അന്ന് മയക്കുമരുന്ന് മാഫിയയിലെ അംഗം ഇപ്പോള്‍ കത്തോലിക്കാ വൈദികന്‍

മസാച്യുസെറ്റ്‌സ്: ഒരിക്കല്‍ പണത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റ് സുഖഭോഗങ്ങളുടെയും പുറകെ ഓടി. ഒറ്റ രാത്രി കൊണ്ട് ജീവിതം മാറി മറിഞ്ഞു. ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളില്‍ ഒരിടത്തും ലഭിക്കാത്ത സമാധാനത്തില്‍ അവസാനം എത്തിച്ചേര്‍ന്നു. ഇത്തരത്തില്‍ ചില നാടകീയ പരിവര്‍ത്തനങ്ങളിലൂടെയാണ് കത്തോലിക്കാ പുരോഹിതനായ ഡൊണാള്‍ഡ് കാലോവേ കടന്നുവന്നത്. നിരീശ്വരവാദത്തില്‍ നിന്നും മയക്കുമരുന്നിന്റെ അടിമത്തത്തില്‍ നിന്നും കരകയറിയതിന്റെ അനുഭവങ്ങളാണ് അദ്ദേഹത്തിന് പറയാനുള്ളത്. വിമിയോ വീഡിയോസ് നിര്‍മ്മിച്ച വീഡിയോയിലാണ് തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് ഫാദര്‍ ഓര്‍ത്തെടുക്കുന്നത്. ഇതൊരു വിശ്വാസ സാക്ഷ്യം കൂടിയാണ്.

സൈനിക കുടുംബത്തില്‍ ജനിച്ച ഡൊണാള്‍ഡ് പത്താമത്തെ വയസ്സിലാണ് വിര്‍ജിനിയയില്‍ നിന്നും സതേണ്‍ കാലിഫോര്‍ണിയയിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം പോയത്. പതിമൂന്നാമത്തെ വയസ്സില്‍ ഡോണി എന്ന് വിളിപ്പേരുള്ള ഡൊണാള്‍ഡ് ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ ഏകാന്തവാസം അവനെ എത്തിച്ചത് അസന്മാര്‍ഗ്ഗിക കൂട്ടുകെട്ടുകളിലും ജയിലിലും പിന്നീട് റിഹാബിലിറ്റേഷന്‍ സെന്ററിലുമായിരുന്നു. ഒരവസരത്തില്‍ ആത്ഹത്യയെക്കുറിച്ചു പോലും അവന്‍ ചിന്തിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം അവന്റെ അച്ഛന്‍ പറയുന്നു, ‘നമ്മള്‍ ജപ്പാനിലേക്ക് പോകുന്നു!’ ഈ പറച്ചില്‍ അവനെ ഒരേസമയം നിരാശനും കോപിഷ്ഠനുമാക്കി. എന്നാല്‍ ജപ്പാനില്‍ സമാനസ്വഭാവമുള്ള കൂട്ടുകാരെ ഡോണി കണ്ടെത്തി. ഇതവനെ വല്ലാതെ സന്തോഷിപ്പിച്ചു. യാകൂസ എന്നറിയപ്പെടന്ന ജപ്പാനിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയയിലെ അംഗമായി ഡൊണാള്‍ഡ് മാറാന്‍ പിന്നെ അധികം താമസമുണ്ടായില്ല. ”ഒരു ചെറിയ ബാലന്റെ ബാഗ് നിറയെ പണവും ഡ്രഗ്‌സും നിറയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ജപ്പാനിലെ പ്രധാന ദ്വീപായ ഹൊന്‍ഷുവിലെ എല്ലാ ചൂതാട്ട കേന്ദ്രങ്ങളിലും ഈ ബാഗുമായി ഞാന്‍ സഞ്ചരിച്ചു.” ഫാദര്‍ ഡൊണാള്‍ഡ് തന്റെ ജീവിതത്തിലെ ഇരുണ്ട കാലത്തെക്കുറിച്ച് ഓര്‍ത്തെടുക്കുന്നു. ജപ്പാനിലെ അമേരിക്കന്‍ സൈന്യത്തിനും ജാപ്പനീസ്-അമേരിക്ക ഗവണ്‍മെന്റുകളുടെയും നോട്ടപ്പുള്ളിയായി ഡൊണാള്‍ഡ്.

