പ്രതീക്ഷകളുടെ വീണ്ടെടുപ്പ് : ഉയിർപ്പ്

ആശകൾ നഷ്ട്ടപെട്ട മനുഷ്യർക്ക്‌ ജീവിതത്തിൽ പ്രതീക്ഷകളുടെ വീണ്ടെടുപ്പ് പ്രധാനംചെയ്യുന്ന ഉത്സവം ഉയിർപ്പ് . ഏവരുടെയും സ്വപ്ങ്ങൾക്കു കൂട്ടുപോകുന്നവനായി കാലത്തിൽ കൊത്തിയ പ്രത്യാശയുടെ ശ്ലോകം ഉയിർപ്പ്. വീഴുന്നവരെ താങ്ങിനിറുത്തുന്ന ജീവന്റെ അവകാശത്തിനും അന്തസ്സിനുംവേണ്ടി പൊരുതുന്ന ഒരു അതിജീവനത്തിന്റെ ജീവിതപ്പൊരുൾ. ജീവിതം എന്നത് പ്രതിരോധം അല്ല പ്രത്യാശയെന്നു കാട്ടിത്തരുന്നു . പ്രതിസന്ധികൾ കടക്കുമ്പോൾ മനസുതുറന്നിടുന്ന ഒരു ബദൽ സാധ്യതയുടെ പേരാണ് ഈ പ്രത്യാശ . മറ്റൊരു ലോകം സാധ്യമാക്കാനുള്ള ഒരു സമര പ്രതിരോധത്തിന്റെ ഊർജമാണിത് . ഇനിയും ആവിഷ്കരിക്കാത്തതിനെ കാത്തിരിക്കൂ എന്നതാണ് ഈ പ്രത്യാശയുടെ പ്രബുദ്ധത .പുതിയ ചക്രവാളകളിലേക്കു തുറക്കാനും , ഇതുവരെ സങ്കൽപ്പിക്കാൻ ആവാത്തതിനെ സ്വപ്നം കാണാനും പ്രേരിപ്പിക്കുന്നു ഈ പ്രതീക്ഷയുടെ ഉത്സവം . മറ്റൊരു ലോകത്തിന്റെ സാധ്യത ഓരോരുത്തർക്കും പ്രധാനം ചെയ്യുന്നു .അനുഭവിച്ചിട്ടില്ലതാണ് നമ്മെ പുനരുജ്ജീവിപ്പിക്കുക . ഇവിടെ ലോകം മോശം ആണെന്ന വിളിയില്ല , കലഹം ഇല്ല . ഓരോരുത്തർക്കും ഓരോന്നാണ് പ്രതീക്ഷ .അതുകൊണ്ട് പ്രതീക്ഷയല്ല , പ്രതീക്ഷകളാണ് . ഉയിർത്തെഴുന്നേറ്റ ക്രിസ്തു ആണ് ഈ പ്രതീക്ഷകളുടെ ഊർജവും അന്തസത്തയും.

ദൈവത്തിന്റെനിഴലിനെ ഒരിക്കൽ ദർശിച്ച ആത്മാവിനെ പിന്നെയൊരിക്കലും ഭൂതങ്ങൾക്കും ചെകുത്താന്മാർക്കും ഭയപ്പെടുത്താൻ ആവില്ല . ഒരിക്കൽ സ്വർഗത്തിലേക്ക് നോക്കിയാ നയനങ്ങളെ ഈ ലോകത്തിലെ വേദനകൾക്ക് അടുപ്പിക്കാനാവില്ല .മാറ്റമില്ലാത്തതെന്നു നാം കരുതുന്ന ഈ പ്രപഞ്ചം നാളയുടെ നിശ്ചയത്തിന് വഴങ്ങുകയും ഇന്നും ഇന്നലെയുടെ ആഗ്രഹത്തിന് കീഴടങ്ങുകയും ചെയ്യുന്ന ഇന്നുകളാണ് . ഒരു ചിന്തപോലെ ജനിച്ചു ഒരു നിശ്വാസംപോലെ മരിച്ചു ഒരു നിഴൽപോലെ പോയ്മറയുന്ന മനുഷ്യാ നീ മടങ്ങി പോകുന്ന അതിഥിയാണ് . എന്നാൽ നിന്നെ ജീവിപ്പിക്കുന്നത് നിന്റെ പ്രതീക്ഷകളാണ് . What human really want is not knowledge but certainty (Betrand Russel ).

ഉയിർപ്പ് ഒരു അറിവല്ല ഉറപ്പാണ് .നമ്മുടെ പ്രതീക്ഷകൾക്കുള്ള ഉറപ്പാണ് ഈ ഉയിർപ്പ് . പ്രതീക്ഷകളോട് ഓൺലൈൻ ആയിരിക്കുക .പ്രതീക്ഷകളോട് ഓഫ്‌ലൈൻ ആകാൻ തുടങ്ങുമ്പോൾ നിന്റെ ജീവതത്തിൽ മരണത്തിന്റെ പദചലനങ്ങൾ പിച്ചവെച്ചു തുടങ്ങുന്നു . ഓർക്കുക എത്തിച്ചേർന്നതല്ല എത്തിച്ചേരേണ്ടതാണ് ജീവിതം .ലോകം മുഴുവൻ വഴികളാണ് , നടക്കുമ്പോൾ തെളിഞ്ഞുവരുന്നതാണ് പാതകൾ .പാതകൾ ഒരാളുടെ നിലപാടും മൂല്യവും ആണ് . നീ നിന്റെ പ്രതീക്ഷകൾ തന്നെ .ഉയിർത്തെഴുന്നേറ്റ ക്രിസ്തു നിനക്കുള്ള മാർഗദർശിയും.

ഫാ. ഷെബിൻ ചീരംവേലി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.