ഭാഗ്യം കൊണ്ടുവരുന്ന നിര്‍ഭാഗ്യം

ലോട്ടറിയിലൂടെ അപ്രതീക്ഷിതമായി ലഭിക്കുന്ന സമ്പത്ത് ഒരാളെ ഏതൊക്കെ തരത്തില്‍ സ്വാധീനിക്കും? കുറെനാള്‍ മുമ്പ്  മാധ്യമങ്ങളില്‍ വന്ന ഈ സംഭവം ഒന്നുകൂടി ആവര്‍ത്തിക്കാം. ലണ്ടനിലെ റോപ്‌ഷെയറില്‍ താമസിച്ചിരുന്ന സാധാരണക്കാരനായ ബേക്കറി തൊഴിലാളിയായിരുന്നു ലൂയീസ് ഗോ. ദൈനംദിന ജീവിതത്തിനാവശ്യമായ ശമ്പളം മാത്രമേ അയാള്‍ക്ക് ബേക്കറിജോലിയിലൂടെ ലഭിച്ചിരുന്നുള്ളൂ. അയാളുടെ ഭാര്യ ഗീതിന് വീടിന് തൊട്ടടുത്തുതന്നെയുള്ള സ്വകാര്യ സ്ഥാപനത്തില്‍ ഒരു ചെറിയ ജോലിയുമുണ്ടായിരുന്നു. രണ്ടുപേരുടെയും ശമ്പളം വഴി അവര്‍ സന്തോഷപൂര്‍വം ദിനങ്ങള്‍ പിന്നിട്ടു. ഇക്കാലങ്ങളിലാണ് ഗീത് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങുന്നത്. ജോലികഴിഞ്ഞ് മടങ്ങുന്ന വഴി  പത്രവിതരണക്കാരനാണ് ലോട്ടറി അവള്‍ക്ക് നല്‍കിയത്. അവരത് കാര്യമാക്കാതെ  പതിവുപോലെ ജോലിസ്ഥലത്തേക്ക് പോകുകയും ജോലികളില്‍ മുഴുകുകയും ചെയ്തു. എന്നാല്‍ ഗീത് എടുത്ത ലോട്ടറിക്കായിരുന്നു ഒന്നാം സമ്മാനമെന്ന് അധികം വൈകാതെ ഏജന്‍സി വഴി അവര്‍ അറിഞ്ഞു. 90 ലക്ഷം പൗണ്ടായിരുന്നു സമ്മാനത്തുക. അതായത് 61 കോടി രൂപ.

ബംബര്‍ ലോട്ടറിയടിച്ചതോടെ ലൂയീസും ഗീതും നാട്ടിലെ മിന്നുംതാരങ്ങളായി. എവിടെയും അവര്‍ ചര്‍ച്ചാവിഷയമായി. തൊട്ടടുത്തുള്ള പട്ടണത്തിലെ റിസോര്‍ട്ടുകളില്‍ വിനോദയാത്രയ്ക്ക് പോകാന്‍ പോലും മുമ്പ് സാമ്പത്തിക ബുദ്ധിമുട്ടുമൂലം കഴിയാതിരുന്ന അവര്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ആഡംബരവിനോദയാത്ര നടത്തി. ആവശ്യമില്ലാതിരുന്നിട്ടും നിരവധി വിലപിടിപ്പുള്ള ഫ്‌ളാറ്റുകളും വാഹനങ്ങളും വാങ്ങി.

ലോട്ടറിയടിച്ച ആദ്യനാളുകളില്‍ ബേക്കറിയില്‍ ജോലിക്ക് പോകാന്‍ ലുയീസ് താല്‍പര്യം കാട്ടിയിരുന്നെങ്കിലും പിന്നീടത് അയാളത് ഉപേക്ഷിച്ചു. എന്തിന് ജോലി ചെയ്യണം? ആര്‍ക്ക് വേണ്ടി ജോലി ചെയ്യണം? ജീവിതം മുഴുവന്‍ ആര്‍ഭാടപൂര്‍വ്വം കഴിയാനുള്ള സമ്പത്ത് സ്വന്തമായുണ്ട്. ജോലി ചെയ്യുന്ന ബേക്കറിപോലെയുള്ള ആയിരം ബേക്കറികള്‍ വാങ്ങാനുള്ള പണവുമുണ്ട്. അതുകൊണ്ട് ഇനി ജോലിക്കൊന്നും പോകേണ്ടെന്നായി അയാളുടെ ചിന്ത.

