ബോബി അച്ചന്റെ ‘ഹോട്ടല്‍’

പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഫാദര്‍ ബോബി ജോസ് കട്ടിക്കാട് എന്ന പുരോഹിതന്റെ മനസ്സില്‍ വിരിഞ്ഞ ‘അഞ്ചപ്പം’ ഭക്ഷണശാലയുടെ വിശേഷങ്ങള്‍

പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് വിശന്നപ്പോള്‍ യേശു തൊട്ടടുത്തിരുന്ന കൂടയിലേക്ക് നോക്കി. ‘അഞ്ചപ്പവും രണ്ട് മീനും’ മാത്രം അതില്‍ അവശേഷിക്കുന്നു. എന്നാല്‍ ജനക്കൂട്ടമോ അയ്യായിരത്തിലധികം വരും. വിളമ്പാനാണ് അവന്‍ ആവശ്യപ്പെട്ടത്. കൂടിയിരുന്നവര്‍ വയറു നിറയെ ഭക്ഷിച്ചിട്ടും അപ്പവും മീനും പിന്നെയും ബാക്കിയായിരുന്നു.

മഹാകാരുണ്യത്തിന്റെ വിരല്‍ തൊട്ട് ക്രിസ്തു അയ്യായിരങ്ങളുടെ വിശപ്പടക്കിയത് വെറും അഞ്ചപ്പം കൊണ്ടെത്രെ! ആ കരുണയുടെ കൈ പിടിച്ച് അനേകായിരങ്ങളുടെ വിശപ്പകറ്റാന്‍ ഒരുങ്ങുകയാണ് അഞ്ചപ്പം ട്രസ്റ്റ്. വിശപ്പെന്ന മഹാസത്യത്തിന് മുന്നില്‍ എല്ലാ മനുഷ്യരും സമന്‍മാരാണെന്ന യാഥാര്‍ത്ഥ്യത്തെ ബോധ്യപ്പെടുത്തുകയാണ് അഞ്ചപ്പം റസ്റ്റോറന്റ്.

anchappam-1ഫാദര്‍ ബോബി ജോസ് കട്ടിക്കാട് എന്ന പുരോഹിതന്‍ നമുക്കെല്ലാവര്‍ക്കും സുപരിചിതനാണ്. എഴുത്തിലും വാക്കിലും നൈര്‍മല്യം സൂക്ഷിക്കുന്നൊരാള്‍. വാക്കുകള്‍ അപരന്റെ ഹൃദയത്തിലേക്ക് ആഴത്തില്‍ ഉറപ്പിക്കാന്‍ കഴിയുന്ന ദൈവത്തിന്റെ ദാസന്‍. ബോബിയച്ചന്റെ മനസ്സിലാണ് ഈ ആശയം ആദ്യം ഉടലെടുത്തത്. തന്റെ ആശയത്തോട് യോജിക്കാന്‍ സന്മനസ്സുള്ളവരുമായി അച്ചന്‍ കൂടിയാലോചിച്ചു. ആറുമാസമായി ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലായിരുന്നു ബോബിയച്ചനും സഹപ്രവര്‍ത്തകരും. അങ്ങനെ ഒക്‌ടോബര്‍ 9-ാം തീയതി കോഴഞ്ചേരി ടിബി ജംഗ്ഷനില്‍ അഞ്ചപ്പം ഭക്ഷണശാലയുടെ ആദ്യ ഔട്ട്‌ലെറ്റ് ആരംഭിച്ചു. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്‌തോം വലിയ മെത്രാപ്പോലീത്തയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

വിശക്കുന്ന ആര്‍ക്കും ഇവിടേയ്ക്ക് കയറി വരാം. കൈയില്‍ പണമുണ്ടോ എന്നാരും ചോദിക്കില്ല. പണമുണ്ടെങ്കില്‍ സന്തോഷത്തോടെ ഇവിടെയുള്ളവര്‍ വാങ്ങും. ഇല്ലെങ്കിലും ആരും ചോദിക്കില്ല. ചെലവ് കുറഞ്ഞ ഭക്ഷണശാല എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന അഞ്ചപ്പം റെസ്റ്റോറന്റില്‍ ഒരു ഊണിന് 25 രൂപ മാത്രമേ വാങ്ങുന്നുള്ളൂ. പ്രാതലിന് 15 രൂപ മാത്രം. വിശക്കുന്നു എന്നു പറഞ്ഞ് ഇനിയാരും ഈ ദേശത്ത് ആരുടെ മുന്നിലും കൈനീട്ടാന്‍ പാടില്ല. ഇതാണ് അഞ്ചപ്പം എന്ന സംരംഭത്തിന്റെ ലക്ഷ്യം. കേരളത്തിലുടനീളം ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുകയാണ് ഈ ട്രസ്റ്റിന്റെ ലക്ഷ്യം.

