കഥയല്ല; ഇത് ഫാദര്‍ ഏണസ്റ്റ് സിമോണിയുടെ ജീവിതം

കഴിഞ്ഞ സെപ്റ്റംബറില്‍ അല്‍ബേനിയന്‍ സന്ദര്‍ശന വേളയിലാണ് ഫ്രാന്‍സീസ് പാപ്പ 28 വര്‍ഷം തടവറയില്‍ കഴിഞ്ഞ അല്‍ബേനിയന്‍ പുരോഹിതനായ ഏണസ്റ്റ് സിമോണിയെ കാണുന്നത്. തന്റെ ജീവിതകഥ ഫ്രാന്‍സീസ് പാപ്പയുടെ മുന്നില്‍ വെളിപ്പെടുത്താനുള്ള അവസരം ഫാദര്‍ സിമോണിക്ക് ലഭിച്ചിരുന്നു. നവംബര്‍ 19 ന് ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാള്‍മാരായി ഉയര്‍ത്തുന്ന സംഘത്തിലെ ഏക പുരോഹിതനാണ് ഫാദര്‍ ഏണസ്റ്റ് സിമോണി. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം:

”എന്റെ പേര് ഏണസ്റ്റ് സിമോണി. 84 വയസ്സുള്ള അല്‍ബേനിയന്‍ പുരോഹിതന്‍. 1944 ഡിസംബറിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അല്‍ബേനിയയില്‍ അധികാരത്തില്‍ വരുന്നത്. പുരോഹിതരെയും മതവിശ്വാസത്തെയും ആ മണ്ണില്‍ നിന്നും തുടച്ചു നീക്കുക എന്നതായിരുന്നു അവരുടെ ആദ്യലക്ഷ്യം. അതിന് വേണ്ടി അവര്‍ ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുകയും അവരെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്നുകളയുകയും ചെയ്തു. ആയിരക്കണക്കിന് മതവിശ്വാസികളെയും പുരോഹിതരെയും അവര്‍ അങ്ങനെ ഇല്ലാതാക്കി. ഏഴുവര്‍ഷം ഇത് തുടര്‍ന്നു. നിഷ്‌കളങ്കരായ അനേകം ക്രൈസ്തവര്‍ക്ക് തങ്ങളുടെ രക്തം വിശ്വാസത്തിന് വേണ്ടി ചിന്തേണ്ടി വന്നു. എന്നാല്‍ മരണം തൊട്ടുമുന്നില്‍ വന്നു നിന്നപ്പോഴും ‘ക്രിസ്തുരാജന്‍ നീണാള്‍ വാഴട്ടെ’ എന്നായിരുന്നു അവര്‍ ആര്‍ത്തുവിളിച്ചത്.

1952-ല്‍ കമ്യൂണിസ്റ്റ് ഭരണകൂടം പുതിയൊരു ഭരണതന്ത്രം കൊണ്ടുവന്നു; അവര്‍ പറയുന്ന വ്യവസ്ഥകള്‍ക്ക് കീഴില്‍ വിശ്വാസജീവിതം നയിക്കുക. അതിനായി അവശേഷിച്ച പുരോഹിതരെ അവര്‍ നിര്‍ബന്ധിച്ചു. വത്തിക്കാനില്‍ നിന്നും നിശ്ചിത അകലം പാലിക്കണമെന്നും അവര്‍ വ്യവസ്ഥ വച്ചു. എന്നാല്‍ ഭരണകൂടത്തിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ വൈദികര്‍ തയ്യാറായില്ല. 1938 മുതല്‍ 1948 വരെയുള്ള പത്തുവര്‍ഷം ഞാന്‍ പഠിച്ചത് ഫ്രാന്‍സിസ്‌കന്‍ കോളേജിലായിരുന്നു. എന്റെ മേലധികാരികളും ഭരണകൂടം വധിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. അതിനാല്‍ ഒളിവില്‍ ഇരുന്നാണ് ഞാന്‍ എന്റെ തിയോളജി പഠനം പൂര്‍ത്തിയാക്കിയത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ ഭരണകൂടം നിര്‍ബന്ധിത സൈനിക സേവനത്തിന് നിയോഗിച്ചു. എന്നെ ഇല്ലാതാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവിടെ രണ്ടു വര്‍ഷം ചെലവഴിച്ചു. തടവറയേക്കാള്‍ ഭയാനകമായിരുന്നു അവിടത്തെ അവസ്ഥ. എന്നാല്‍ 1956 ഏപ്രില്‍ 7ന് ഞാന്‍ വൈദികനായി; അങ്ങനെ ദൈവം എന്നെ രക്ഷപ്പെടുത്തി എന്ന് വേണം പറയാന്‍. അടുത്ത ദിവസം, ഞായറാഴ്ച, ഞാന്‍ ആദ്യമായി ദിവ്യബലി അര്‍പ്പിച്ചു. കമ്യൂണിസ്റ്റ് ഭരണകൂടം എന്നെ തടവിലാക്കുന്നത് വരെയുള്ള എട്ടരവര്‍ഷം ഞാന്‍ എന്റെ സഭയില്‍ ശുശ്രൂഷ ചെയ്തു.

