എക്സ്ക്ലൂസീവ്: ക്രിസ്തുവിനെ അടക്കിയ സ്ഥലം നൂറ്റാണ്ടുകള്‍ക്ക് ശേഷം തുറന്നു

തിരു കബറിടത്തിന്റെ പള്ളിയിൽ പുനരുദ്ധാരണം നടക്കുന്നതിന്റെ ഭാഗമായാണ് കബറിടം തുറന്നത്. 

അര സഹസ്രാബ്ദത്തിനു ശേഷം ആദ്യമായി ശാസ്ത്രജ്ഞന്മാർ യേശുക്രിസ്തുവിനെ അടക്കം ചെയ്ത കല്ലറ വെളിച്ചത്തു കൊണ്ടുവരുന്നു. പഴയ ജറുസലേം നഗരത്തിലെ  തിരുക്കല്ലറയുടെ പള്ളി (Church of the Holy Sepulchre) അല്ലങ്കിൽ തിരുവുത്ഥാനത്തിന്റെ ദൈവാലയത്തിലാണ് യേശുവിന്റെ കബറിടം. 1555 മുതൽ യേശുവിന്റെ കബറിടം മാർബിൾ ഫലകങ്ങൾ കൊണ്ട് സുരക്ഷിതമായി ആവരണം ചെയ്തു സൂക്ഷിച്ചു വരികയായിരുന്നു.

“കബറിടത്തിന്റെ ആവരണം മാറ്റിയപ്പോൾ അതിനുള്ളിൽ നിറച്ചിരിക്കുന്ന വസ്തുക്കൾക്കണ്ട് ഞങ്ങൾ ആശ്ചര്യഭരിതരായി.” പുനരുദ്ധാരണ പദ്ധതിയോട് സഹകരിക്കുന്ന നാഷണൽ ജിയോഗ്രാഫിക് സൊസേറ്റിയുടെ പുരാവസ്തു ഗവേഷകനായ ഫെഡറിക് ഹിബേർട്ടിന്റെ വാക്കുകളാണിവ.

“ഇത് വളരെ നീണ്ടു നിൽക്കുന്ന ഒരു  ശാസ്ത്രിയ അപഗ്രഥനമായിരിക്കും, എന്നാലും പരമ്പര്യമനുസരിച്ച് ക്രിസ്തുവിന്റെ മൃതദേഹം കിടത്തിയ യഥാർത്ഥ പാറയുടെ ഉപരിതലം അവസാനം ഞങ്ങൾക്ക് കാണാൻ കഴിയും,” ഹിബേർട്ട് തുടർന്നു.

ക്രിസ്തീയ പാരമ്പര്യം

church holy sepulchreഎ.ഡി. AD. 33 ൽ കുരിശുമരണത്തിനു ശേഷം യേശുക്രിസ്തുവിന്റെ മൃതദേഹം പാറയിൽ വെട്ടിയുണ്ടാക്കിയ പുതിയ കല്ലറയിൽ സംസ്കരിച്ചു എന്നും, മൂന്നാം ദിവസം ഉത്ഥാനം ചെയ്തു എന്നുമാണ്. ഈ കല്ലറ ‘എഡികുളേ’യിൽ (Edicule – തിരുക്കല്ലറയെ ആവരണം ചെയ്തുള്ള ഒരു കൊച്ചു ഭവനത്തിൽ) സംരക്ഷിച്ചിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് 1808 – 1810 കാലയളവിലാണ് ഇത് ആവരണം അവസാനമായി പുനർനിർമിച്ചത്. ഈ എഡികുളേയും അതിനുള്ളിലെ കല്ലറയുമാണ് ഇപ്പോൾ പുനരുദ്ധാരണത്തിന് വിധേയമാകുന്നത്. ആതഥൻസിലുള്ള നാഷണൽ ടെക്നിക് യൂണിവേഴ്സിറ്റിയിലെ ഒരു പറ്റം ശാസ്ത്രജ്ഞന്മാരാരുടെ സംഘമാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ചീഫ് സയൻറിഫിക് സൂപ്പർവൈസർ പൊഫസ്സർ ആന്റോണീയാ മോറോപോലു അണ് ഈ സംഘത്തിന്റെ തലവൻ.

ക്രിസ്തുമതം അതിപാവനമായ വണങ്ങുന്ന സ്ഥലത്ത്, യേശുവിന്റെ കബറിടത്തെപ്പറ്റി, അതിന്റെ ഉപരിതലത്തിൽ നേരിട്ട് പഠിക്കാനുള്ള അഭൂതപൂർവ്വമായ ഒരു അവസരമാണ് ഗവേഷകർക്ക് കബറിടത്തിന്റെ തുറവിയിലൂടെ സാധ്യമായിരിക്കുന്നത്.

