തണ്ണീര്‍ താണ്ടി വരുവായാ? പുളിങ്കുന്ന് പള്ളിയില്‍ നിന്ന് ഒരു മറുപടി

“ആകാശത്തിലെ വെണ്‍ മേഘങ്ങളേ കീറി മുറിച്ചു നീ എനിക്കായി വരുമോ” എന്ന ജെസ്സിയുടെ ചോദ്യത്തിന് കാര്‍ത്തിക് ഒന്നും മിണ്ടിയില്ല. പകരം അയാള്‍ എത്തി. തനിക്ക് ഏറെ പ്രിയപ്പെട്ട ജെസ്സിയുടെ നാട്ടിലേക്ക്.  കേരളത്തിന്‍റെ തനതു പാരമ്പര്യം തുളുമ്പുന്ന കുട്ടനാടിലെ പുളിങ്കുന്ന് എന്ന സ്ഥലത്തേക്ക്. വെള്ളത്താല്‍ ചുറ്റപ്പെട്ട ആ പ്രദേശത്ത് എങ്ങും സന്തോഷമാണ്.  ജെസ്സിയുടെ ചിരി പോലെ സുന്ദരമായ ആ പള്ളിയില്‍ ഏറെ ഹൃദയമിടിപ്പോടെ കാര്‍ത്തിക് കാത്തിരിക്കുകയാണ്. തന്റെ പ്രിയതമയെ നഷ്ടമാകുമോ എന്ന വേദനയില്‍ അയാള്‍ അസ്വസ്ഥനായി ഇരിക്കുകയാണ്. അപ്പോഴാണ്‌ അവളുടെ മറുപടി.

പിന്നെ അങ്ങോട്ട് സന്തോഷത്തിന്റെ നിമിഷങ്ങളാണ്. അവരുടെ സ്നേഹവും സന്തോഷവും ഒക്കെ വീണ്ടെടുത്ത  പുളിങ്കുന്ന് സെന്റ്‌ മേരീസ് ഫൊറോന ദേവാലയം, ഇന്നും കണ്ണുകളില്‍ നിന്ന് അകന്നിട്ടില്ല. തനിക്ക് ജെസ്സിയെ നഷ്ടപ്പെട്ടില്ല എന്ന് അറിഞ്ഞ ആ നിമിഷം കാര്‍ത്തിക്കിന് സമ്മാനിച്ചത് സെന്റ്‌ മേരീസ് ഫൊറോന  ദേവാലയമാണ്.

‘വിന്നൈ താണ്ടി വരുവായോ’ എന്ന ഗൌതം വാസുദേവ് മേനോന്റെ ചിത്രത്തില്‍ ജെസ്സിയുടെയും കാര്‍ത്തിക്കിന്റെയും ജീവിതത്തില്‍ ഒരു നല്ല നാളെയുടെ പ്രതീക്ഷ നല്‍കിയ ആ ദേവാലയം ഇന്ന് അഭ്രപാളികള്‍ക്കിപ്പുറം യഥാര്‍ത്ഥ ജീവിതത്തിലും പ്രതീക്ഷ നിറയ്ക്കുകയാണ്. ഇതൊക്കെ സിനിമയും കഥയും അല്ലേ എന്ന ചോദ്യം ആരായുന്നവരോട്, ഈ ദേവാലയത്തിന് ഇപ്പോള്‍ ചായം പൂശാത്ത കനിവിന്‍റെ അനുഭവങ്ങള്‍ പറയാനുണ്ട് എന്നേ മറുപടി പറയാനുള്ളൂ.

ഒരു ആഴ്ചയായി കേരളത്തില്‍ തുടരുന്ന ശക്തമായ മഴയില്‍, ആ ജലാശയങ്ങള്‍ താണ്ടി സഹായം എത്തിക്കുന്ന ആ പള്ളിയിലെ വൈദികരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്.

