ഗുഡ് ബൈ കീക്കോ

ഇന്ത്യയിലെ പാവങ്ങള്‍ക്കുവേണ്ടി ജീവിച്ച ജാപ്പനീസ് മിഷനറി സിസ്റ്റര്‍ അസൂന്ത നകാഡെയുടെ ജീവിതം

മിഷനറിമാരെ പറ്റി ചിന്തിക്കുമ്പോള്‍ കത്തോലിക്കരുടെ മനസില്‍ ആദ്യം ഓടി എത്തുന്നത് മൂന്നാം ലോക രാജ്യങ്ങളില്‍ സേവനം ചെയ്തിരുന്ന യൂറോപ്യന്‍ മിഷനറിമാരായിരിക്കും. എന്നാല്‍ സിസ്റ്റര്‍ അസൂന്ത നകാഡെയുടെ കഥ ഇവയില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമാണ്.

രണ്ടാം ലോക മഹായുദ്ധത്തിന് തൊട്ട് മുന്‍പായി 1937-ല്‍ ജപ്പാനിലെ ടോക്കിയോയിലെ ഒരു ബുദ്ധ മത കുടുംബത്തിലാണ് അസൂന്ത ജനിച്ചത്. ‘കീക്കോ’ എന്നായിരുന്നു സിസ്റ്റര്‍ അസൂന്തയ്ക്ക് മാതാപിതാക്കള്‍ നല്‍കിയ പേര്. പിതാവിന് ഒരു ട്രേഡിംഗ് കമ്പനിയില്‍ ജോലി ആയിരുന്നത് മൂലം ആ കുടുംബം നിത്യവും സ്ഥലം മാറിക്കൊണ്ടിരുന്നു. തന്റെ പന്ത്രണ്ടാമത്തെ വയസിലാണ് അയല്‍ക്കാരില്‍ ചിലര്‍ ഒരു പ്രത്യേക സ്ഥലത്തേക്ക് പോകുന്നത് അവളുടെ ശ്രദ്ധയില്‍ പെട്ടത്. സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ ഒരു കത്തോലിക്ക പള്ളിയിലേക്കായിരുന്നു അവരുടെ യാത്ര. വിശ്വാസികളുടെ ആ നീണ്ട നിര അവളില്‍ ചലനമുണ്ടാക്കി. തന്നെ കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തിച്ചത് വിശുദ്ധ ഫ്രാന്‍സീസ് സേവ്യര്‍ ആണെന്ന് സിസ്റ്റര്‍ അസൂന്ത പിന്നീട് പറയുകയുണ്ടായി.

നകാഡെ ഒരു ഫ്രാന്‍സീസ്‌കന്‍ സ്‌കൂളില്‍ ചേരുകയും 1950-ല്‍ മാമോദീസ സ്വീകരിക്കുകയും ചെയ്തു. അസൂന്ത എന്ന പേരാണ് സ്വീകരിച്ചത്. പിന്നീട് അവളുടെ അമ്മയും സഹോദരനും കത്തോലിക്ക സഭ വിശ്വാസത്തിലേക്ക് മാറി. എങ്കിലും അച്ഛന്‍ ബുദ്ധമത വിശ്വാസിയായി തന്നെ തുടര്‍ന്നു.

1962-ല്‍ ഹാന്‍ഡ്മെയ്ഡ്സ് ഓഫ് ദ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സഭയില്‍ അസൂന്ത ചേര്‍ന്നു. പരിശുദ്ധ കുര്‍ബാനയുടെ ആരാധനയാണ് അസൂന്തയെ ഈ സഭയിലേക്ക് ആകര്‍ഷിച്ചത്. 1972-ല്‍ 20 പുതിയ സഭാംഗങ്ങള്‍ക്കൊപ്പം അസൂന്തയും വ്രതവാഗ്ദാനം സ്വീകരിച്ചു.