കബറിടത്തേപ്പറ്റിയുള്ള നേരിട്ടുള്ള അപഗ്രഥനത്തിlലൂടെ കല്ലറയുടെ യാർത്ഥ സ്വഭാവം മനസ്സിലാക്കാന്‍ സാധിക്കും. അതിനൊടൊപ്പം, എ.ഡി. 326 ൽ റോമൻ ചക്രവർത്തി കോൺസ്റ്റന്റയിന്റ അമ്മ ഹെലേനാ രാജ്ഞി ഈ സ്ഥലം തിരിച്ചറിഞ്ഞതു മുതൽ ഇത് എങ്ങനെ ഇവിടം ക്രിസ്തുമതത്തിന്റെ മുഖ്യ തീർത്ഥാടക സ്ഥലമായി പരിണമിച്ചു എന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

“എഡികുളേ പുനസ്ഥാപിക്കാനുള്ള സങ്കീർണ്ണമായ പണയിലാണ് ഞങ്ങൾ. ഈ അതുല്യമായ സ്മാരകത്തെ പറ്റി പഠിക്കാൻ ഞങ്ങൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ, ക്രിസ്തുവിന്റെ കബറടിത്തിൽ ഒരുവൻ ആയിരിക്കുന്ന അതേ അവസ്ഥയിൽ ഞങ്ങളുടെ കണ്ടെത്തലുകളെയും നിഗമനങ്ങളെയും പഠിക്കാൻ അവനെ പ്രാപ്തമാക്കും.” പൊഫസ്സർ ആന്റോണീയാ മോറോപോലു സ്വപ്ന പദ്ധതിയെക്കുറിച്ച് പറയുന്നു.

വെളിപാടിന്റെ നിമിഷങ്ങൾ
church holy sepulchre 1
പരിഭ്രാന്തരായ തീർത്ഥാടക ഗണത്തെയും വിനോദ സഞ്ചാരികളെയും ഉയർന്നു നിൽക്കുന്ന വാതിൽക്കൽ നിർത്തി, സാധാരണ സമയത്തിനു മുമ്പുതന്നെ  ദൈവാലയത്തിന്റെ വാതിലുകൾ അടച്ചു. ഉള്ളിൽ മഞ്ഞത്തോപ്പിയണിഞ്ഞവരുടെ സംസാരം കേൾക്കാം, ചാരനിറത്തിലുള്ള സന്യാസവസ്ത്രം ധരിച്ച ഫ്രാൻസിസ്കൻ സന്യാസികളും വലിയ കറുത്ത തൊപ്പിയണിഞ്ഞ ഗ്രീക്ക് ഓർത്തഡോക്സ് വൈദീകരും ഭംഗിയായി അലങ്കരിച്ച ശിരോവസ്ത്രവുമായി കോപ്റ്റികച്ചന്മാരും എഡികുളേയുടെ പ്രവേശന കവാടത്തിൽ കബറിടം ഒറ്റുനോക്കാനായി എത്തിച്ചേർന്നു. അവർക്ക് മുകളിലായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുള്ള ദൈവാലയത്തിന്റെ മുഖവാരം, ഇരുമ്പു കമ്പികളും സുരക്ഷയുടെ മഞ്ഞ റിബണും അതിന്റെ കൊത്തുപണികളെ ഒരു പരിധി വരെ മറയ്ക്കുന്നു.

കല്ലറയ്ക്കുള്ളിൽ സാധാരണ ദീപപ്രഭ ചൊരിയുന്ന മെഴുകുതിരി പ്രകാശമില്ല. അതിനു പകരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ശക്തമായ വെളിച്ചമാണ്. അതിനാൽ സാധാരണ നാം കാണാത്ത പല കാര്യങ്ങളും വ്യക്തമായി കാണാൻ സാധിക്കുന്നു.

കല്ലറയ്ക്കു മുന്നിലുണ്ടായിരുന്ന എകദേശം മൂന്നിനും അഞ്ച് അടിക്കും ഇടയിൽ വലിപ്പമുള്ള മാർബിൾ സ്ലാവ് ഭിത്തിയിൽ നിന്ന് അടർത്തിമാറ്റിയിരിക്കുന്നു. അതിനടിയിൽ ഇളം തവിട്ടു നിറത്തിലുള്ള കല്ലിന്റെ ഉപരിതലം കാണാം. എന്താണത് എന്ന് ഒരാള്‍ ഒരു ഗവേഷകനോടു ചോദിച്ചു. “ഇതുവരെ ഞങ്ങൾക്ക് മനസ്സിലായില്ല, ശാസ്ത്രീയമായ നിരീക്ഷണം നടത്താൻ ഉപകരണങ്ങൾ കൊണ്ടുവരാൻ സമയമായി.” അയാൾ മറുപടി നൽകി.

