അനുഗ്രഹത്തിന്റെ ഭിന്നവഴികള്‍

”ദൈവമായ കര്‍ത്താവ് സര്‍പ്പത്തോട് പറഞ്ഞു: ഇത് ചെയ്തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണില്‍ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവന്‍ നീ പൊടി തിന്നും” (ഉത്പത്തി 3:14).

റബ്ബി സിംകാ ബുനെം (1767-1827) മുകളില്‍പറഞ്ഞ വേദപുസ്തകവാക്യത്തെക്കുറിച്ച് നടത്തുന്ന മനോസഞ്ചാരങ്ങള്‍ ഇങ്ങനെ പോയി. സര്‍പ്പത്തിനുകിട്ടിയത് അത്ര വലിയ ശിക്ഷയാണോ? പൊടിതിന്ന് ജീവിച്ചോളാന്‍… അവന് എവിടെച്ചെന്നാലും പൊടി കിട്ടും. ആഹാരത്തിനുവേണ്ടി അലയേണ്ട കാര്യമില്ല. ചുരുക്കിപ്പറഞ്ഞാല്‍, സര്‍പ്പത്തിന്റെ കാര്യം കുശാല്‍. എവിടെത്തിരിഞ്ഞാലും അവന്റെ തീന്‍മേശ നിറഞ്ഞിരിക്കുന്നു. ഇതാണോ മനുഷ്യന്റെ കാര്യം. അദ്ധ്വാനിച്ച് ഭക്ഷിക്കാനുള്ളത് കണ്ടെത്തണം. എന്നിട്ടും എത്രയോപേരാണ് പട്ടിണിപ്പാവങ്ങള്‍. എത്രയോ കുട്ടികളാണ് വിശന്നുമരിക്കുന്നത്. സര്‍പ്പത്തിനു കിട്ടിയ ശാപം–പൊടിതിന്ന് വിശപ്പടക്കുക–നമുക്ക് കിട്ടിയിരുന്നെങ്കില്‍ അതൊരു അനുഗ്രഹമായേനെ.

റബ്ബി സിംകാ ഉത്പത്തിപുസ്തകത്തിലെ ദൈവനിശ്ചയത്തെക്കുറിച്ച് വീണ്ടും ആലോചിച്ച് ചിലതു കണ്ടെത്തുന്നുണ്ട്. അദ്ദേഹം പറയുന്നു: മനുഷ്യനെ എവിടെയും കിട്ടുന്ന പൊടിയുടെ സമൃദ്ധിയിലേക്ക് വിടാതെ നെറ്റിയിലെ വിയര്‍പ്പില്‍ അവന്റെ അപ്പം ഒതുക്കിനിര്‍ത്തിയതില്‍ ദൈവം മറ്റുചിലത് ഉദ്ദേശിച്ചിട്ടുണ്ട്. വേദനയോടെ പ്രസവിക്കുന്ന സ്ത്രീകളും മുള്‍ച്ചെടികള്‍ക്കിടയില്‍ പണിയെടുക്കുന്ന പുരുഷന്മാരും വിശന്നുകരയുന്ന കുട്ടികളും… ജീവിച്ചുപോകണമോ, അവര്‍ക്ക് ദൈവത്തെ വേണം. ദൈവമില്ലാതെ അവര്‍ക്ക് അതിജീവനം സാധ്യമല്ല. ഓരോ ദിവസവും പലപ്രാവശ്യം ദൈവത്തെ വിളിക്കാതെ ജീവിതസാഗരത്തില്‍ അവര്‍ കരപറ്റുകയില്ല.

തന്നോട് മനുഷ്യര്‍ നിരന്തര ബന്ധത്തിലായിരിക്കാന്‍ ദൈവമിട്ട പാലമാണ് ക്ലേശത്തിന്റെയും ഞെരുക്കത്തിന്റെയും വഴി. പറുദീസായില്‍നിന്ന് പുറത്താക്കിയെങ്കിലും ദൈവം മനുഷ്യനെ കൈവിട്ടില്ല. എന്നാല്‍ അതല്ല സര്‍പ്പത്തിന്റെ കാര്യം. അവന് എല്ലാമുണ്ട്; പക്ഷേ അവന് ദൈവത്തിന്റെ ആവശ്യമില്ല. ദൈവമില്ലാതെ ജീവിക്കാന്‍വിട്ടതാണ് സര്‍പ്പത്തിനുകിട്ടിയ ശാപം. എന്നാല്‍ ജീവിക്കാന്‍ പെടാപ്പാടുപെടുന്ന മനുഷ്യനറിയാം, ദൈവം തന്റെ പിതാവാണെന്ന്. അവന്‍ ഓരോ ദിവസവും പല പ്രാവശ്യം ദൈവത്തിലേക്ക് തിരിയും. എന്നാല്‍ സര്‍പ്പമാകട്ടെ, മണ്ണിലിഴഞ്ഞുതന്നെ കാലംപോക്കും. പാമ്പിന്റെ കാര്യം മാത്രമല്ല, മനുഷ്യനൊഴികെ മറ്റെല്ലാ ജീവജാലങ്ങളും വിതക്കാതെയും കൊയ്യാതെയും പ്രകൃതിയുടെ ധാരാളിത്തം ആസ്വദിച്ചു ജീവിച്ചു പോരുന്നു.