2

1963 ഡിസംബര്‍ 24-ലെ ഒരു ക്രിസ്മസ് രാത്രി, ബാര്‍ബുലുഷ് നഗരത്തിലെ ദേവാലയത്തില്‍ ഞാന്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ചില ഓഫീസേഴ്‌സ് കടന്നുവന്നു. അവരുടെ കയ്യില്‍ എന്നെ അറസ്റ്റ് ചെയ്യാനും വധിക്കാനുമുള്ള വാറന്റ് ഉണ്ടായിരുന്നു. അതവര്‍ എന്നെ കാണിച്ചു. എന്റെ കൈകള്‍ പുറകിലേക്കാക്കി വിലങ്ങുകൊണ്ടു ബന്ധിച്ചു. തൊഴിച്ചാണ് എന്നെ കാറിനുള്ളില്‍ കയറ്റിയത്. ദേവാലയത്തില്‍ നിന്നും പിടിച്ചുകൊണ്ടുപോയതിന് ശേഷം ഒറ്റപ്പെട്ട മുറിയില്‍ എന്നെ പാര്‍പ്പിച്ചു. മാനുഷിക പരിഗണന തെല്ലും ലഭിക്കാത്ത ഒരിടമായിരുന്നു അത്. ചോദ്യം ചെയ്ത അവരുടെ മേധാവി പറഞ്ഞു, ”ഒരു ശത്രുവിനെപ്പോലെ നിങ്ങള്‍ തൂക്കിലേറ്റപ്പെടും. ആവശ്യമെങ്കില്‍ ക്രിസ്തുവിന് വേണ്ടി മരിക്കാനും തയ്യാറാണെന്ന് നിങ്ങളുടെ ആളുകള്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.” അവര്‍ എന്റെ കൈകളിലെ വിലങ്ങ് ഒന്നുകൂടി മുറുക്കിക്കെട്ടി. ചിലപ്പോള്‍ ഹൃദയമിടിപ്പ് നിലച്ചുപോകുമെന്ന് വിചാരിക്കുന്ന രീതിയിലുളള പീഡനങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നെക്കൊണ്ട് ക്രിസ്തുവിനും സഭയ്ക്കുമെതിരെ പറയിപ്പിക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. പകുതി മരിച്ച അവസ്ഥയിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ ഞാന്‍ ജീവിക്കണമെന്നായിരുന്നു ദൈവത്തിന്റെ ആഗ്രഹം