ഗീതും ഇതേ ചിന്താഗതിയാണ് പുലര്‍ത്തിയത്. സ്വകാര്യ സ്ഥാപനത്തിലെ ജോലി അവളും ഏതാനും ദിവസങ്ങള്‍ ഉപേക്ഷിച്ചു. വില കൂടിയ ചെരിപ്പുകളും ആഭരണങ്ങളും വസ്ത്രങ്ങളും തിരഞ്ഞെടുക്കുന്നതിലായി പിന്നീട് ഗീതിന് കമ്പം. ലൂയീസ് ആകട്ടെ, മനോഹരമായ വീടുകളും വാഹനങ്ങളും വാങ്ങാന്‍ താല്‍പര്യം കാട്ടി. എവിടെയെങ്കിലും മനോഹരമായ ഫ്‌ളാറ്റുകള്‍ വില്‍ക്കാനുണ്ടെന്ന് കേട്ടാല്‍ ആവശ്യമില്ലെങ്കില്‍ക്കൂടി അയാളവിടെ പറ്റിക്കൂടും. അതിന് വിലപറയും. സാമ്പത്തികാവശ്യങ്ങളുമായി അയല്‍ക്കാരെ ഇവര്‍ വെറുത്തു. ബന്ധുക്കളെയും സ്‌നേഹിതരെയും അയാള്‍ ഉപേക്ഷിച്ചു. തന്റെ സമ്പത്ത് തട്ടിയെടുക്കാന്‍ അവര്‍ ശ്രമിക്കുന്നുവെന്നായിരുന്നു അയാളുടെ ചിന്ത. അധികം വൈകാതെ ഉറ്റ സ്‌നേഹിതരും അയാളില്‍നിന്ന് അകന്ന് തുടങ്ങി.

ലൂയീസ് മദ്യപാനം ആരംഭിച്ചത് ആ ദിവസങ്ങളിലാണ്. ഭാര്യയോടുപോലും പറയാതെ അയാള്‍ പുറത്തുപോകാന്‍ തുടങ്ങി. കോടിപതിയാകുന്നതിനുമുമ്പ് മാതൃകാ ദമ്പതികളെന്ന നിലയിലാണ് അവര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ പെട്ടെന്നുതന്നെ അവര്‍ക്കിടയിലും അകലങ്ങളുണ്ടായി. ലൂയീസിന്റെ മദ്യപാനവും മുന്‍കോപവും ഭാര്യയെ ക്ഷുഭിതയാക്കി. ഭാര്യയുടെ ആഡംബരഭ്രമത്തോട് ലൂയീസിനും യോജിക്കാനായില്ല. അങ്ങനെ 27 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ടുകൊണ്ട് ഇരുവരും വേര്‍പിരിഞ്ഞു. 15 ലക്ഷം പൗണ്ട് അയാള്‍ വിവാഹ മോചന ഉടമ്പടിയുടെ ഭാഗമായി ഭാര്യയ്ക്ക് നല്‍കി.

ഒറ്റയ്ക്ക് താമസിക്കാന്‍ ലൂയീസ് തീരുമാനിച്ചു. അതിനായി അയാള്‍ മറ്റൊരു ‘വില്ല’ വാങ്ങി. മികച്ച പാചകക്കാരനെയും വീട്ടുകാര്യങ്ങള്‍ നോക്കാന്‍ മറ്റൊരു മേല്‍നോട്ടക്കാരനെയും നിയമിച്ചു. ഈ രണ്ട് ജോലിക്കാര്‍ക്കുംകൂടി 40,000 പൗണ്ടാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി അയാള്‍ വാഗ്ദാനം ചെയ്തത്.

