ദീപാവലി ആശംസയുമായി വത്തിക്കാന്‍

ഹൈന്ദവകുടുംബങ്ങള്‍ക്ക് ദീപാവലി ആശംസ നേര്‍ന്നുകൊണ്ട് വത്തിക്കാനില്‍ നിന്നുള്ള സന്ദേശം. വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്ക് വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ജീന്‍ ലൂയിസ് ടോറന്‍ അയച്ച ദീപാവലി സന്ദേശത്തില്‍ ഇപ്രകാരം പറയുന്നു, ”നിങ്ങളുടെ കുടുംബങ്ങളിലും സമൂഹത്തിലും സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും അനുഭവങ്ങളായി ദീപാവലി ആഘോഷങ്ങള്‍ മാറട്ടെ എന്ന് ആശംസിക്കുന്നു.” മൂല്യ സംരക്ഷണത്തിന് നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ചും ഈ സന്ദേശത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

ഇന്നത്തെ സമൂഹത്തില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും വളരെ വലുതാണ്. കുടുംബബന്ധങ്ങളും മൂല്യങ്ങളും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യനാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. മക്കളെ നേര്‍വഴിക്ക് നയിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണ്. ”ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ കുടുംബാംഗങ്ങളുടെ കൂടിച്ചേരലിന് വഴിയൊരുക്കുന്നുണ്ട്. ഈ കൂട്ടായ്മകള്‍ കണ്ടാണ് പുതിയ തലമുറ വളര്‍ന്നു വരേണ്ടത്. അതുപോലെ വിവാഹവും കുടുംബവും നേരിടുന്ന വെല്ലുവിളികളെ ക്രൈസ്തവരും ഹൈന്ദവരും ഒന്നിച്ച് നിന്ന് എതിര്‍ക്കേണ്ടതാവശ്യമാണ്.” ലോകമെങ്ങും സമാധാനത്തിന്റെയും ഐക്യത്തിന്റെയും വെളിച്ചം നിറയ്ക്കാന്‍ ദീപാവലിക്ക് കഴിയട്ടെ എന്നും കര്‍ദ്ദിനാള്‍ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.