ബര്‍ത്തലോമ്യോ ഒന്നാമന്‍ വിശ്വാസത്തില്‍ സഹോദരന്‍: ഫ്രാന്‍സീസ് പാപ്പ

പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭാ പാത്രിയര്‍ക്കീസ് ആയ ബര്‍ത്തലോമ്യോ ഒന്നാമനെ ‘വിശ്വാസത്തില്‍ തങ്ങളുടെ സഹോദരന്‍’ എന്ന് ഫ്രാന്‍സീസ് പാപ്പയും ബനഡിക്‌ററ് പാപ്പയും ഒരേ സ്വരത്തില്‍ വിശേഷിപ്പിച്ചു. എക്യൂമെനിക്കല്‍ പാത്രിയര്‍ക്കീസിന്റെ നന്മയെയും വിശ്വാസത്തെയും ഇരുവരും പ്രശംസിക്കുകയും ചെയ്തു. അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ അവതാരികയിലാണ് ഇരു പാപ്പാമാരും ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

”വിശ്വാസത്തില്‍ നമ്മള്‍ സഹോദരങ്ങളാണ്. അതിനാല്‍ നിരാശരാകാതെ പ്രത്യാശയുള്ളവരായിരിക്കുക. പൗരസ്ത്യ-പാശ്ചാത്യ ദേശങ്ങളിലെ എല്ലാ ക്രൈസ്തവരും ഒരേ സഭയുടെ സന്താനങ്ങളാണ്.” അവതാരികയില്‍ ഫ്രാന്‍സീസ് പാപ്പ എഴുതുന്നു. പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിയര്‍ക്കീസ് തിരഞ്ഞെടുപ്പിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിലാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഒക്‌ടോബര്‍ 11-നായിരുന്നു ഈ പുസ്തകം പ്രകാശനം ചെയ്തത്. ബര്‍ത്തലോമ്യോ ഒന്നാമനുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും ഈ സന്ദേശത്തില്‍ മാര്‍പാപ്പ വെളിപ്പെടുത്തുന്നുണ്ട്.

തന്റെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന ദിവസം റോമില്‍ വച്ചാണ് താന്‍ പാത്രിയര്‍ക്കീസിനെ കാണുന്നതെന്ന് ഫ്രാന്‍സീസ് പാപ്പ അനുസ്മരിച്ചു. 1054 ന് ശേഷം ആദ്യമായാണ് ഒരു പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭാ തലവനും കത്തോലിക്കാ സഭാ തലവനും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ചും റോം, ജറുസലേം, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നിവിടങ്ങളില്‍ വച്ചും ഇവര്‍ കണ്ടിട്ടുണ്ട്.

കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ ആയിരുന്ന സമയത്താണ് എമിരറ്റസ് പോപ്പ് ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ പാത്രിയര്‍ക്കീസിനെ കാണുന്നത്. ”അസ്സീസിയിലേക്കുള്ള യാത്രയിലാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. വിശ്വാസാവസ്ഥകളുടെ പെട്ടെന്നുള്ള കൂടിച്ചേരല്‍ എന്നാണ് എനിക്ക് ആ കൂടിക്കാഴ്ചയെപ്പറ്റി പറയാനുള്ളത്” ബനഡിക്റ്റ് പാപ്പ എഴുതുന്നു. കത്തോലിക്കാ സഭയും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭയും നല്ല ബന്ധമാണ് നിലനിന്നിരുന്നതെന്നും ചില തെറ്റിദ്ധാരണകള്‍ മൂലം അത് ഇല്ലാതായി എന്നും ബനഡിക്റ്റ് പാപ്പ വിശദീകരിക്കുന്നുണ്ട്.
ലോകം മുഴുവനും വ്യാപിച്ചു കൊണ്ടിരിക്കന്ന അസഹിഷ്ണുതയെയും ദൈവനിഷേധത്തെയും നേരിടാന്‍ ഇരുസഭകളിലെയും സഹോദരീസഹോദരന്‍മാര്‍ ഒന്നിക്കണമെന്ന ആഹ്വാനത്തോടെയാണ് ഫ്രാന്‍സീസ് പാപ്പ തന്റെ അവതാരിക അവസാനിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.