ലൂയീസിന്റെ സാമ്പത്തികസ്രോതസിനെ ചൂഷണം ചെയ്യുക എന്നതായിരുന്നു ജോലിക്കാരുടെ ചിന്ത.  ഇതറിയാതെ ലൂയീസ് ആഡംബരത്തിലും മദ്യപാനത്തിലും കഴിഞ്ഞു. ജോലിക്കാര്‍ ചതിയിലൂടെ അയാളുടെ സമ്പത്ത് കൈക്കലാക്കിക്കൊണ്ടിരുന്നു. അധികം വൈകാതെ ലൂയീസ് തീര്‍ത്തും ദരിദ്രനായി മാറി. സഹായികളായി വന്നവര്‍, സമ്പന്നരാകുകയും അവര്‍ അയാളെ ഉപേക്ഷിച്ച് വേറെ പോകുകയും ചെയ്തതോടെ ലൂയീസ് ഹൃദ്രോഗിയായി മാറി.

ടെല്‍ഫോര്‍ഡിലെ പ്രിന്‍സസ് ആശുപത്രിയില്‍ ഏതാനും നാളുകള്‍ കഴിഞ്ഞ ലൂയീസ് തന്റെ ജീവിതം നശിപ്പിച്ചത്  ലോട്ടറിയാണെന്ന് കൂടെക്കൂടെ പറഞ്ഞുകൊണ്ടിരുന്നു. മഹാസമ്പന്നനായ ലൂയീസ് ഒടുവില്‍ പരമദരിദ്രനായി മരിച്ചത് ബ്രിട്ടീഷ് പത്രങ്ങള്‍ക്ക് ഒന്നാംപേജ് വാര്‍ത്തയായിരുന്നു.

എളുപ്പം പണക്കാരനാകാന്‍ ആഗ്രഹിച്ച് ലോട്ടറിക്കും ചൂതുകളി പോലുള്ള പണമിരട്ടിപ്പ് സംഘങ്ങള്‍ക്കും പിന്നാലെ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരും ഇതിനായി പണം ധൂര്‍ത്തടിക്കുന്നവരും ലുയീസിനെപ്പോലെ നമുക്കിടയിലും ധാരാളമുണ്ട്. ഭാഗ്യം ആശ്ലേഷിച്ച പലരും ഇന്ന് നിര്‍ദ്ധനരായിരിക്കുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തിലെഒരു പ്രമുഖ ദിനപത്രത്തിന്റെ സണ്‍ഡേ പതിപ്പില്‍ സംസ്ഥാന ഭാഗ്യക്കുറിയുടെ ആദ്യ 25 നറുക്കെടുപ്പുകളില്‍ ഒന്നാം സമ്മാനം ലഭിച്ചവരുടെ ജീവിതം വിശകലനം ചെയ്ത്  ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. നറുക്കെടുപ്പില്‍ ലക്ഷങ്ങള്‍ സമ്മാനം ലഭിച്ച ആ 25 പേരില്‍ ഒരാള്‍പോലും പിന്നീട് സാമ്പത്തികമായി ഉയര്‍ന്നില്ല എന്നതായിരുന്നു വൈരുദ്ധ്യകരമായ യാഥാര്‍ത്ഥ്യം. മാത്രവുമല്ല, തീര്‍ത്തും ദരിദ്രമായ അവസ്ഥയിലേക്ക് പോയവരുമുണ്ടായിരുന്നുവത്രേ അവര്‍ക്കിടയില്‍.

അപ്രതീക്ഷിതമായ ധനാഗമത്തിനിടയില്‍ സമ്പത്തിന്റെ ശരിയായ വിനിയോഗം പലര്‍ക്കും സാധ്യമല്ലാതായിപ്പോകുന്നു. ധൂര്‍ത്തിന്റെ വഴിയാണ് പലരും തെരഞ്ഞെടുക്കുന്നത്. മുമ്പ് മറ്റുള്ളവരോടുണ്ടായിരുന്ന സ്വാതന്ത്യം അവിടെ ഹനിക്കപ്പെടുന്നു, സമ്പത്ത് മറ്റുള്ളവര്‍  തട്ടിയെടുക്കുമോ എന്നുള്ള ഭയം വര്‍ദ്ധിക്കുന്നു.   സംശയവും ഏകാന്തതയുമാണ് ഇതിന്റെയെല്ലാം ഫലം.

