പു കാലത്ത് നാം മാലാഖമാർ ആകുന്നില്ല. എല്ലാ കാവൽമാലാഖമാരും സൃഷ്ടിയുടെ ആരംഭത്തിലെ ഒരു നിമിഷത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്.

“മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു.ജനിക്കുന്നതിനു മുമ്പുതന്നെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു. ” (ജെറമിയാ 1:5). എന്ന ജെറമിയാ പ്രവാചകന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്.

ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോൾ നമുക്ക് വേണ്ടി ഒരു കാവൽ മാലാഖയെ അവൻ മനസ്സിൽ കണ്ടിരുന്നു.

5) കാവൽ മാലാഖമാർ നമ്മളെ സഹായിക്കാനുള്ളവർ.

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം കാവൽ മാലാഖമാരെ  നമ്മളെ സംരക്ഷിക്കുകയും നിത്യജീവിതത്തിലേക്ക് നയിക്കുകയും ചെയുന്ന ഇടയന്മാരായാണ് ചിത്രീകരിക്കുന്നത്. നമ്മളെ സ്വർഗ്ഗത്തിലെത്തിക്കുക എന്നതാണ് അവരുടെ പ്രഥമ ലക്ഷ്യം. അനുദിനം അവരുടെ സഹായത്തിനു വേണ്ടി പ്രാർത്ഥിക്കാൻ  സഭ നമ്മളെ  പ്രോത്സാഹിപ്പിക്കുന്നു.

പ്രായഭേതമന്യേ പ്രാർത്ഥിക്കാനായി സഭ നമുക്ക് ഒരു പ്രാർത്ഥന തന്നിരിക്കുന്നു:

ദൈവത്തിന്റെ  മാലാഖേ,
ദൈവസ്നേഹം ഈ ലോകത്തിൽ  എന്നെ ഭരമേല്‌പിച്ചിരിക്കുന്ന എന്റെ സംരക്ഷകാ,
എന്നെ പ്രകാശിപ്പിക്കാനും സംരക്ഷിക്കാനും,
നയിക്കാനും ഭരിക്കാനും
എല്ലാ ദിവസവും
എന്റെ കൂട്ടിനുണ്ടാവണമേ.

ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.