ക്രിസ്തുമസ് കഥാപാത്രങ്ങൾ 16: കാലിത്തൊഴുത്ത്

ഫാ. അജോ രാമച്ചനാട്ട്

കാലിത്തൊഴുത്ത് – ക്രിസ്തു ജനനത്തിൻ്റെ ലൊക്കേഷൻ

ഒരു തൊഴുത്ത് അതിനാൽ തന്നെ മോശമല്ല. എന്നാലും മനുഷ്യനായി അവതരിച്ച ദൈവ പുത്രന് പിറക്കാൻ തൊഴുത്തിൽ അല്ലാതെ വേറൊരിടത്ത് ഇടം കിട്ടിയില്ല എന്നത് നമ്മെ സങ്കടപ്പെടുത്തും. ആ ദമ്പതികൾ ദരിദ്രരായിരുന്നതുകൊണ്ടാണ് അങ്ങിനെയൊക്കെ സംഭവിച്ചത്. ദാരിദ്ര്യം ആയിരിക്കണം ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യതിന്മ. കാരണം, ദാരിദ്ര്യം മറ്റെല്ലാ തിന്മകൾക്കും കാരണമായി നിൽക്കുന്നുണ്ട്.

എന്നിട്ടും, ജോസഫും ഇടയന്മാരും ചേർന്ന് തൊഴുത്തിനെ ഒരു വീടാക്കി, ആശുപത്രിയാക്കി, ലേബർ റൂമാക്കി മാറ്റുകയാണ്. പാവം ആ കുഞ്ഞും അമ്മയും ഒട്ടും വിഷമിക്കരുതല്ലോ. മറിയമാകട്ടെ, എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി ചുറ്റുപാടുകളോട് അലിഞ്ഞ് ചേരുകയാണ്, പരാതികളില്ലാതെ.

കൂട്ടുകാരാ, നമ്മുടെ മനസ്സ് പോലെയല്ലേ നമ്മുടെ ജീവിതവും? ഏത് സാഹചര്യത്തോടും, ഏത് സങ്കടത്തോടും മനസ്സിനെ പരുവപ്പെടുത്താനായാൽ ജീവിതം എളുപ്പമാകും. തൊഴുത്ത് അവർക്ക് സ്വർഗമായത് അവരുടെ മനസ്സിന്റെ നന്മ കൊണ്ടാണ്. മനസ്സിന്റെ വിശാലത കൊണ്ടാണ്.

ദൈവമേ, ചുറ്റുപാടുകളെ ഹൃദയപൂർവം സ്വീകരിക്കാനുള്ള ആത്മബലം തന്ന് ശക്തിപ്പെടുത്തണമേ, ആമ്മേൻ.

ഫാ. അജോ രാമച്ചനാട്ട്