പണത്തിന്റെ ഏറ്റവും നല്ല നിര്‍വചനം കണ്ടുപിടിക്കാന്‍ ഒരു ബ്രിട്ടീഷ് ദിനപത്രം ഒരിക്കല്‍ ഒരു മത്സരം നടത്തി. ആയിരങ്ങള്‍ പങ്കെടുത്ത ആ മത്സരത്തില്‍ ഒന്നാം സമ്മാനത്തിന്  തിരഞ്ഞെടുക്കപ്പെട്ട നിര്‍വ്വചനമിതായിരുന്നു ”ആത്മസന്തോഷമൊഴികെ മറ്റെന്തും സ്വന്തമാക്കാന്‍ പണം സഹായിക്കും; സ്വര്‍ഗത്തിലേക്കൊഴികെ മറ്റെവിടേക്ക് പോകാനും പണം ഉപകരിക്കും.” മനുഷ്യന് ഏറ്റവും അനിവാര്യമായ രണ്ട് കാര്യങ്ങള്‍ നഷ്ടപ്പെടുത്തുന്നത് അന്യായമായി ലഭിക്കുന്ന സമ്പത്താണെന്ന് ഈ വാക്യം അടിവരയിടുന്നു.

അപ്രതീക്ഷിതമായി ലഭിക്കുന്ന സമ്പത്ത് മനുഷ്യന്റെ മനഃശാന്തിയാണ് നഷ്ടപ്പെടുത്തുന്നത്. ഇത് വ്യക്തമാക്കുന്ന ഒരു പഴയ കഥയുണ്ട്. ഒരിക്കല്‍ ഒരാള്‍ ധനസമൃദ്ധിക്ക് വേണ്ടി കടുത്ത പ്രാര്‍ത്ഥന ആരംഭിച്ചു. നിരന്തര പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ ദൈവം പ്രത്യക്ഷപ്പെട്ടു. എന്തു വരം വേണമെന്ന് അയാളോട് ചോദിച്ചു. ‘ഞാന്‍ എന്തെങ്കിലും സമ്പാദ്യത്തില്‍ നിന്നും  എടുത്താല്‍ ഉടന്‍ അതേസ്ഥാനത്ത്  അവ ഉണ്ടാകണം.’ ഭക്തന്‍  ആവശ്യം ദൈവത്തോട് പറഞ്ഞു. അതായത് പതിനായിരം രൂപ താന്‍ പേഴ്‌സില്‍ നിന്ന് ചെലവഴിച്ചാലും വീണ്ടും പതിനായിരം അവിടെ  നിറയണമെന്നാണ് ഭക്തന്റെ മനസിലിരുപ്പ്. ദൈവം അയാളെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി. അയാള്‍ ഉടന്‍ ഒരു ചാക്ക് അരിയും വാങ്ങി വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തിയ ശേഷം തലയില്‍നിന്ന് ഭാര്യ അരിച്ചാക്ക് പിടിച്ചിറക്കുമ്പോള്‍ അതാ വീണ്ടും അയാളുടെ തലയില്‍ അടുത്ത ചാക്കില്‍ അരി. ഓരോ തവണ ഭാരമിറക്കുമ്പോഴും അടുത്ത ചാക്കുകെട്ട് തലയില്‍ പ്രത്യക്ഷപ്പെടും.  ചാക്കുകെട്ട് ഇറക്കി മടുത്ത് അയാള്‍ ഭാര്യയോട്  ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. ഭാര്യ  അയാളുടെ കൈയില്‍ വെള്ളം നിറച്ച ഗ്ലാസ് കൊടുത്തു. അത് കുടിച്ചു തീര്‍ന്നപാടെ വീണ്ടും ഗ്ലാസ് നിറയുന്നു. അത്  കുടിച്ചപ്പോള്‍ വീണ്ടും പഴയ പടി വെള്ളം. അന്നയാള്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. അമിതമായി ലഭിക്കുന്ന സമ്പത്ത് ഒരിക്കലും ജീവിതത്തിന് സുഖപ്രദമല്ല.