റബ്ബി സിംകായുടെ വചനവ്യാഖ്യാനത്തില്‍ കഴമ്പുണ്ട്. ദൈവം ചിലരെ തന്നോട് ചേര്‍ത്തുനിര്‍ത്തുന്നത് വിയര്‍പ്പും അദ്ധ്വാനവും വീഴ്ച്ചയും വഴിയാണ്. ”ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്‍മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ” (സങ്കീ.119:71). അദ്ധ്വാനമോ രോഗമോ കഷ്ടപ്പാടുകളോ ശത്രുക്കളോ ഇല്ലായിരുന്നെങ്കില്‍ മനുഷ്യര്‍ ദൈവത്തെ സ്മരിക്കുമായിരുന്നോ? ഇല്ല. തങ്ങളുടെ ലോകം സ്വര്‍ഗ്ഗമാണെന്നും ആ സ്വര്‍ഗ്ഗത്തിലെ ദൈവം തങ്ങള്‍തന്നെയാണെന്നും നന്മതിന്മകള്‍തങ്ങള്‍തന്നെ നിശ്ചയിച്ചോളാം എന്നും മനുഷ്യര്‍ പറയും. അതാണ് പറുദീസായില്‍ സംഭവിച്ചതും. അതിനാല്‍ അനുഗ്രഹത്തിന്റെ ഒരു വഴിയാണ് ദുരിതങ്ങളുടെയും പരിമിതിയുടെ ജീവിതം. അവ നമ്മെ ദൈവത്തോട് അടുക്കാന്‍ ഇടയാക്കുന്നു.

എന്നാല്‍ മറ്റു ചിലരെ അവന്‍ സമ്പത്തും സൗകര്യങ്ങളും കൊടുത്ത് തന്നോട് അടുപ്പിച്ചുനിര്‍ത്തുന്നു. ”കര്‍ത്താവിന്റെ അനുഗ്രഹം സമ്പത്ത് നല്‍കുന്നു. അവിടന്ന് അതില്‍ ദുഃഖം കലര്‍ത്തുന്നില്ല” (സുഭാ. 10:22). സമ്പത്ത് തന്ന ദൈവത്തെ നിരന്തരം മനുഷ്യര്‍ സ്തുതിക്കണമെന്നും ദരിദ്രരില്‍ ദൈവത്തെ കണ്ട് സമ്പത്ത് അവരുമായി പങ്കുവക്കണം എന്നുമാണ് ദൈവികപദ്ധതി. പക്ഷേ ഇക്കാര്യത്തില്‍ സമ്പന്നരുടെ വീഴ്ച്ചക്ക് സാദ്ധ്യതകള്‍ വളരെക്കൂടുതലാണ്. അതുകൊണ്ടാണ് ഈശോ സമ്പന്നര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നത്. പലരുടെയും ജീവിതത്തില്‍ സമ്പത്ത് ദൈവത്തിന്റെ സ്ഥാനത്തേക്ക് കയറിയിരിക്കാനുള്ള സാധ്യത കര്‍ത്താവ് കാണുന്നുണ്ട്.

അതുകൊണ്ടാണ്, നിനക്കുള്ളത് വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക; എന്നിട്ട് എന്നെ അനുഗമിക്കുക (ലൂക്ക18:22) എന്നവന്‍ പറഞ്ഞത്. തെറ്റായ മാര്‍ഗ്ഗത്തില്‍ സമ്പാദിക്കുകയും പാവങ്ങളെ പാടെ അവഗണിക്കുകയും ചെയ്തിട്ട് സമ്പാദ്യപ്പെട്ടിയുടെമേലെ തിരുഹൃദയരൂപം വക്കുന്നതോ വാഹനത്തില്‍ കൊന്ത തൂക്കിയിടുന്നതോ എല്ലാ കൈവിട്ടകളികളും കുരിശുവരച്ച് ആരംഭിക്കുന്നതിലോ കാര്യമില്ല.

”ദാരിദ്ര്യവും സമ്പത്തും മനുഷ്യനെ ദൈവത്തോട് അടുപ്പിച്ചുനിര്‍ത്താന്‍ ദൈവം ഉപയോഗിക്കുന്ന ഭിന്നവഴികളാണെന്നല്ലേ പറഞ്ഞുവരുന്നത്?” അതെ. ”എനിക്ക് രണ്ടാമത്തെ വഴി കിട്ടിയാല്‍ മതിയായിരുന്നു…” എന്തു ചെയ്യാം. കഷ്ടപ്പാടിന്റെ ഒന്നാമത്തെ വഴിയാണ് നിനക്ക് കൂടുതല്‍ യോജിക്കുന്നത് എന്ന് ദൈവം കണ്ടുകാണണം. അല്ലാതെ ദൈവം നിനക്കതുതരുമോ? അതുമല്ല, ദൈവംകൂടെയില്ലാത്ത സമ്പന്നനേക്കാള്‍ എത്രയോ ഭാഗ്യവാനാണ് ദൈവംകൂടെയുള്ള ദരിദ്രന്‍!

ഡോ. മാത്യു ഇല്ലത്തുപറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.