ഒഴുകി അകലില്ല ഈ സഹായ ഹസ്തങ്ങള്‍ 

വെള്ളത്താല്‍ ചുറ്റപ്പെട്ട കേരളീയത തുളുമ്പുന്ന പ്രദേശം. ചുറ്റും സഞ്ചരിക്കാന്‍ ചെറു വള്ളങ്ങള്‍ തന്നെയാണ് മാര്‍ഗം. പച്ചപ്പും ഹരിതാഭയും വേണ്ടുവോളം ഉള്ളതുകൊണ്ടാവാം, വെള്ളിതിരയ്ക്ക് ഏറെ പ്രിയപ്പെട്ട ഒരു ഷൂട്ടിംഗ് ലൊക്കേഷന്‍ തന്നെയാണ് ഇത്. ആലപ്പുഴയിലെ ഒരു കൊച്ചു ദ്വീപായ പുളിങ്കുന്ന് എന്ന പ്രദേശം എന്നാല്‍ ഇന്ന് ദുരിതത്തിലാണ്.  ഒരു ആഴ്ചയായി തുടരുന്ന കനത്ത മഴയില്‍ മധ്യകേരളം മുങ്ങി നില്‍ക്കുകയാണ്. മധ്യകേരളത്തിലെ കോട്ടയം, ആലപ്പുഴ പോലെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായ അവസ്ഥയിലാണ്. ശമിക്കാതെ മഴ തുടരുന്നതിനാല്‍ തന്നെ വീടുകള്‍ തകരുകയും മറ്റുള്ളവ പൂര്‍ണമായും വെള്ളത്തിനടിയില്‍ ആവുകയും ചെയ്തു.

പുളിങ്കുന്നിലെ അവസ്ഥയാവട്ടെ വളരെ ശോചനീയവും. വീടുകളില്‍ വെള്ളം കയറി ജീവിക്കാന്‍ കഴിയാത്ത അവസ്ഥ. ഒരാള്‍ പൊക്കത്തോളം എത്തി നില്‍ക്കുന്ന മഴ; വെള്ളത്തില്‍ വീടുകളില്‍ മുങ്ങി. ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്ത സാഹചര്യം.

ആദ്യമൊക്കെ വീടുകളില്‍ വെള്ളം കയറിയെങ്കിലും ഭക്ഷണം പാകം ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ പിന്നീട് അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലുമുള്ള സാധ്യതകള്‍ ഇല്ലാതിരുന്നതിനാല്‍ സെന്റ്‌  മേരീസ് ഫൊറോന ദേവാലയം ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിച്ചു. സഹായം ആവശ്യമുള്ള കുടുംബങ്ങളിലേക്ക്‌ അഞ്ചു കിലോ അരിയും പയറ്, പരിപ്പ് തുടങ്ങിയ മറ്റു പലവ്യഞ്ജനങ്ങളും അതിനൊപ്പം നല്‍കി. പിന്നീട് അതിനും പറ്റാതായി. ഭക്ഷണം പാകം ചെയ്യാന്‍ കഴിയാതെ ആയതോടു കൂടി, കാര്യങ്ങള്‍ കൂടുതല്‍ മോശപ്പെട്ടു.

വീടുകളില്‍ താമസിക്കാനും ഭക്ഷണം പാകം ചെയ്യാനും കഴിയതായതോടു കൂടി ദേവാലയം കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. പള്ളിയുടെ പാരീഷ് ഹാള്‍ ജനങ്ങള്‍ക്കായി തുറന്നു, താല്‍ക്കാലിക താമസ സൗകര്യങ്ങള്‍ ഒരുക്കി. ഭക്ഷണം പാകം ചെയ്യാനായി പള്ളിയുടെ അടുക്കള നല്‍കുകയും ചെയ്തു.

ആളുകള്‍ക്ക് താമസിക്കാന്‍ കഴിയാവുന്ന വീടുകളില്‍ ഭക്ഷണം എത്തിക്കുകയാണ് ഇപ്പോഴത്തെ പരിപാടി.  സെന്റ്‌ മേരീസ് ഫൊറോനയിലെ വികാരി ഫാ. മാത്യു ചൂരവടിയുടെയും അസിസ്റ്റന്‍റ്റ് വികാരി ഫാ. ജിസണ്‍ പോള്‍ വേങ്ങാശേരിയുടെയും  നേതൃത്വത്തില്‍ നടത്തുന്ന ഭക്ഷണ വിതരണം 3000 കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. 500 പായ്ക്കെറ്റ് ബ്രെഡ്ഡും  ഒപ്പം ജാമും, 500  പായ്ക്കറ്റ് ബിസ്ക്കറ്റ്, നേന്ത്രപഴം തുടങ്ങിയവയുമാണ് ഇന്ന് നല്‍കിയത്. പുളിങ്കുന്ന് വലിയ പള്ളിയിലെ യുവദീപ്തി – എസ്. എം. വൈ. എം(SMYM) അംഗങ്ങളായ കുട്ടികളും വൈദികരും ചേര്‍ന്നാണ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എത്തിക്കുന്നത് മറ്റും.

ഒരു നാടിന്റെ ദുരിതത്തില്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഈ ദേവാലയം കഥയില്‍ മാത്രമല്ല ജീവിതത്തിലും ഒരു നല്ല മാതൃകയാണ്.

സഹകരിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക
Fr. Jison Paul Vengassery
Asst. Vicar St. Mary’s Forane Church Pulincunnoo
+91 9495440849

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.