ഫ്രാന്‍സ് അവിഞ്ഞോണ്‍ 1433

ഫ്രാന്‍സില്‍ അവിഞ്ഞോണിലെ സോര്‍ഗ്ഗ് നദിയില്‍  ഒരു വലിയ വെളളപ്പൊക്കമുണ്ടായി. അപകടകരമായ വിധത്തില്‍ വെള്ളം ഉയര്‍ന്നുകൊണ്ടിരുന്നു. നിറഞ്ഞ് ഒഴുകുന്ന സോര്‍ഗ്ഗ് നദിയുടെ തീരത്ത് ഒരു ചെറ്യ പള്ളിയില്‍ വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ച് വച്ചിട്ടുണ്ടായിരുന്നു. ഭയങ്കരമായ ഈ വെളളപ്പൊക്കത്തില്‍ ഈ ചെറിയ പളളിയും ഇല്ലാതാകുമെന്ന് ഗ്രേ പെനിറ്റന്റ്‌സ് ഫ്രാന്‍സിസ്‌കന്‍ സമൂഹത്തിലെ സന്യാസികള്‍ക്ക് ഉറപ്പായിരുന്നു. നിത്യാരാധനയക്ക് വച്ചിരിക്കുന്ന വിശുദ്ധ കുര്‍ബാനയും നശിപ്പിക്കപ്പെടുമോ എന്ന ഭയത്താല്‍ രണ്ട് സന്യാസികള്‍ ഈ പള്ളിയിലേക്ക് തുഴഞ്ഞെത്തി. അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് അവരെ എതിരേറ്റത്.

ദേവാലയത്തിന്റെ നാല് അടി ഉയരത്തില്‍ വെള്ളം പൊങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രവേശന കവാടം മുതല്‍ അള്‍ത്താര വരെയുളള പാതയില്‍ വെള്ളത്തിന്റെ അംശം പോലുമുണ്ടായിരുന്നില്ല. പണ്ട് മശയുടെ കാലത്ത് ചെങ്കടല്‍ വിഭജിക്കപ്പെട്ട പ്രതീതിയായിരുന്നു ദേവാലയത്തിനുള്ളില്‍. വിശുദ്ധ കുര്‍ബാനയില്‍ ഈശോ അക്ഷയനായി കാണപ്പെട്ടു. ദേവാലയത്തിന്റെ വശങ്ങളില്‍ വെള്ളം അപ്പോഴും ഉയര്‍ന്നു കൊണ്ടിരുന്നു. എന്നാല്‍ അകത്തേക്ക് വെളളം കയറിയതേയില്ല. തങ്ങള്‍ കാണുന്നത് സ്വപ്‌നമോ സത്യമോ എന്ന് സംശയിച്ച് രണ്ടു സന്യാസിമാരും മറ്റു സന്യാസികളെയും പള്ളിയിലേക്ക് വിളിച്ചുവരുത്തി. അലറി വരുന്ന വെള്ളത്തിന് മീതെ വിജയശ്രീലാളിതനായി കാണപ്പെട്ട ദിവ്യകാരുണ്യ നാഥനെയാണ് അവര്‍ക്ക് കാണുവാന്‍ സാധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.