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ ആത്മശാന്തിക്ക് വേണ്ടി മൂന്ന് ദിവ്യബലികള്‍ അര്‍പ്പിച്ചു എന്നതായിരുന്നു അവര്‍ എന്റെ പേരില്‍ ചുമത്തിയ കുറ്റം. ഞാന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മൂന്ന് മാസം മുമ്പ് അദ്ദേഹം കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ലോകമെമ്പാടുമുള്ള പുരോഹിതര്‍ക്ക് പോള്‍ ആറാമന്‍ പാപ്പ നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് ഞാന്‍ ദിവ്യബലി അര്‍പ്പിച്ചത്.
സോവിയറ്റ് യൂണിയന്‍ എന്ന റഷ്യന്‍ മാഗസിന്റെ അംഗത്വം എനിക്കുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ മുഖചിത്രമുളള ആ മാഗസിന്റെ ഒരു കോപ്പിയാണ് ജഡ്ജിക്ക് മുന്നില്‍ എനിക്കെതിരായുളള തെളിവായി അവര്‍ സമര്‍പ്പിച്ചത്. എന്റെ വധശിക്ഷയെക്കുറിച്ചുള്ള വിവരം ഒരിക്കലും പുറത്തുവിട്ടിരുന്നില്ല. എന്നെ രഹസ്യമായി പാര്‍പ്പിച്ചിരുന്ന മുറിയില്‍ അവര്‍ ഒരാളെക്കൂടി കൊണ്ടുവന്നു. അവരുടെ ചാരനായിരുന്നു അയാള്‍. നിരന്തരം ഭരണകൂടത്തെ കുറ്റപ്പെടുത്തി അയാള്‍ സംസാരിച്ചുകൊണ്ടിരുന്നു. എന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, ‘ശത്രുക്കളോട് ക്ഷമിച്ച്, അവരെ സ്‌നേഹിക്കാനാണ് ക്രിസ്തു ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.’ ഞാന്‍ പറഞ്ഞ വാക്കുകള്‍ അയാള്‍ ഭരണാധികാരികളെ അറിയിച്ചു.

വധശിക്ഷയ്ക്ക് ഇളവ് നല്‍കിക്കൊണ്ട് പതിനെട്ട് വര്‍ഷത്തെ കഠിനതടവിനാണ് പിന്നീട് അവര്‍ എന്നെ ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞ് ഞാന്‍ പുറത്ത് വന്നപ്പോള്‍ ലേബര്‍ ക്യാമ്പില്‍ പത്ത് വര്‍ഷം നിര്‍ബന്ധിത ജോലി ചെയ്യാനായി അയച്ചു. ഭരണകൂടം വീണുപോകുന്നത് വരെ ഞാന്‍ ആ തടവില്‍ ജോലി ചെയ്തു. പൊതുനിരത്തിലെ ഓടകള്‍ വൃത്തിയാക്കുന്ന ജോലി വരെ ഞാന്‍ ചെയ്തിട്ടുണ്ട്. ലാറ്റിന്‍ ഭാഷയില്‍ – എന്റെ ഓര്‍മ്മയില്‍ നിന്നാണ് – ഞാന്‍ ദിവ്യബലിയുടെ പ്രാര്‍ത്ഥനകള്‍ ചൊല്ലിയത്. തടവില്‍ ഉണ്ടായിരുന്നവര്‍ക്ക് രഹസ്യമായി കുമ്പസാരവും വിശുദ്ധ കുര്‍ബാനയും പരികര്‍മ്മം ചെയ്ത് കൊടുത്തിരുന്നു.

മതസ്വാതന്ത്ര്യം പുന:സ്ഥാപിക്കപ്പെട്ട സമയത്ത് വിവിധ നഗരങ്ങളില്‍ ശുശ്രൂഷ ചെയ്യാനും ചിതറിപ്പോയ ജനങ്ങളെ ക്രിസ്തുവിന്റെ കുരിശില്‍ ഒന്നിപ്പിക്കാനും എനിക്ക് സാധിച്ചു. മനുഷ്യമനസ്സില്‍ നിന്ന് പിശാചിനെയും വിദ്വേഷത്തെയും ഓടിച്ചുവിടാനും കഴിഞ്ഞിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിലാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്ന് ഞാന്‍ ഉറപ്പായി വിശ്വസിക്കുന്നു. അവിടുന്ന് എനിക്ക് ജീവിതം തിരികെ നല്‍കി, ആരോഗ്യം നല്‍കി. ക്രിസ്തുവിന്റെ സഭയാകുന്ന ആട്ടിന്‍കൂട്ടത്തെ നയിക്കാനുള്ള കരുത്തും നല്‍കി. ആമേന്‍.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.