”എന്റെ കൈകളിലും കാലുകളിലും വിലങ്ങ് വച്ച് രണ്ട് സൈനിക പൊലീസുകാര്‍ എന്നെ എന്റെ അച്ഛനെ ഏല്‍പിച്ചു.” പുനരധിവാസ കേന്ദ്രത്തിലാണ് വീട്ടുകാര്‍ ഡൊണാള്‍ഡിനെ കൊണ്ടുചെന്നാക്കിയത്. എന്നാല്‍ പഴയ അവസ്ഥയിലേക്ക് വീണ്ടും പോകാനുള്ള സാധ്യതയും വീട്ടുകാര്‍ തള്ളിക്കളഞ്ഞില്ല. ഇനിയൊരിക്കലും തന്റെ ജീവിതത്തില്‍ സന്തോഷമുണ്ടാകില്ല എന്ന് അവന്‍ വിചാരിച്ചു. സുബോധമുള്ളവനായിരിക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടില്ല. തന്റെ ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചോര്‍ത്ത് ഈ സമയത്തെല്ലാം അവന്‍ അത്ഭുതപ്പെട്ടു കൊണ്ടിരുന്നു. ചില നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കഥകള്‍ മാത്രമേ അവന് ഓര്‍ക്കാന്‍ സാധിച്ചുള്ളു. എന്നാല്‍ ഈ ചിന്തകളൊന്നും ഒരു മതത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നില്ല.

ഒരു ദിവസം രാത്രി തന്റെ മുറിയില്‍ ഉറക്കം വരാതെ തനിച്ചിരിക്കുകയായിരുന്നു ഡൊണാള്‍ഡ്. പാര്‍ട്ടിയുടെ ലഹരിയോ കാതടപ്പിക്കുന്ന സംഗീതത്തിന്റെ അകമ്പടിയോ ഇല്ലാതെ. അവന്റെ ചിന്തകളില്‍ ഉന്മാദവും ആത്മഹത്യാ ചിന്തയും വന്നു നിറഞ്ഞത് പെട്ടെന്നായിരുന്നു. ഈ ചിന്തയില്‍ നിന്നൊരു മോചനം തേടി ചുറ്റും നോക്കിയ അവന്‍ കണ്ടത് ഒരു ബുക്ക്‌ഷെല്‍ഫായിരുന്നു. ദൈവം പ്രവര്‍ത്തിച്ചത് എത്ര മനോഹരമായിട്ടാണെന്ന് നോക്കൂ! പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷപ്പെ
ടലുകളെക്കുറിച്ചുള്ള ഒരു പുസ്തകമായിരുന്നു അവന്‍ തിരഞ്ഞെടുത്തത്!

ഡൊണാള്‍ഡിന്റെ അമ്മ തികഞ്ഞ ഈശ്വരഭക്തിയുള്ള സ്ത്രീയായിരുന്നു. എന്നാല്‍ മതത്തെയും ഈശ്വരനെയും തള്ളിക്കളഞ്ഞിരുന്ന നിരീശ്വര വാദിയായിരുന്നു ഡൊണാള്‍ഡ്. പരിശുദ്ധ അമ്മ ആരാണെന്നതിനെക്കുറിച്ച് അവന് അറിവുണ്ടായിരുന്നില്ല.

എന്നാലും അവന്‍ ആ പുസ്തകം വായിച്ചുതുടങ്ങി, ഇടയ്‌ക്കെപ്പോഴോ ആ പുസ്തകം അവനെ കീഴടക്കി. ”ക്രിസ്തുവിന്റെ അമ്മയായ, മേരി എന്ന് പേരുള്ള ഒരു സ്ത്രീയെ ഞാനാ വരികളില്‍ ദര്‍ശിച്ചു. മനോഹരിയായിരുന്നു മേരി; കരയുന്ന കുഞ്ഞുങ്ങളെ മാറോടണച്ച് ആശ്വസിപ്പിക്കുമ്പോഴായിരുന്നു മേരിക്ക് ഏറെ മനോഹാരിത. ആ സ്ത്രീത്വത്തിന്റെ മഹത്വവും സ്‌നേഹവും ആ പുസ്തകത്തിലൂടെ എനിക്ക് വെളിപ്പെട്ടു. പരിശുദ്ധ അമ്മയുടെ മഹത്വം എനിക്ക് വെളിപ്പെടുത്തിയത് ദൈവമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അന്ന് രാത്രി ഞാന്‍ ആ പുസ്തകം മുഴുവന്‍ വായിച്ചു തീര്‍ത്തു. അങ്ങനെ ഞാന്‍ ദൈവത്തെ അറിഞ്ഞു; ദൈവസ്‌നേഹത്തിലേക്ക് ഞാന്‍ ആഴ്ന്നു പോയി.” ഫാദര്‍ ഡൊണാള്‍ഡ് തന്റെ മരിയന്‍ അനുഭവത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു.