ഈശോയുടെ തിരുക്കല്ലറയുടെ ദൈവാലയം (The Church of Holy Sepulchre) അല്ലങ്കിൽ തിരു ഉത്ഥാനത്തിന്റെ ദൈവാലയം ഇന്ന് ആറു ക്രിസ്ത്യൻ സഭകളുടെ സംരക്ഷണയിലാണ്. ഗ്രീക്ക് ഓർത്തഡോക്‌സ് സഭ, റോമൻ കത്തോലിക്കാ സഭ, അർമേനിയൻ ഓർത്തഡോക്സ് സഭ എന്നീ മൂന്നു സഭകൾക്കാണ് മുഖ്യ സംരക്ഷണ ചുമതല. കോപ്റ്റിക്, എത്യോപ്യൻ ഓർത്തഡോക്സ്, സിറിയൻ സഭാ സമൂഹങ്ങൾക്കും അവിടെ സാന്നിധ്യമുണ്ട്.

ഈ ദൈവാലയത്തിനുള്ളിലെ തിരുകല്ലറയുൾപ്പെടയുള്ള പൊതുവായ ആരാധന സ്ഥലങ്ങൾ നിജപ്പെടുത്തുന്നത് സംരക്ഷണ ചുമതലയുള്ള ആറു സഭകൾ തമ്മിൽ നടത്തുന്ന ഉടമ്പടി വഴിയാണ്.

എഡികുളേയുടെ പുറത്ത് ജറുസലേമിലെ ഗ്രീക്ക് പാത്രിയർക്കീസ് തേഫിലോസ് മൂന്നാമൻ ശാന്തമായ പുഞ്ചിരിയോടെ എല്ലാം വീക്ഷിച്ചു കൊണ്ടു നിൽക്കുന്നു. അദ്ദേഹം പറഞ്ഞു: “ഞാൻ വളരെ സന്തോഷവാനാണ്, ഈ ആന്തരീക്ഷം വളരെ സവിശേഷമാണ്. ഇവിടെ ഒരു മറഞ്ഞിരിക്കുന്ന ഒരു ആനന്ദമുണ്ട്. ഇവിടെ ഞങ്ങൾക്ക് ഫ്രാൻസിസ്ക്കൻസുണ്ട്, അർമേനിയാക്കാരുണ്ട്, ഗ്രീക്കുകാരുണ്ട്, മുസ്ലിം കാവൽക്കാരുണ്ട്, യഹൂദ പോലീസ് ഉദ്യോഗസ്ഥരുണ്ട്. അസാധ്യമായ കാര്യങ്ങൾ സാധ്യമാക്കുന്ന ഒരു യഥാര്‍ത്ഥ സന്ദേശമാകട്ടെ ഈ സംഭവം എന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. നമുക്കെല്ലാവർക്കും പരസ്പര ബഹുമാനവും സമാധാനവും ആവശ്യമാണ്.”

2015ൽ ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭ മറ്റു രണ്ട് പ്രധാന സഭകളുമായി കൂടിയാലോചിച്ചാണ് ആതൻസിലെ നാഷണൽ ടെക്നിക്കൽ യൂണിവേഴ്സിറ്റിയെ എഡികുളേയെപ്പറ്റി പഠിക്കാൻ ക്ഷണിച്ചത്. തിരുക്കല്ലറയുടെ ദൈവാലയത്തിലെ സഭാ സമൂഹങ്ങൾ പുനരുദ്ധാരണത്തിന് മാർച്ച് 2016 സമ്മതിച്ചു. 2017 വസന്ത കാലത്തു പുനരുദ്ധാരണ ജോലികൾ പൂർത്തിയാകും. നാലു മില്യൺ അമേരിക്കൻ ഡോളറർ ചെലവു വരുന്ന പുനരുദ്ധാരണത്തിന് രണ്ട് മില്യണിലേറെ ഡോളർ സഹായം നൽകുന്നത് ജോർദ്ദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവ് ആണ് എന്നത് വളരെ ശ്രദ്ധേയമാണ്.

കടപ്പാട്: nationalgeographic.com

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.