ആഗമനകാലം രണ്ടാം ഭാഗം

ആഗമനകാലം യേശുക്രിസ്തുവിന്റെ ജനത്തിനു വേണ്ടി ആത്മീയമായി ഒരുങ്ങുവാനുള്ള സമയമാണ്. ആഗമനകാലം ഒരു ആത്മീയ ആഘോഷത്തിന്റെ സമയമാണ്, പ്രാർത്ഥന, അനുതാപം, ഉപവാസം എന്നിവ വഴി മനുഷ്യനായി അവതരിച്ച യേശുക്രിസ്തുവിനു വീണ്ടും നാം സ്വാഗതമേകുമ്പോൾ സന്തോഷവും, സമധാനവും പ്രത്യാശയും നമുക്കു കൈമുതലായി ലഭിക്കുന്നു

ആഗമനകാലം അഥവാ Advent പുതിയ ആരാധനക്രമ വത്സരത്തിന്റെ ആരംഭം

പാശ്ചാത്യ സഭയിൽ ക്രിസ്തുമസ് ദിനത്തിനു മുമ്പു നാലു ഞായറാഴ്ച മുമ്പാണു ആഗമനകാലം ആരംഭിക്കുന്നത്. ക്രിസ്തുമസ് രാവു ഞായറാഴ്ച വരുകയാണങ്കിൽ അതു നാലാമത്തെ ആഗമന ഞായറാണ്. പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ ജൂലിയൻ കലണ്ടർ ഉപയോഗിക്കുന്നതിനാൽ അതു നവംബർ 15 നു ആരംഭിക്കുകയും അവ 40 ദിവസം നീണ്ടു നിൽക്കുകയും ചെയ്യുന്നു. പൗരസ്ത്യ കത്തോലിക്കാ സഭകളിലും ഓർത്തഡോക്സ് സഭകളിലും ആഗമന കാലം ക്രിസ്തുമസിനൊരുക്കമായുള്ള നോമ്പുകാലമാണിത്.

ആഗമന കാലം ആഘോഷിക്കുന്ന ക്രൈസ്തവ സഭകൾ

കത്തോലിക്കാ സഭാ
ഓർത്തഡോക്സ് സഭകൾ
ആംഗ്ലിക്കൻ സഭ
എപ്പിസ്‌കോപ്പാലിയൻ സഭകൾ
ലൂതറൻ സഭ
മെത്തഡിസ്റ്റു സഭ
പ്രെസ്ബിബിറ്റേരി യൻ സഭ
ഇന്നു പല പ്രൊട്ടസ്റ്റു സഭകളും ഇവാഞ്ചെലിക്കൽ സഭകളും ആഗമന കാലത്തിന്റെ ആത്മീയ പ്രാധാന്യം മനസ്സിലാക്കി പല ആഗമനപരമ്പര്യങ്ങളും ആ സഭകളുടെ ആരാധനാക്രമങ്ങളിൽ ഉൾപ്പെടുത്തുന്നു

ആഗമന കാലത്തിന്റെ ഉത്ഭവം

കാത്തലിക്ക് എൻസൈക്ലോപീഡിയോ അനുസരിച്ച് എപ്പിഫനി അഥവാ ദനഹാ തിരുനാളിനൊരുക്കമായി നാലാം നൂറ്റാണ്ടു മുതലാണ് ആഗമന കാലം ആഘോഷിക്കാൻ തുടങ്ങിയത്. അല്ലാതെ ക്രിസ്തുമസിനൊരുക്കമായിരുന്നില്ല. ചില ക്രൈസ്തവസഭകൾ പൗരസ്ത്യ ദേശത്തു നിന്നു വന്ന ജ്ഞാനികൾ ക്രിസ്തുവിനെ സന്ദർശിച്ചതു എപ്പിഫനി തിരുനാളിൽ ഓർക്കുമ്പോൾ, മറ്റു ചില സഭകൾ ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തെ അനുസ്മരിക്കുന്നു. അതിനാൽ ഈ സമയത്തു വിശ്വാസികളെ മാമ്മോദീസാ നൽകി സഭയിൽ സ്വീകരിക്കുന്ന പതിവ് ചില സഭാ പാരമ്പര്യങ്ങളിലുണ്ട്.