പിറ്റേന്ന് രാവിലെ എന്ത് സഭവിച്ചുവെന്ന് ‘നോ ടേണിംഗ് ബാക്ക്, എ വിറ്റ്‌നെസ്സ് റ്റു ജേര്‍ണി’ എന്ന പുസ്തകത്തില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ”പിറ്റേന്ന് രാവിലെ എനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് ഞാന്‍ എന്റെ അമ്മയോട് പറഞ്ഞു. ഇക്കാര്യം പങ്ക് വയ്ക്കാന്‍ അമ്മ മൂന്ന് വൈദികരെ വിളിച്ചു. പുലര്‍ച്ചെ 6 മണിനേരമായിരുന്നു അത്. ആരും സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയില്ല. മൂന്നാമത്തെ വൈദികന്‍ എന്നെ ദിവ്യബലിയില്‍ സംബന്ധിക്കാന്‍ ക്ഷണിച്ചു. വീട്ടില്‍ വളരെ അകലെയുള്ള ആ ദേവാലയത്തിലേക്ക് ഞാന്‍ ഓടി.” ദിവ്യബലിയില്‍ പങ്കെടുത്തതിന് ശേഷം ആ പുരോഹിതന്‍ ഡൊണാള്‍ഡിന് ക്രിസ്തുവിന്റെ ഒരു പെയ്ന്റിംഗ് സമ്മാനമായി നല്‍കി. അനുഗ്രഹത്തിനായി കൈകളുയര്‍ത്തി നില്‍ക്കുന്ന ക്രിസ്തുവിന്റെ ചിത്രമായിരുന്നു അത്. ”ഞാന്‍ ഉറക്കെ കരയാന്‍ ആരംഭിച്ചു. ക്രിസ്തുവിന് എന്നെ ആവശ്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.” ഫാദര്‍ ഡൊണാള്‍ഡിന്റെ വാക്കുകള്‍.

അങ്ങനെ നിത്യകന്യകയായ അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള മാരിയന്‍ ഫാദേഴ്‌സിന്റെ സമൂഹത്തില്‍ അദ്ദേഹം പുരോഹിതനായി. തന്റെ പരിവര്‍ത്തനത്തിന്റെ കഥ പറയാന്‍ അദ്ദേഹം നിരന്തരമായി യാത്രകള്‍ ചെയ്തിരുന്നു. ”ഏറ്റവും വിശുദ്ധമായ മഹാകരുണയുടെ പ്രകടനമാണ് എന്നില്‍ സംഭവിച്ചത്. ധാരാളം തിന്മകള്‍ പ്രവര്‍ത്തിക്കുകയും അനേകരെ വേദനിപ്പിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയായിരുന്നു ഞാന്‍. എന്നേപ്പോലെയുള്ളവരോട് ഞാന്‍ ഇപ്പോള്‍ കരുണയോടെ പ്രവര്‍ത്തിക്കുന്നു. ഈ ലോകം മുഴുവന്‍ കരുണയുടെ മഹാസമുദ്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.” ഫാദര്‍ ഡൊണാള്‍ഡ് തന്റെ വീഡിയോ സാക്ഷ്യം അവസാനിപ്പിക്കുന്നു.

”ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു. അവന്‍ ലോകത്തിലേക്ക് വന്നത് നിങ്ങള്‍ക്ക് വേണ്ടിയാണ്. ഭ്രാന്തമായി അവിടുന്ന് നിങ്ങളെ സ്‌നേഹിക്കുന്നു. നിങ്ങളുടെ സൗഹൃദത്തിനായി അവിടുന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ ഹൃദയങ്ങളെ വര്‍ണാഭമാക്കുന്നു. നിങ്ങളെ അവന് നല്‍കുക. അവനില്‍ വിശ്വസിക്കുക.” ഫാദര്‍ ഡൊണാള്‍ഡ് കൂട്ടിച്ചേര്‍ക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.