anchappam-3ഉദാരമതികളായ ചില സുമനസ്സുകളാണ് ഈ സംരംഭം വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ‘അപ്പക്കൂട്ട്’ എന്നാണ് ഈ കൂട്ടായ്മയുടെ പേര്. സാമ്പത്തികമായി കഴിവുള്ളവര്‍ക്കും പങ്കു വയ്ക്കാന്‍ മനസ്സുള്ളവര്‍ക്കും അപ്പക്കൂട്ടിലെ അംഗങ്ങളാകാം. ആറുമാസമാണ് കാലാവധി. അധികനാള്‍ തുടരാന്‍ ഒരാള്‍ക്ക് കഴിയില്ലെങ്കിലാണ് ഈ കാലാവധി വ്യവസ്ഥ. ആറ് മാസങ്ങള്‍ക്ക് ശേഷം അടുത്തയാള്‍ക്ക് പങ്കാളിയാകാം. അതുപോലെ പച്ചക്കറികളും പലവ്യജ്ഞനങ്ങളുമാണ് നല്‍കാനുദ്ദേശിക്കുന്നതെങ്കില്‍ അവയും സ്വീകരിക്കപ്പെടും. കഴിച്ച ഭക്ഷണത്തിന്റെ ചാര്‍ജ്ജിന് പുറമെ അധിക തുക നമ്മള്‍ നല്‍കുകയാണെങ്കില്‍ നമ്മള്‍ അറിയാത്ത, നമ്മളെ അറിയാത്ത ഏതോ ഒരാളുടെ വിശപ്പകലും.

anchappam-4ചിലപ്പോള്‍ ഹോട്ടലും ചിലപ്പോള്‍ വീടും മറ്റ് ചിലപ്പോള്‍ വായനശാലയുമാണ് ഈ ഭക്ഷണശാല. പകല്‍ സമയത്തെ ഭക്ഷണശാല വൈകുന്നേരങ്ങളില്‍ വായനശാലയ്ക്ക് വഴി മാറും. കൂടാതെ ആത്മീയ സംഗമങ്ങളും ചര്‍ച്ചകളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കാനാണ് അഞ്ചപ്പത്തിന്റെ ലക്ഷ്യം. വിശക്കുന്ന വയറിന് ഭക്ഷണം നല്‍കുന്ന അതേ സന്തോഷത്തോടെ ഇവിടെ അറിവും സംസ്‌കാരങ്ങളും പങ്ക് വയ്ക്കപ്പെടുന്നു. അഞ്ച് മണിക്ക് ശേഷം വായനശാലയില്‍ വന്ന് പുസ്തകം വായിക്കാം; വായിച്ചു കൊടുക്കാം. പുസ്തകങ്ങള്‍ നല്‍കുന്നതിലും പങ്കാളികളാകാം. ഇവിടെ ജോലിക്കാരില്ല; ഉള്ളത് ഒരു ദൗത്യത്തിലെ അംഗങ്ങളാണ്. സന്മനസ്സുള്ളവര്‍ക്ക് അടുക്കളയില്‍ സഹായിക്കാനുള്ള അവസരവുമുണ്ട്.

സസ്യാഹാരമാണ് ഇവിടെ വിളമ്പുന്നത്. ഒരു കാര്യത്തില്‍ മാത്രമേ അഞ്ചപ്പം നിബന്ധന വയ്ക്കുന്നുള്ളൂ. വിളമ്പുന്ന ആഹാരം മിച്ചം വയ്ക്കാന്‍ പാടില്ല. വിശപ്പ് അടങ്ങിയതിന് ശേഷം മാത്രമേ മനുഷ്യന് സംസ്‌കാരങ്ങളും ചിന്തകളും സംഭവിക്കുന്നുള്ളൂ എന്ന് അഞ്ചപ്പം ട്രസ്റ്റ് പിആര്‍ഒ ലൂയിസ് അബ്രാഹം പറയുന്നു. വിദേശ മലയാളിയായ ബേബി സാമാണ് ട്രസ്റ്റിന്റെ പ്രസിഡന്റ്. ആലപ്പുഴ സ്വദേശി എ.ജെ. സെബാസ്റ്റ്യൻ സെക്രട്ടറി. ബോബിയച്ചന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കൂടെ നില്‍ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇവരെല്ലാം. വിശപ്പ് ഒരു സത്യമാവുകയും അറിവ് സര്‍വ്വധനത്തേക്കാള്‍ പ്രധാനമാകുകയും ചെയ്യുമ്പോള്‍ ഇവിടെ ‘അറിവും അന്നവും ആദരവോടെ’ വിളമ്പുന്നു.

അഞ്ചപ്പത്തില്‍ പങ്കാളികളാകാന്‍ ഈ നമ്പറില്‍ വിളിക്കാം: ലൂയിസ് അബ്രാഹം 9495212792

സുമം തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.