അത്യാവശ്യത്തിനുള്ള പണം അധ്വാനിച്ചുണ്ടാക്കുന്നതാണ് എപ്പോഴും അഭിമാനകരം. അതു നമുക്ക് സന്തോഷവും സമൂഹത്തില്‍ മാന്യതയും നല്‍കും. നാളത്തേക്കുംകൂടി മിച്ചം വയ്ക്കാനും അടുത്ത തലമുറയ്ക്ക് ഉത്തമ മാതൃക നല്‍കാനുമാകും. എന്നാല്‍ ചൂതുകളിയും ലോട്ടറിയും വഴി ലഭിക്കുന്ന ധനം നമ്മെയും തലമുറകളെയും മടിയന്മാരും ദുര്‍മാര്‍ഗികളുമാക്കും. ”താനിടാത്ത മുട്ടയ്ക്ക് അടയിരിക്കുന്ന തിത്തിരി പക്ഷിയെപ്പോലെയാണ് അന്യായമായി സമ്പത്ത് സമ്പാദിക്കുന്നവന്‍. ജീവിതമധ്യത്തില്‍ അത് അവനെ പിരിയും. അവസാനം അവന്‍ വിഡ്ഢിയാകുകയും ചെയ്യും” (ജറെമിയ 17:11).

സാമ്പത്തികപ്രതിസന്ധികളില്‍നിന്നും കരകയറണമെന്ന ലക്ഷ്യത്തോടെയാണ് പലരും ലോട്ടറിയെടുക്കുകയും ഇരട്ടിപ്പണം കിട്ടാനുളള വഴ തേടുകയും ചെയ്യുന്നത്. എന്നാല്‍ ദൈവപരിപാലനയില്‍ അടിയുറച്ച് വിശ്വസിക്കുന്നവര്‍ ലോട്ടറിപോലുള്ള കപടമാര്‍ഗത്തിലേക്ക് തിരിയില്ല. കാരണം അവരുടെ ധനാഗമ മാര്‍ഗങ്ങള്‍ ദൈവം നടത്തുന്നു.

ദൈവത്തിലുള്ള ശരിയായ വിശ്വാസവും ബോധ്യവും വഴി എത്രയോ കുടുംബങ്ങള്‍ അഭിവൃദ്ധിപ്പെട്ടു, ബിസിനസുകള്‍ മെച്ചപ്പെട്ടു. അവരാരും ലോട്ടറി പോലുള്ള താല്‍ക്കാലിക ‘ഭാഗ്യാന്വേഷണം’ നടത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ സ്‌നേഹവും ദൈവാശ്രയവും അവരുടെ ബന്ധങ്ങളെ ഊഷ്മളമാക്കി. ശാന്തിയും സന്തോഷവും പകരുന്ന യഥാര്‍ത്ഥ സമ്പത്ത് ദൈവത്തിന് മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് അവരുടെ ജീവിതം സാക്ഷ്യമേകി.

ലോട്ടറി, ചൂതാട്ടം തുടങ്ങിയ വഴിയിലൂടെ ലഭിക്കുന്ന സമ്പത്ത് നമ്മുടെ ജീവിതത്തിന്റെ എല്ലാ നന്മകളെയും ചോര്‍ത്തിക്കളയും. ഇത് തെളിയിക്കുന്നതാണ് ആദ്യസംഭവത്തിലെ ലൂയീസിന്റെ ജീവിതത്തകര്‍ച്ച. വളരെ നന്നായി കുടുംബജീവിതം നയിച്ച ലൂയീസിന്റെയും ഭാര്യയുടെയും കുടുംബഭദ്രത തകര്‍ത്തെറിഞ്ഞത് ലോട്ടറിയിലൂടെ വന്ന അപ്രതീക്ഷിത സമ്പത്താണ്. ഇങ്ങനെ വരുന്ന സമ്പത്ത് നമ്മുടെ കുടുംബബന്ധങ്ങളെ ചിലപ്പോള്‍ വഴിതെറ്റിക്കും.

കര്‍ത്താവ് മനസായാല്‍ നമ്മുടെ ജീവിതം അനുഗ്രഹിക്കപ്പെടുമെന്ന് തീര്‍ച്ചയാണ്. അതിന് ഒരു ഭാഗ്യാന്വേഷി ആകേണ്ടതില്ല. സര്‍വ സമ്പത്തിന്റെയും ഉടമയാണ് നമ്മുടെ ദൈവമെന്ന് നാം ഏറ്റുപറയാറില്ലേ? ഈ ദൈവത്തോട് ചേര്‍ന്നുനിന്നാല്‍ നമ്മുടെ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.