ആറാം നൂറ്റാണ്ടിൽ മഹാനായ ഗ്രിഗറി മാർപാപ്പയുടെ കാലത്താണ് ആഗമന കാലം ക്രിസ്തുവിന്റെ ആഗമനവുമായി ബന്ധപ്പെടുത്തുന്ന പാരമ്പര്യം സഭയിൽ ഉത്ഭവിച്ചത്. യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ ജനനുമായിട്ടല്ല, ക്രിസ്തുവിന്റെ രണ്ടാം വരവുമായി ബന്ധിച്ചാണ് Advent ആഘോഷിച്ചു തുടങ്ങിയത്. മധ്യ നൂറ്റാണ്ടുകളിലേക്കു വന്നപ്പോൾ ക്രിസ്തുവിന്റെ ജനനവുമായും, സമയത്തിന്റെ പൂർണ്ണതയിലുള്ള ക്രിസ്തുവിന്റെ രണ്ടാം വരവുമായും, ആഗമനകാലത്തെ ബന്ധിപ്പിച്ചു.

Advent റീത്ത്

ആഗമന കാലത്തു Advent റീത്തിൽ തിരി കത്തിക്കുന്ന പാരമ്പര്യം പതിനാറാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ആരംഭിച്ചതാണ്. ഈ റീത്തിൽ സാധാരണ നാലോ അഞ്ചോ തിരികളാണ് ഉള്ളത്. ആഗമന കാലത്തിലെ ഓരോ ഞായറാഴ്ചയും ഓരോ തിരി കത്തിക്കും

Advent നിറങ്ങൾ

advent മെഴുകുതിരികൾക്കു മൂന്നു നിറങ്ങളാണുള്ളത്. purple (നീലലോഹിതം ), pink (ഇളം ചുവപ്പ് ), white (വെള്ള). പർപ്പിൾ നിറം അനുതാപത്തെയും രാജത്വത്തെയും സൂചിപ്പിക്കുമ്പോൾ, പിങ്കു നിറം ആനന്ദത്തെയും സന്തോഷത്തെയും പ്രതിനിധീകരിക്കുന്നു. പരിശുദ്ധിയെയും പ്രകാശത്തെയും വെള്ള നിറം സൂചിപ്പിക്കുന്നു. ഓരോ മെഴുകു തിരികൾക്കു പ്രത്യേക പേരുണ്ട്, ഒന്നാമത്തെ പർപ്പിൾ മെഴുകുതിരി പ്രവാചന മെഴുകുതിരി (Prophecy Candle) അല്ലങ്കിൽ പ്രത്യാശയുടെ തിരി എന്നറിയപ്പെടുമ്പോൾ. രണ്ടാമത്തെ പർപ്പിൾ തിരി ബെദ്ലേഹം തിരി ( Bethlehem Candle ) അല്ലങ്കിൽ ഒരുക്കത്തിന്റെ തിരി എന്താണ് അറിയപ്പെടുക. പിങ്കു നിറത്തിലുള്ള തിരി ആട്ടിടയന്മാരുടെ തിരി (Shepherd Candle) അഥവാ സന്തോഷത്തിന്റെ തിരി എന്നറിയപ്പെടും. നാലാമത്തെ പർപ്പിൾ തിരി മാലാഖമാരുടെ തിരി (Angel Candle) അല്ലെങ്കിൽ സ്നേഹത്തിന്റെ തിരി എന്നനറിയപ്പെടുന്നു. അഞ്ചാമത്തെ വെള്ളത്തിരിയെ ക്രിസ്തുവിന്റെ തിരി എന്നാണ് വിളിക്കുക.

ചില സഭാ പാരമ്പര്യങ്ങളിൽ ആൽഫയും ഒമേഗയും Advent പ്രതീകങ്ങളാണ്. ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്‌.(വെളിപാട്‌ 1:8)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.