ക്രിസ്തുമസ്സ് നര്‍മ്മങ്ങള്‍: പാന്റ്‌സും നിക്കറും

സംഭവം നടക്കുന്നത് ഒരു മൈനര്‍ സെമിനാരിയില്‍. ഡിസംബര്‍ ഒന്നാം തിയതി രാവിലെ കുര്‍ബാന കഴിഞ്ഞപ്പോള്‍ റെക്ടറച്ചന്‍ ക്രിസ്തുമസ് ഒരുക്കത്തിനുള്ള ആഹ്വാനവും സന്ദേശവും നല്കി. സുകൃതജപങ്ങളും ആശയടക്കങ്ങളും നടത്തി, ഉണ്ണിയേശുവിന് ഷര്‍ട്ടും, പാന്റ്‌സും, മെത്തയും തലയിണയുമൊക്കെ ഒരുക്കി ക്രിസ്തുമസ് ആഘോഷിച്ച കുഞ്ഞുനാളുകളിലേക്ക് തിരിച്ചുനടക്കണമെന്ന്. ആവേശം മൂത്ത ബിജു അന്ന് 150 സുകൃതജപം ചൊല്ലി ഉണ്ണീശോയ്ക്ക് ഒരു നിക്കറു സമ്മാനം നല്കാന്‍ തീരുമാനിച്ചു: വൈകുന്നേരം പഠനമുറിയിലെത്തിയപ്പോള്‍ ബിജുവിന്റെ സുഹൃത്ത് ചോദിച്ചു. ”എന്തായിരുന്നു ഇന്നത്തെ പ്രതിജ്ഞ.”

”150 സുകൃതജപം കൊണ്ട് ഒരു നിക്കര്‍” ബിജുവിന്റെ മറുപടി.

”എന്നിട്ട്, ചൊല്ലിക്കഴിഞ്ഞോ?”

”150 കഴിഞ്ഞ് 350 എണ്ണം ആയെടാ” ബിജുവിന്റെ ആവേശത്തോടെയുള്ള മറുപടി.

പൊതുവേ ഫലിതക്കാരനായ കിരണ്‍ ”എങ്കില്‍ ഇനി നിര്‍ത്തിക്കോ അത് ഔസേപ്പിതാവിന് പാകമായ പാന്റ്‌സായി കാണും. ഇനി കൂടിയാല്‍ ആര്‍ക്കും ഇടാനൊക്കാതെയാകും.” ബിജു കിരണിനെ കട്ടിയായി ഒന്നു നോക്കി.

**************************

മനുവിന്റെ തീരുമാനം 200 സുകൃതജപങ്ങള്‍ ചൊല്ലി ഉണ്ണീശോയ്ക്ക് ഒരു പാന്റ്‌സ് സമ്മാനിക്കാനായിരുന്നു. വൈകുന്നേരം കിടക്കുന്നതിനു മുമ്പ് പാന്റ്‌സ് ഊരുമ്പോഴാണ് മനു ഓര്‍ത്തത്. പ്രതിജ്ഞ എടുത്ത സമയത്തെ വാശിയില്‍ ചൊല്ലിയ സുകൃതജപമേ ചൊല്ലിയുള്ളൂ, പിന്നെ ചൊല്ലാന്‍ മറന്നു. പാന്റ്‌സും കയ്യില്‍ പിടിച്ച് വായും പൊളിച്ച് നില്ക്കുന്ന മനുവിനെ കൂട്ടുകാരന്‍ ടോണി തട്ടി വിളിച്ചു ചോദിച്ചു: ”എന്തു പറ്റിയെടാ?” കാര്യം പറഞ്ഞപ്പോള്‍ ടോണി ഇങ്ങനെ ആശ്വസിപ്പിച്ചു. ”പേടിക്കേണ്ടടാ. പാന്റ്‌സിനു പകരം നിക്കറായിട്ടുണ്ടെന്ന്. ഉണ്ണീശോ നിക്കറിട്ട് നടന്നുകൊള്ളുമെന്ന്.”

നര്‍മ്മമെങ്കിലും അല്പം കാര്യമുണ്ടിതില്‍.

ക്രിസ്തുമസ്സ് പുല്‍ക്കൂടുകളില്‍ കെട്ടിത്തൂക്കുന്ന വര്‍ണ്ണനക്ഷത്രങ്ങളും അലങ്കാരങ്ങളും മറ്റുള്ളവര്‍ക്ക് നമ്മുടെ ആഡംബരവും പ്രൗഡിയും കാണിക്കാനുള്ളതാകാതെ, ജീവിതത്തില്‍ ഉണ്ണീശോയ്ക്ക് വേണ്ടി നിസ്സാരമെങ്കിലും എന്തെങ്കിലും ചെയ്യാനായാല്‍ അവിടെയാണ് ഉണ്ണീശോ പിറക്കുന്നത്.

ഫാ. എബി നെടുങ്കളം എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.