തന്റെ ജീവിതത്തില്‍ യാദൃശ്ചികമായി സംഭവിച്ച ദൈവീക കാര്യങ്ങള്‍ പോലെ തന്നെ മിഷനറി എന്ന ഉത്തരവാദിത്വവും അസൂന്തയ്ക്ക് യാദൃശ്ചികമായിരുന്നു. 1976-ല്‍ ഇന്ത്യയിലേക്ക് പോകേണ്ടിയിരുന്ന ഒരു സഭാംഗത്തിന്റെ വിസ റദ്ദാക്കപ്പെട്ടു. ആ സ്ഥാനത്തേക്ക് സിസ്റ്റര്‍ അസൂന്തയെയാണ് തിരഞ്ഞെടുക്കപ്പെടുത്തത്. അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നും തിടുക്കത്തില്‍ നേടിയ പരിശീലനത്തിനു ശേഷം ജൂലൈയില്‍ സിസ്റ്റര്‍ അസൂന്ത ഇന്ത്യയിലേക്ക് പുറപ്പെട്ടു.

ഇന്ത്യയില്‍ എത്തിയതിനു ശേഷം മുംബൈയുടെ പ്രാന്തപ്രദേശമായ ജൂഹുവിലെ ഹാന്‍ഡ് മെയിഡ്സ് അറ്റ് ദില്‍ ഖുഷ് എന്ന കോണ്‍വെന്റില്‍ ചേര്‍ന്നു. ആ സമയം വിദേശത്ത് നിന്നുള്ള 5 കന്യാസ്ത്രീകള്‍ ചേര്‍ന്ന് ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് വേണ്ടി ഒരു സ്‌കൂള്‍ നടത്തുന്നുണ്ടായിരുന്നു. പെട്ടെന്നുള്ള മാറ്റം സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നെങ്കിലും ആ മാറ്റത്തെ താന്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നുവെന്നായിരുന്നു അസൂന്തയുടെ പക്ഷം. പ്രതിസന്ധികളെ നേരിട്ടതെങ്ങനെയെന്ന് സിസ്റ്റര്‍ അസൂന്ത പറയുന്നു, ”ഈ കുട്ടികളുമായുള്ള ഇടപെടല്‍ ഒട്ടും എളുപ്പമായിരുന്നില്ല. ദിവ്യകാരുണ്യ നാഥന്റെ അനുഗ്രഹമായിരുന്നു എന്റെ ശക്തിയും ഉന്മേഷവും. പരിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തുവിനെ ദര്‍ശിക്കുന്നത് പോലെ ഞാന്‍ ആ കുഞ്ഞുങ്ങളില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യം ദര്‍ശിച്ചു.” സിസ്റ്റര്‍ തുടര്‍ന്നു, ”ദൈവം ഈ കുഞ്ഞുങ്ങളെ സ്നേഹിക്കുമ്പോള്‍ അവര്‍ സ്നേഹത്തിന് അര്‍ഹരായി തീരുന്നു. ഇന്ത്യയില്‍ ദൈവം എനിക്ക് നല്‍കിയ വിശിഷ്ട സമ്മാനങ്ങള്‍ ആണ് ഈ കുഞ്ഞുങ്ങള്‍.” 2014 വരെ ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കണമെന്നതിനെ കുറിച്ചുള്ള പരിശീലന ക്ലാസ്സുകളിലെ അംഗമായിരുന്നു സിസ്റ്റര്‍ അസൂന്ത.

ശയ്യാവലംബിതരും രോഗാതുരരുമായ രോഗികള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കിക്കൊണ്ടും എച്ച്.ഐ.വി/എയിഡ്സ് രോഗികളെ ശുശ്രൂഷിച്ച് കൊണ്ടും സിസ്റ്റര്‍ അസൂന്ത തന്റെ മിഷണറി ജീവിതം മുന്നോട്ട് കൊണ്ടുപോയി. സിസ്റ്ററിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ബിന്ദുവിന്റെ വാക്കുകള്‍ ഇപ്രകാരമാണ്, ”പാവപ്പെട്ട ഏതൊരാള്‍ സിസ്റ്ററുടെ അടുത്തു വന്നാലും എന്തെങ്കിലും കഴിക്കാതെയും കുടിക്കാതെയും അയാള്‍ അവിടെ നിന്ന് പോകില്ല. അവര്‍ക്ക് ഭക്ഷണം കൊടുത്തില്ലെങ്കില്‍ സിസ്റ്റര്‍ വളരെ ദുഃഖിതയാകും. അതുപോലെ അവര്‍ അനവധി കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയും ചെയ്തിരുന്നു’.

