ശിശുസഹജമായ ആര്‍ദ്രതയാണാവശ്യം – ഫ്രാന്‍സീസ് പാപ്പ

വത്തിക്കാന്‍: ക്രിസ്മസ് ക്രിസ്തുവിന്റെ ചെറുതാകലിന്റെ ഓര്‍മ്മ പുതുക്കലാണ്. ഈ അവസരത്തില്‍ ക്രൈസ്തവര്‍ ക്രിസ്തുവിന്റെ താഴ്മയെ പിന്തുടരേണ്ടതാവശ്യമാണെന്ന് ഫ്രാന്‍സീസ് പാപ്പ. ചൊവ്വാഴ്ച വിശുദ്ധ ബലിയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ”ശിശുക്കളെപ്പോലെ നിര്‍മ്മലമായിരിക്കണം ആര്‍ദ്രത. അത് നാടകീയമായിരിക്കരുത്. ഒരാള്‍ ഇപ്രകാരം പറയുന്നുവെന്ന് വിചാരിക്കുക. ‘ഞാന്‍ വിനയമുള്ളവനാണ്. അങ്ങനെയായതില്‍ ഞാന്‍ ഏറെ അഭിമാനിക്കുകയും ചെയ്യുന്നു.’ ഈ വാക്കുകള്‍ താഴ്മയുടേതല്ല.” പാപ്പ മുന്നറിയിപ്പ് നല്‍കുന്നു.

ശിസശുസഹജമായ ആര്‍ദ്രത ഇപ്രകാരമായിരിക്കുമെന്ന് പാപ്പ തുടര്‍ന്നു, ”അവര്‍ സഞ്ചരിക്കുന്നത് ദൈവസാന്നിദ്ധ്യത്തിലായിരിക്കും. അവരുടെ വാക്കുകള്‍ മറ്റുള്ളവരെ വേദനിപ്പിക്കുകയില്ല. അവരുടെ പെരുമാറ്റവും സേവനങ്ങളും ഏറ്റവും വിനയത്തോടും താഴ്മയോടും കൂടി ആയിരിക്കും.” ശിശുക്കളുടെ ഏറ്റവും ശക്തിയാണിത്. ഏറ്റവും ചെറിയവരില്‍ ആണ് ക്രിസ്തു തന്റെ രക്ഷാകരദൗത്യം വെളിപ്പെടുത്തിക്കൊടുത്തത്. ക്രിസ്തുവിന്റെ ജനനം ആദ്യം അറിഞ്ഞതും ചെറിയവരാണ്. യഥാര്‍ത്ഥ ആര്‍ദ്രത ദൈവഭയത്തോട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് പാപ്പ അഭിപ്രായപ്പെട്ടു. കാസാ സാന്താ മാര്‍ത്തയിലെ ദിവ്യബലിയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

”ദൈവഭയം എന്നത് ഭീതിയുളവാക്കുന്ന ഒന്നല്ല. അവിടുന്ന് നമ്മുടെ പിതാവായ അബ്രഹാമിന് നല്‍കിയ കല്‍പനകള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാക്കാന്‍ സാധിക്കും. എന്റെ സാന്നിദ്ധ്യത്തില്‍ ജീവിക്കുക, സമ്പൂര്‍ണ്ണരായിരിക്കുക, വിനയമുള്ളവരായിരിക്കുക, അതാണ് ആര്‍ദ്രത. ഈ ആര്‍ദ്രതയാണ് ദൈവഭയം” പാപ്പ വിശദീകരിച്ചു.

ക്രിസ്മസിന്റെ താഴ്മയെക്കുറിച്ചാണ് പാപ്പ ദിവ്യബലിയില്‍ വിചിന്തനമായി നല്‍കിയത്. ഒരു പിതാവിന്റെയും മാതാവിന്റെയും ശിശുവിന്റെയും കാലിത്തൊഴുത്തിന്റെയും ചെറിയവരുടെയും കഥയാണ് ക്രിസ്മസിന് പറയാനുള്ളത്. ആര്‍ദ്രതയോടെയുള്ള വിനയത്തിന്റെ ഏറ്റവും ഉദാത്തമാതൃകയായി പാപ്പ ചൂണ്ടിക്കാണിച്ചത് പരിശുദ്ധ അമ്മയെയാണ്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പാതയിലൂടെ ദൈവത്തോടൊപ്പം സഞ്ചരിക്കുന്നതാണ് യഥാര്‍ത്ഥ ആര്‍ദ്രതയെന്ന് പറഞ്ഞാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.