മിഷനറി ജീവിതത്തിന്റെ മൂന്ന് നെടുംതൂണുകള്‍ ആയ ധ്യാനം, കുര്‍ബാന, അനുകമ്പ എന്നീ ഗുണങ്ങളെ തിരിച്ചറിഞ്ഞ സന്യാസിനി ആയിരുന്നു സിസ്റ്റര്‍ അസൂന്ത. വി. മദര്‍ തെരേസയോടും ഫ്രാന്‍സിസ് മാര്‍പ്പാപ്പയോടും ഉള്ള ആരാധന സിസ്റ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദില്‍ക്കുഷ് സ്പെഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ച വേളയിലായിരുന്നു വിശുദ്ധ മദര്‍ തെരേസയുമായുള്ള സിസ്റ്റര്‍ അസൂന്തയുടെ കൂടിക്കാഴ്ച. ‘ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ സമൂഹം അംഗീകരിക്കുന്നതില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ സ്ത്യുത്യര്‍ഹമായ പങ്ക് വഹിച്ചിട്ടുണ്ട്. ഒരു കുഞ്ഞിനെ, ആ കുഞ്ഞ് ആയിരിക്കുന്ന രീതിയില്‍ അംഗീകരിക്കുന്ന സമൂഹമാണ് യഥാര്‍ത്ഥ സമൂഹം.” സിസ്റ്റര്‍ പറയുന്നു.

ഇന്ത്യയിലെത്തിയ ഏക ജാപ്പനീസ് സന്യാസിനിയാണ് അസൂന്ത നകാഡെ. എണ്‍പത് വയസിനോടടുത്ത അവര്‍ തന്റെ രാജ്യമായ ജപ്പാനിലേക്ക് തിരികെ പോകാന്‍ ഒരുങ്ങുകയാണ്. ജപ്പാനില്‍ സന്യാസിനിമാരുടെ ശരാശരി പ്രായം 82 ആണെന്നും തനിക്കിപ്പോള്‍ 79 വയസ് മാത്രം ഉള്ളത് കൊണ്ട് താനായിരിക്കും ഇളയത് എന്നും സിസ്റ്റര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ ഇത് 43 വയസാണ്.

സിസ്റ്റര്‍ അസൂന്തയ്ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു കൊണ്ട് ഇപ്പോഴത്തെ സുപ്പീരിയര്‍ സിസ്റ്റര്‍ ബിന്ദു മൈക്കിള്‍ പറയുന്നു; ”ഞങ്ങള്‍ വളരെയധികം നന്ദിയുള്ളവരാണ്. എന്നാല്‍ നിങ്ങളുടെ സാന്നിധ്യവും പുഞ്ചിരി നിറഞ്ഞ മുഖവും നഷ്ടപ്പെടുന്നതില്‍ ഞങ്ങള്‍ ദു:ഖിതരാണ്. എങ്കിലും സ്നേഹം കൊണ്ട് നമ്മള്‍ എന്നും ബന്ധിതരായിരിക്കും. കാരണം നിങ്ങളുടെ സ്നേഹവും ത്യാഗവും ചുറുചുറുക്കും ഇന്ത്യയോടുള്ള നിങ്ങളുടെ അതിയായ സ്നേഹവും ഞങ്ങള്‍ ഒരിക്കലും മറക്കുകയില്ല. ഗുഡ് ബൈ സിസ്റ്റര്‍ അസൂന്താ!” സിസ്റ്റര്‍ ബിന്ദുവിന്റെ സ്നേഹവും നന്ദിയും നിറഞ്ഞ വാക്കുകള്‍.

ഡോ. സിജു വിജയന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.